Skip to main content

ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്റെ അറസ്റ്റില്‍ ബി.ജെ.പിയെ വിമര്‍ശിച്ച് മഹാരാഷ്ട്ര മന്ത്രി ഛഗന്‍ ഭുജ്ബല്‍. ഷാരൂഖ് ഖാന്‍ ബി.ജെ.പിയില്‍ ചേരുകയാണെങ്കില്‍ മയക്കുമരുന്ന് പഞ്ചസാരപ്പൊടിയാകുമെന്നായിരുന്നു ഛഗന്‍ ഭുജ്ബലിന്റെ പ്രസ്താവന. ഗുജറാത്ത് തുറമുഖത്തുനിന്ന് 21000 കോടിയുടെ ലഹരി മരുന്ന് കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം നടത്താതെ കേന്ദ്ര ഏജന്‍സിയായ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഷാരൂഖ് ഖാന് പിന്നാലെയാണെന്നും മുതിര്‍ന്ന എന്‍.സി.പി നേതാവ് കൂടിയായ മന്ത്രി വിമര്‍ശിച്ചു.

മഹാരാഷ്ട്രയില്‍ എന്‍.സി.പിയുടെ പൊതുസമ്മേളനത്തില്‍ സംസാരിക്കവെയായിരുന്നു പ്രതികരണം. പിന്നോക്ക വിഭാഗങ്ങള്‍ക്ക് സംവരണം നല്‍കുന്നതിന് ബി.ജെ.പി എതിരാണെന്നും ഛഗന്‍ ഭുജ്ബല്‍ ആരോപിച്ചു. ഒ.ബി.സി ക്വോട്ടയുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര സര്‍ക്കാര്‍ പാസാക്കിയ ഓര്‍ഡിനന്‍സിനെതിരെ ഒരു ബി.ജെ.പി നേതാവ് കോടതിയെ സമീപിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം.