ഇന്ത്യയിലെ കര്‍ഷകര്‍ക്ക് നേരെ സര്‍ക്കാര്‍ നടത്തിയ ആക്രമണമാണ് ലഖിംപൂരില്‍ കണ്ടതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സംഘര്‍ഷത്തിന്റെ ആസൂത്രകനായ കേന്ദ്രമന്ത്രിക്കെതിരെ ഇതുവരെ നടപടിയെടുത്തിട്ടില്ല. രാജ്യത്തെ കര്‍ഷകര്‍ക്ക് നേരെ പലതരത്തിലുള്ള ആക്രമണങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും ഡല്‍ഹിയില്‍ എ.ഐ.സി.സി ആസ്ഥാനത്ത് മാധ്യമങ്ങളെ കണ്ട രാഹുല്‍ ഗാന്ധി പറഞ്ഞു. ഇന്ന് വൈകുന്നേരം നാല് മണിയോടെ ലഖിംപൂരിലെത്താനാണ് രാഹുലിന്റെ പദ്ധതി. എന്നാല്‍ അദ്ദേഹത്തെ വിമാനത്താവളത്തിന് പുറത്തേക്ക് കടക്കാന്‍ യു.പി പോലീസ് അനുവദിക്കുമോ എന്നാണ് ഇനി അറിയാനുള്ളത്.
ലഖിംപൂര്‍ സന്ദര്‍ശിക്കാന്‍ അനുമതി തേടി കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് യു.പി സര്‍ക്കാരിനെ സമീപിച്ചിരുന്നു. എന്നാല്‍ സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചതിനാല്‍ സന്ദര്‍ശനത്തിന് അനുമതി നല്‍കാനാവില്ലെന്ന് യു.പി സര്‍ക്കാര്‍ മറുപടി നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് മൂന്ന് പേരുമായി ലഖീംപൂര്‍ സന്ദര്‍ശിക്കുമെന്ന് രാഹുല്‍ പ്രഖ്യാപിച്ചത്.
അറസ്റ്റിലായ പ്രിയങ്ക ഗാന്ധി സീതാ പുരിലെ പോലീസ് കേന്ദ്രത്തില്‍ തുടരുകയാണ്. ലഖിംപൂര്‍ സന്ദര്‍ശിക്കാതെ മടങ്ങില്ലെന്ന നിലപാടിലാണ് പ്രിയങ്ക. ആരോപണ വിധേയനായ കേന്ദ്ര സഹമന്ത്രി അജയ് മിശ്ര രാജി വയ്ക്കും വരെ പ്രതിഷേധം തുടരാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.