താലിബാന്‍ സര്‍ക്കാരിനെ ഉടന്‍ അംഗീകരിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍. താലിബാനുമായി ഇന്ത്യ ചര്‍ച്ച തുടങ്ങിയെങ്കിലും ഇത് അനൗദ്യോഗിക സംഭാഷണം മാത്രമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. സര്‍ക്കാരിനെ തല്ക്കാലം അംഗീകരിക്കേണ്ടതില്ല എന്നാണ് ഉന്നതതലത്തിലെ ധാരണ. പ്രധാനമന്ത്രി നേരിട്ട് മുല്ല ബരാദറിനോട് സംസാരിക്കുന്നതോ അഭിനന്ദന സന്ദേശം നല്‍കുന്നതോ ഒഴിവാക്കും. താലിബാന്‍ സര്‍ക്കാരിന്റെ നിലപാട് എന്താവും എന്നാണ് ഇന്ത്യ ഉറ്റുനോക്കുന്നത്.
ഭീകരവാദത്തിനെതിരെ അഫ്ഗാനിലെ പുതിയ സര്‍ക്കാര്‍ എന്തു നിലപാട് എടുക്കും എന്നതും അറിയേണ്ടതുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. അഫ്ഗാനിസ്ഥാനില്‍ ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകളില്‍ പങ്കാളിയാണെന്ന സൂചന പാകിസ്ഥാന്‍ നല്‍കിക്കഴിഞ്ഞു. പാക് ചാരസംഘടനയായ ഐ.എസ്.ഐയുടെ ഉദ്യോഗസ്ഥര്‍ കാബൂളിലുണ്ടെന്നാണ് സൂചന. അഫ്ഗാനിസ്ഥാന്റെ പുതിയ സൈന്യത്തെ പരിശീലിപ്പിക്കുമെന്ന് പാകിസ്ഥാന്‍ സൈന്യവും പറയുന്നു.
താലിബാന് പിന്നില്‍ ഒരു സമയത്ത് പാകിസ്ഥാനായിരുന്നു എന്ന് വിദേശകാര്യ സെക്രട്ടറി ഹര്‍ഷവര്‍ദ്ധന്‍ ശ്രിംഗ്‌ള ന്യൂയോര്‍ക്കില്‍ പറഞ്ഞു. പാക് കേന്ദ്രീകൃത ഭീകരസംഘടനകളോടുള്ള പുതിയ സര്‍ക്കാരിന്റെ നിലപാട് നിരീക്ഷിക്കുമെന്നും വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കി. ഇപ്പോള്‍ അഫ്ഗാനിസ്ഥാനിലുള്ള ഇന്ത്യക്കാരുടെ സുരക്ഷ കൂടി ഉറപ്പാക്കാനുള്ള കരുതലോടെയാവും ഇന്ത്യയുടെ അടുത്ത നീക്കങ്ങള്‍.