Skip to main content

മാധ്യമ വാര്‍ത്തകള്‍ ശരിയാണെങ്കില്‍ പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ ഗൗരവമുള്ള വിഷയമാണെന്ന് സുപ്രീംകോടതി. കേസ് മുന്നോട്ട് കൊണ്ട് പോകാന്‍ കൂടുതല്‍ തെളിവുകള്‍ ആവശ്യമാണെന്നും കോടതി പറഞ്ഞു. ഫോണ്‍ ചോര്‍ത്തിയതില്‍ ആരെങ്കിലും പരാതി നല്‍കിയിട്ടുണ്ടെങ്കില്‍ അത് വ്യക്തമാക്കണമെന്നും കോടതി പറഞ്ഞു. അടുത്ത ചൊവ്വാഴ്ച ഹര്‍ജി വീണ്ടും പരിഗണിക്കും.

മാധ്യമ പ്രവര്‍ത്തകരായ ശശികുമാര്‍, എന്‍ റാം, ജോണ്‍ ബ്രിട്ടാസ്, ഫോണ്‍ ചോര്‍ത്തലിന് ഇരകളായ അഞ്ച് മാധ്യമ പ്രവര്‍ത്തകര്‍, എഡിറ്റര്‍മാരുടെ സംഘടനയായ എഡിറ്റേഴ്‌സ് ഗില്‍ഡ് എന്നിവരുടേയൊക്കെ ഹര്‍ജികളാണ് ഇന്ന് കോടതിക്ക് മുന്നിലെത്തിയത്. മാധ്യമ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണ് നടന്നതെന്നും ഇത് ഭരണഘടന അവകാശങ്ങളുടെ ലംഘനമാണെന്നുമായിരുന്നു ഹര്‍ജികളിലെ വാദം. 

എന്‍.എസ്.ഒ പെഗാസസ് ചാരസോഫ്റ്റ്‌വെയര്‍ വില്‍ക്കുന്നത് സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് മാത്രമാണെന്ന് എന്‍ റാമിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയില്‍ വാദിച്ചു. റിപ്പോര്‍ട്ടുകളുടെ ആധികാരികത എന്താണെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രധാനപ്പെട്ട ചോദ്യം. ചോര്‍ത്തല്‍ നടന്നെങ്കില്‍ ക്രിമിനല്‍ കേസ് എന്ത് കൊണ്ട് നല്‍കിയില്ലെന്ന് കോടതി ചോദിച്ചപ്പോള്‍ പെഗാസസ് വാങ്ങിയോ ഇല്ലയോ എന്ന ചോദ്യത്തിന് കേന്ദ്ര സര്‍ക്കാരിന് മാത്രമേ ഉത്തരം പറയാനാവൂ എന്നായിരുന്നു മുതിര്‍ന്ന അഭിഭാഷകന്റെ മറുപടി. ഒരു റിപ്പബ്ലിക്ക് എന്ന നിലയില്‍ രാജ്യത്തിന്റെ അസ്ഥിത്വത്തിന് തന്നെ ഭീഷണിയാണ് പെഗാസസെന്നും സിബല്‍ വാദിച്ചു. വലിയ സാമ്പത്തിക വിനിയോഗം ഇതിന് വേണ്ടി നടന്നിട്ടുണ്ടെന്നും സിബല്‍ കോടതിയില്‍ ആരോപിച്ചു. 

സുപ്രീംകോടതി മുന്‍ ജഡ്ജി അരുണ്‍ മിശ്രയുടെയും അഭിഭാഷകരുടെയും ജുഡീഷ്യല്‍ ഉദ്യോഗസ്ഥരുടെയും ഫോണുകള്‍ നിരീക്ഷണത്തിലാക്കി എന്ന വെളിപ്പെടുത്തല്‍ ഇന്നലെ പുറത്തുവന്നിരുന്നു.