Skip to main content

ദൃശ്യം രണ്ട് ആമസോണ്‍ പ്രൈമില്‍ കണ്ട് കഴിഞ്ഞ പലരും പറഞ്ഞ അഭിപ്രായമിതാണ് 'ഈ ചതി ഞങ്ങളോട് വേണ്ടായിരുന്നു '. സമൂഹമാധ്യമങ്ങളിലും ഇതേ അഭിപ്രായം രേഖപ്പെടുത്തുന്നവര്‍ കുറവല്ല. സംഭവമിതാണ് ഇത്രയും മികച്ചൊരു ചിത്രം തിയേറ്ററിലൂടെ തന്നെ പുറത്തിറങ്ങണമായിരുന്നു എന്നാണ് അവര്‍ പറയുന്നത്. ഓണ്‍ലൈന്‍ റിലീസായിട്ടുപോലും പ്രേക്ഷകര്‍ക്കിടയില്‍ ഈ സിനിമ ഉണ്ടാക്കിയിഷരിക്കുന്ന ഓളം എന്തുമാത്രമാണ്. ഇന്നേവരെ ഒ.ടി.ടിയെ പരിഗണിക്കാത്തവര്‍പോലും പ്രേക്ഷക പ്രതികരണം കണ്ട് ആമസോണ്‍ പ്രൈമില്‍ അംഗത്വമെടുത്ത് പടം കണ്ടു, ഇപ്പോഴും കണ്ടുകൊണ്ടിരിക്കുന്നു. അപ്പോള്‍ ഈ ചിത്രം തിയേറ്ററിലൂടെ പുറത്ത് വന്നിരുന്നെങ്കില്‍ എന്താകുമായിരുന്നു അവസ്ഥ. മലയാള സിനിമാ ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ല് കൂടി പിറക്കുമായിരുന്നു. നിര്‍ഭാഗ്യവശാല്‍ കോവിഡതിന് വഴിമുടക്കി. 

എന്നിരുന്നാലും ഒ.ടി.ടിയിലൂടെ ജൈത്രയാത്ര തുടരുകയാണ് ദൃശ്യം രണ്ട്. സിനിമ ഇറങ്ങുന്നതിന് മുമ്പ് നടന്ന പല അഭിമുഖങ്ങളിലും സംവിധായകന്‍ ജിത്തു ജോസഫ് ആവര്‍ത്തിച്ച് പറഞ്ഞ ഒരു കാര്യമുണ്ട്. ദൃശ്യം രണ്ടിനെ ദൃശ്യം ഒന്നുമായി താരതമ്യം ചെയ്യരുത്, ഇതൊരു വലിയ സിനിമയൊന്നുമല്ല, അമിതപ്രതീക്ഷയൊന്നും വേണ്ട എന്ന്. ദൃശ്യം രണ്ടിലെ ട്വിസ്റ്റുകള്‍ വച്ച് നോക്കിയാല്‍ ജിത്തു ജോസഫ് ഒരുമുഴം മുമ്പേ എറിഞ്ഞതാണോ എന്ന് കരുതിപ്പോകും. കാരണം ദൃശ്യം ഒന്നിനേക്കാള്‍ പ്രേക്ഷകരെ ത്രില്ലടിപ്പിച്ച് പിടിച്ചിരുത്തുന്നത് ദൃശ്യം രണ്ടാണ്. മലയാള സിനിമ കണ്ടതില്‍ വച്ച് ഏറ്റവും മികച്ച ക്രൈം ത്രില്ലറായി ഈ ചിത്രത്തെ വിശേഷിപ്പിക്കുന്നതിലും തെറ്റുപറയാനില്ല. അത്രയ്ക്ക് സൂക്ഷ്മതയോടെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംഘട്ടന രംഗങ്ങളോ, അമിതസാങ്കേതിക വിദ്യകളോ, വിലയ ലൊക്കേഷനുകളോ ഒന്നും ഉള്‍പ്പെടുത്താത്ത ഒരു ക്രൈം ത്രില്ലര്‍ ഇതുപോലെ ഹിറ്റാകണമെങ്കില്‍ മികച്ച തിരക്കഥയും സംവിധാനവും അനിവാര്യതയാണ്.

ദൃശ്യം ഒന്നില്‍ വരുണിന്റെ കൊലപാതവും മൃതദേഹം ഒളിപ്പിക്കലുമാണ് പ്രതിപാതിച്ചിരുന്നതെങ്കില്‍, രണ്ടാം ഭാഗത്തില്‍ ആ മൃതദേഹത്തിന്റെ ശേഷിപ്പുകള്‍ക്കായുള്ള അന്വേഷണമാണ്. അതും പതിവ് കുറ്റാന്വേഷണ രീതികളില്‍ നിന്ന് മാറി. ചിത്രത്തിന്റെ ആദ്യപകുതി ഒരു കളമൊരുക്കലാണ്. രണ്ടാം പകുതിയിലെ ഉദ്വേഗത്തിലേക്കും അത്യുഗ്രന്‍ ട്വിസ്റ്റുകളിലേക്കുമുള്ള കളമൊരുക്കല്‍. രണ്ടാം പകുതി പുരോഗമിക്കുമ്പോള്‍
ജോര്‍ജുട്ടി പെട്ടു, അതോടെ എല്ലാം അവസാനിച്ചു എന്ന് ഒരു നിമിഷം പ്രേക്ഷകര്‍ ചിന്തിച്ചുപോകും. പക്ഷേ സിനിമയില്‍ പറയുന്നതുപോലെ എന്തോ വലിയ ഒന്നിന്റെ തുടക്കമായിരുന്നു അതെന്ന് പടം തീരുമ്പോഴാണ് മനസ്സിലാവുക.

മോഹന്‍ലാലിന്റെ മറ്റൊരു ക്ലാസ് പ്രകടനം കൂടിയാണ് ഈ സിനിമ. ആദ്യ ഷോട്ടുമുതല്‍ അവസാന ഷോട്ടുവരെ ജോര്‍ജ്കുട്ടി നമ്മെ വല്ലാതങ്ങ് അടുപ്പിക്കും. ദൃശ്യം ഒന്നില്‍ തന്നെ പോലും അമ്പരപ്പിച്ചുകൊണ്ട് മോഹന്‍ലാല്‍ ഒരു മുഖഭാവം പുറത്തെടുത്തിതിനെ കുറിച്ച് ജിത്തുജോസഫ് പലപ്പോഴും പറഞ്ഞിട്ടുണ്ട്. രണ്ടാം ഭാഗത്തിലും അതുപോലെ ഒന്ന് രണ്ട് രംഗങ്ങളുണ്ട്. ഒപ്പം എടുത്ത് പറയേണ്ടത് പോലീസ് ഓഫീസറായി വേഷമിട്ട മുരളി ഗോപിയുടെ പ്രകടനമാണ്. മോഹന്‍ലാല്‍ കഴിഞ്ഞാല്‍ ഈ സിനിമയുടെ ഗതിയില്‍ നിര്‍ണായക പങ്ക് വഹിക്കുന്നത് മുരളി ഗോപിയാണ്. ഇതുവരെ കണ്ട് ശീലിച്ച പോലീസ് മുഖങ്ങളേക്കാള്‍ പുതുമയും ഗാംഭീര്യവുമെല്ലാം അദ്ദേഹത്തിലൂടെ കിട്ടുന്നുണ്ട്. അദ്ദേഹത്തിന്റെ പല സംഭാഷണങ്ങളും ഇതിനോടകം വൈറലായിക്കഴിഞ്ഞു. 

സംവിധാനത്തിനും തിരക്കഥയ്ക്കും പുറമേ കാസ്റ്റിങ്ങിലും ജിത്തു ജോസഫിന് കൈകൊടുക്കണം. കോമഡിസ്‌കിറ്റുകളിലൂടെ കഴിവ് തെളിയിച്ച രണ്ട് പേരെ നിര്‍ണായക റോളുകളില്‍ ഉള്‍പ്പെടുത്താനും ജിത്തു ജോസഫ് തയ്യാറായി. വലിയ പ്രതീക്ഷയുമായി വരുന്ന സിനിമയുടെ ഒപ്പണിങ് സീന്‍ തന്നെ അത്തമൊരാള്‍ക്കാണ് കൊടുത്തത്. അജിത് കൂത്താട്ടുകുളത്തിന്. മറ്റൊരാള്‍ പോലീസ് വേഷത്തിലെത്തിയ സുമേഷ് ചന്ദ്രനാണ്. സിനിമയിലെ മുഴുവന്‍ കഥാപത്രളും തങ്ങള്‍ക്ക് കിട്ടിയ വേഷത്തോട് നീതി പുലര്‍ത്തിയിട്ടുണ്ട്. എന്തായാലും ജിത്തു ജോസഫിന്റെ ദൃശം പരീക്ഷണങ്ങള്‍ വന്‍ വിജയമായിരിക്കുന്നു. ഒന്നാം ഭാഗത്തില്‍ നിന്ന് രണ്ടാംഭാഗത്തിലേക്കെത്തുമ്പോള്‍ ആ വിജയത്തിന്റെ തോത് ഒരു പടി മുകളിലാണ്. ഈ സാഹചര്യത്തില്‍ ഒരു മൂന്നാം ഭാഗത്തിന് കൂടി സാധ്യത തെളിയുന്നുണ്ട്. നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ അതിന്റെ സൂചന നല്‍കിക്കഴിഞ്ഞു. ആ ഒരു ദൃശ്യവിസ്മയത്തിനുകൂടി നമുക്ക് കാത്തിരിക്കാം.