Skip to main content

ചരിത്രത്തില്‍ ആദ്യമായിട്ടാണ് ക്രിസ്തുവിനെ അറിയാന്‍ കഴിയുന്ന ഒരു പോപ്പിനെ ലഭ്യമാവുന്നത്. അതാവട്ടെ ഫ്രാന്‍സിസ് മാര്‍പ്പാപ്പയിലൂടെ. കൊറോണ വരുന്നതിനും എത്രയോ നാളുകള്‍ക്ക് മുന്‍പ് തന്നെ തന്റെ കൈ പിടിച്ച് മുത്തം വയ്ക്കാന്‍ വന്ന വിശ്വാസിയോട് അത് രോഗാണുവ്യാപിക്കാന്‍ കാരണമാവും എന്ന് പറഞ്ഞുകൊണ്ട് മാര്‍പാപ്പ കൈ പിന്‍വലിച്ചത് വലിയ വാര്‍ത്തയായിരുന്നു. കത്തോലിക്ക സഭയിലെ അനുയായികളെ വളരെ ആശങ്കയില്‍ ആഴ്ത്തിയ ഒരു പ്രസ്ഥാവനയായിരുന്നു സ്വര്‍ഗം മരണശേഷം എത്തപ്പെടുന്നതല്ലയെന്നും പ്രവര്‍ത്തിയിലൂടെ ഭൂമിയില്‍ സൃഷ്ടിക്കപ്പെടേണ്ടത് ആണെന്നും. അദ്ദേഹമിപ്പോള്‍ കത്തോലിക്ക സഭയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു പുത്തന്‍ കീഴ്‌വഴക്കം കൊണ്ടുവന്നിരിക്കുകയണ്. ബിഷപ്പ് സിനഡിന് ആദ്യമായി ഒരു വനിതാ അണ്ടര്‍ സെക്രട്ടറിയെ നിയമിച്ചിരിക്കുകയാണ്. നതാലി ബെക്വാര്‍ട്ട് എന്ന വനിതയെയാണ് ആ സ്ഥാനത്തേക്ക് നിയമിച്ചിരിക്കുന്നത്. 

ഫ്രാന്‍സില്‍ നിന്നുള്ള സന്യസ്തയായ നഥാലി 2019 മുതല്‍ സിനഡ് കണ്‍സള്‍ട്ടന്റാണ്. ഇനിമുതല്‍ സിനഡിലെ വോട്ടിംഗില്‍ പങ്കെടുക്കാനുള്ള അവസരമാണ് നഥാലിക്ക് ഒരുങ്ങുന്നത്. വോട്ട് ചെയ്യാനധികാരമുള്ള ബിഷപ്പുമാരും കര്‍ദ്ദിനാളുമാരും വോട്ട് അവകാശമില്ലാത്ത വിദഗ്ധരും ചേര്‍ന്നതാണ് സിനഡ്. വനിതകളുടെ സജീവമായ കൂടുതല്‍ പങ്കാളിത്തം ഉറപ്പാക്കാനാണ് മാര്‍പ്പാപ്പയുടെ പുതിയ തീരുമാനം. കത്തോലിക്കാ സഭയുടെ തീരുമാനം എടുക്കുന്ന നിലയിലേക്ക് വനിതകളുടെ പങ്ക് ഉയര്‍ത്താന്‍ ഉതകുന്നതായാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ തീരുമാനത്തെ വിലയിരുത്തുന്നത്.

ഇതിലൂടെ കത്തോലിക്ക സഭയില്‍ പുത്തന്‍ ചരിത്രത്തിന് തുടക്കം കുറിക്കുകയാണ്. ഇതിന്റെ പ്രതിഫലനം കത്തോലിക്ക സഭയില്‍ മാത്രം ഒതുങ്ങുന്നതല്ല. എന്താണ് ക്രിസ്തു എന്ന് ലോകം മനസ്സിലാക്കുന്നതിന് ദിശാബോധം നല്‍കുന്ന നടപടിയാണ് ഇത്.