കന്നഡ ചിത്രം 'കെ.ജി.എഫ് ചാപ്റ്റര്‍ 2 ന്റെ ടീസര്‍ ലീക്കായതിന് തൊട്ടുപിന്നാലെ ഔദ്യോഗികമായി ടീസര്‍ പുറത്തിറക്കി അണിയറ പ്രവര്‍ത്തകര്‍. യാഷ് എന്ന നടന് ഇന്ത്യയിലാകെ ആരാധകരെ നേടിക്കൊടുത്ത ചിത്രമായിരുന്നു കെ.ജി.എഫ്. തോക്കുകള്‍ തീ തുപ്പുമ്പോള്‍ പറക്കുന്ന ജീപ്പുകളും, മെഷിന് ഗണ്‍ ലൈറ്ററാക്കിയുള്ള റോക്കിയുടെ വരവുമെല്ലാം ടീസര്‍ ഹൈലൈറ്റാണ്. 10 മണിക്കൂറിനകം 2 കോടിക്ക് മുകളിലാണ് ടീസറിന്റെ റീച്ച്.
1951 മുതല്‍ വര്‍ത്തമാനകാലം വരെയുള്ള കഥയാണ് രണ്ടാം ഭാഗത്തില്‍ പറയുന്നത്. കോലര്‍ സ്വര്‍ണഖനിയുടെ പശ്ചാത്തലത്തിലുള്ള പിരിഡ് ഡ്രാമയാണ് കെ.ജി.എഫ്. ആദ്യഭാഗത്തില്‍ യാഷിനൊപ്പം ശ്രീനിധി ഷെട്ടി, അച്യുത് കുമാര്‍, മാളവിക അവിനാശ്, അനന്ത് നാഗ്, വസിഷ്ഠ എന്‍ സിംഹ, മിത വസിഷ്ട എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ഹോംബാലെ ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്
2018 ഡിസംബര്‍ 21-നാണ് ചിത്രത്തിന്റെ ആദ്യഭാഗം പുറത്തിറങ്ങിയത്. അഞ്ചു ഭാഷകളിലായായിരുന്നു ചിത്രം പ്രദര്‍ശനത്തിനെത്തിയത്. പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് പ്രശാന്ത് നീല്‍, ചന്ദ്രമൗലി എം, വിനയ് ശിവാംഗി എന്നിവര്‍ ചേര്‍ന്നാണ്. യാഷ്, രവീണ ഠണ്ടണ്, സഞ്ജയ് ദത്ത്, ശ്രീനിധി ഷെട്ടി എന്നിവരാണ് രണ്ടാം ഭാഗത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ വില്ലന്‍ അധീരയുടെ വേഷത്തിലാണ് സഞ്ജയ് ദത്ത് എത്തുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ് കെ.ജി.എഫ് ടു കേരളത്തില്‍ റിലീസ് ചെയ്യുന്നത്.
കൊവിഡ് ലോക്ക് ഡൗണിന് ശേഷം 2020 ഒക്ടോബറിലാണ് കെ.ജി.എഫ് സെക്കന്‍ഡ് ചിത്രീകരണത്തിനായി യഷ് ജോയിന്‍ ചെയ്തത്. ലോക്ക് ഡൗണിന് പിന്നാലെ കെ.ജി.എഫ് ചിത്രീകരണം നിര്‍ത്തിവച്ചിരുന്നു. ഓഗസ്റ്റിലാണ് പ്രകാശ് രാജിനെയും മാളവികയെയും ഉള്‍പ്പെടുത്തി ഷൂട്ടിംഗ് വീണ്ടും തുടങ്ങിയത്. 2018 ഡിസംബര്‍ 21ന് പുറത്തുവന്ന കെ.ജി.എഫ് ആദ്യഭാഗം ദക്ഷിണേന്ത്യയില്‍ വമ്പന്‍ വിജയമായിരുന്നു. കന്നഡ, തെലുങ്ക്, തമിഴ്, മലയാളം പതിപ്പുകളിലാണ് രണ്ടാം ഭാഗം ഒരുങ്ങുന്നത്.