കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് 9 മാസത്തോളമായി അടച്ചിട്ട സിനിമ തിയേറ്ററുകള്‍ ജനുവരി 5 മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാം എന്ന് ശനിയാഴ്ച മുഖ്യമന്ത്രി അറിയിച്ചിരുന്നു. തിയറ്റര്‍ തുറക്കുന്ന വിഷയം ഉന്നയിച്ച് ജോയ് മാത്യു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന് തൊട്ടു പിന്നാലെയാണ് ഈ തീരുമാനം വന്നത്. പറയേണ്ടവര്‍ പറഞ്ഞാല്‍ കേള്‍ക്കേണ്ടവര്‍ കേള്‍ക്കും എന്നാണ് ഈ തീരുമാനത്തെ സ്വാഗതം ചെയ്തു കൊണ്ട് ജോയ് മാത്യു ഫേസ്ബുക്കില്‍ കുറിച്ചത്.
ഫേസ്ബുക്ക് കുറിപ്പ്;
ഇത്ര പെട്ടെന്ന് നടക്കുമെന്ന് വിചാരിച്ചില്ല. ഇതാണ് പറയേണ്ടവര്‍ പറഞ്ഞാല്‍ കേള്‍ക്കേണ്ടവര്‍ കേള്‍ക്കും എന്ന് പറയുന്നത്. ഇന്നലെ ഒരു പോസ്റ്റ് ഇട്ടതേയുള്ളൂ. ഇന്ന് മുഖ്യമന്ത്രി തീരുമാനമാക്കി. അതിനിരിക്കട്ടെ മുഖ്യമന്ത്രിക്കൊരു സല്യൂട്ട്(പക്ഷെ കുട്ടി സഖാക്കള്‍ സമ്മതിച്ച് തരില്ല).
വിദ്യാലയങ്ങളും കച്ചവട കേന്ദ്രങ്ങളും കള്ളുഷാപ്പുകളും ആരാധനാലയങ്ങളും തുറന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങി. കൊറോണയെപ്പേടിച്ചു വീട്ടിലിരുന്നവരില്‍ എണ്‍പത് ശതമാനവും വോട്ട് ചെയ്യാനെത്തി. എന്നിട്ടും സിനിമാ ശാലകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കാത്തത് എന്തുകൊണ്ടായിരിക്കാം? എന്നായിരുന്നു ജോയ് മാത്യു തിയേറ്റര്‍ തുറക്കാത്തതിനെ കുറിച്ച് ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റ്.