രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച ഒന്നാം പാദത്തില്‍ (ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ) 4.4 ശതമാനമായി കുറഞ്ഞു. നാലു വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന വളര്‍ച്ചാ നിരക്കാണിത്. രൂപയുടെ മൂല്യത്തകര്‍ച്ചയും വിലക്കയറ്റവും പ്രതികൂല സാഹചര്യം സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് വളര്‍ച്ചാ നിരക്ക് 4.4 ശതമാനമായി കുറഞ്ഞിരിക്കുന്നത്.
എന്നാല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഒന്നാം പാദത്തില്‍ 5.4 ശതമാനമായിരുന്നു വളര്‍ച്ച. 2012-13 സാമ്പത്തിക വര്‍ഷം അവസാന പാദത്തില്‍ 4.8%. 4.6 ശതമാനം വളര്‍ച്ചയെങ്കിലും ഉണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. മാത്രമല്ല വളര്‍ച്ച കുറഞ്ഞത് വരും ദിവസങ്ങളില്‍ ഓഹരി വിപണികളെയും പ്രതികൂലമായി ബാധിക്കും. നടപ്പ് സാമ്പത്തിക വര്‍ഷം അഞ്ചു ശതമാനത്തിനു മുകളില്‍ വളര്‍ച്ച ഉണ്ടാകുമെന്നാണ് ധനമന്ത്രാലയവും കേന്ദ്ര സര്‍ക്കാറും അവകാശപ്പെടുന്നത്. എന്നാല്‍ വളര്‍ച്ച 3.7 ശതമാനത്തിലേക്ക് കുറയുമെന്ന് വിദഗ്ധര്‍ ചൂണ്ടികാണിക്കുന്നു.
അതേസമയം വളര്‍ച്ചാ നിരക്കില്‍ കുറവ് വരുമെന്ന് പ്രതീക്ഷിച്ചത് തന്നെയാണെന്ന് ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ മോണ്ടെക് സിംഗ് അലുവാലിയ പറഞ്ഞു. രണ്ടാം പാദം മുതല്‍ വളര്‍ച്ചാനിരക്ക് കൂടുമെന്നും അദ്ദേഹം വ്യക്തമാക്കി. ഖനന മേഖലയില്‍ 2.8 ശതമാനമാണ് വളര്‍ച്ച. കാര്‍ഷിക മേഖലയിലും 2.7 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്.എന്നാല്‍ കെട്ടിട നിര്‍മാണ മേഖലയിലെ വളര്‍ച്ച 2.8 ശതമാനം മാത്രമാണ്. കഴിഞ്ഞ വര്‍ഷം ഇത് 7 ശതമാനമായിരുന്നു. ഇന്‍ഷുറന്‍സ് മേഖലയിലെ വളര്‍ച്ച 8.9 ശതമാനമാണെങ്കിലും കഴിഞ്ഞ വര്‍ഷത്തെ വളര്‍ച്ച 9.3 ശതമാനമായിരുന്നു.