Skip to main content

പാര്‍വതി തിരുവോത്ത് നായികയായ 'വര്‍ത്തമാനം' എന്ന സിനിമക്ക് പ്രദര്‍ശനാനുമതി നിഷേധിച്ച് റീജനല്‍ സെന്‍സര്‍ ബോര്‍ഡ്. ജെ.എന്‍.യു സമരം, കാശ്മീര്‍ സംബന്ധമായ പരാമര്‍ശം എന്നിവ മുന്‍നിര്‍ത്തിയാണ് സിനിമയുടെ പ്രദര്‍ശനാനുമതി തടഞ്ഞതെന്നാണ് വിവരം. സിനിമക്ക് സെന്‍സര്‍ അനുമതി നിഷേധിച്ചത് രാജ്യവിരുദ്ധ പ്രമേയമായിരുന്നതിനാലെന്ന് സെന്‍സര്‍ ബോര്‍ഡ് അംഗം കൂടിയായ ബി.ജെ.പി നേതാവ്. അഡ്വക്കേറ്റ് വി സന്ദീപ് കുമാറാണ് സിനിമക്കെതിരെ ട്വീറ്റുമായി രംഗത്ത് വന്നിരിക്കുന്നത്. സെന്‍സര്‍ സ്‌ക്രീനിംഗിന് ശേഷം സിനിമകള്‍ക്കെതിരെ സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ പരസ്യപ്രതികരണം പൊതുവേ നടത്താറില്ല. ജെ.എന്‍.യു സമരത്തിലെ മുസ്ലിം -ദളിത് പീഡനമാണ് സിനിമയുടെ പ്രമേയമെന്നും ബിജെപിയുടെ എസ്.സി മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ സന്ദീപ് കുമാര്‍ ട്വീറ്റ് ചെയ്തു.

സന്ദീപ് കുമാറിന്റെ ട്വീറ്റ്;

ഇന്ന് ഞാന്‍ സെന്‍സര്‍ ബോര്‍ഡ് അഗമെന്ന നിലയില്‍ വര്‍ത്തമാനം എന്ന സിനിമ കണ്ടു. ജെ.എന്‍.യു സമരത്തിലെ ദളിത് ,മുസ്സീം പീഡനമായിരുന്നു വിഷയം .ഞാന്‍ അതിനെ എതിര്‍ത്തു. കാരണം സിനിമയുടെ തിരക്കഥാകൃത്തും നിര്‍മ്മാതാവും ആര്യാടന്‍ ഷൗക്കത്ത് ആയിരുന്നു. തീര്‍ച്ചയായും രാജ്യ വിരുദ്ധമായിരുന്നു സിനിമയുടെ പ്രമേയം.

ബി.ജെ.പി-സംഘപരിവാര്‍ നിലപാടുകളെ ചോദ്യം ചെയ്യുന്ന സിനിമകളെ സെന്‍സര്‍ ബോര്‍ഡ് നിരന്തരം കത്രിക വെക്കുന്നത് നേരത്തെ വലിയ പ്രതിഷേധം സൃഷ്ടിച്ചിരുന്നു.

തിരുവനന്തപുരം റീജനല്‍ സെന്‍സര്‍ ബോര്‍ഡ് ആണ് ജെ.എന്‍.യു സമരം, കാശ്മീര്‍ സംബന്ധമായ പരാമര്‍ശം മുന്‍നിര്‍ത്തി് സിനിമയുടെ പ്രദര്‍ശനാനുമതി തടഞ്ഞത്. സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്ത ചിത്രത്തില്‍ കേരളത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് ഉപരിപഠനത്തിന് എത്തുന്ന കഥാപാത്രത്തെയാണ് പാര്‍വതി തിരുവോത്ത് അവതരിപ്പിക്കുന്നത്. ആര്യാടന്‍ ഷൗക്കത്താണ് വര്‍ത്തമാനത്തിന്റെ തിരക്കഥാകൃത്ത്.

ഫാസിയ സൂഫിയ എന്ന ഗവേഷക വിദ്യാര്‍ത്ഥിയെയാണ് പാര്‍വതി തിരുവോത്ത് അവതരിപ്പിക്കുന്നത്. റോഷന്‍ മാത്യു, സിദ്ധീഖ്, നിര്‍മ്മല്‍ പാലാഴി എന്നിവരും കഥാപാത്രങ്ങളാണ്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബേനസീറും ആര്യാടന്‍ ഷൗക്കത്തും ചേര്‍ന്നാണ് നിര്‍മ്മാണം. നിവിന്‍ പോളി നായകനായ സഖാവിന് ശേഷം സിദ്ധാര്‍ത്ഥ ശിവ സംവിധാനം ചെയ്യുന്ന സിനിമയാണ് വര്‍ത്തമാനം.