Skip to main content

Memories Malayalam Movie

തെറി വിളിക്കാതെ, ഇടിച്ച് തെറിപ്പിച്ച് സ്റ്റൈല്‍ മാനറിസങ്ങള്‍ കാണിക്കാതെ, ഒറ്റ ശ്വാസത്തില്‍ പറയേണ്ട വമ്പന്‍ ഡയലോഗുകളുടെ അകമ്പടി ഇല്ലാതെ മെമ്മറീസ് എന്ന ജീത്തു ജോസഫ് ചിത്രത്തിലൂടെ സാം അലക്സാണ്ടര്‍ കുറ്റകൃത്യങ്ങളുടെ ചുരുളുകള്‍ അഴിക്കുന്നു. കര്‍മ്മനിരതനായിരുന്ന ഈ കള്ളുകുടിയന്‍ പോലീസിനെ മലയാളികള്‍ ഇതിനോടകംതന്നെ സ്വീകരിച്ചു കഴിഞ്ഞു എന്നതാണ് യാഥാര്‍ഥ്യം. പൃഥ്വിരാജ് എന്ന നടന്റെ അംഗീകാരത്തൊപ്പിയിലെ ഏറ്റവും തിളക്കമാര്‍ന്ന തൂവലുകളില്‍ ഒന്നാവും ഈ വേഷം. അഭിനയ ശേഷിയുടെ മികവാര്‍ന്ന പ്രകടനമാണ് ഈ ചലച്ചിത്രത്തില്‍ പൃഥ്വിരാജ് കാഴ്ച്ച വെച്ചിരിക്കുന്നത്.

 

രണ്ടര മണിക്കൂര്‍ ശ്വാസം അടക്കിപ്പിടിച്ച് പ്രേക്ഷകനെ മുള്‍മുനയില്‍ ഇരുത്തിക്കളയുന്നതിനു പിന്നിലെ രസതന്ത്രം മറ്റൊന്നും അല്ല, ഈ കുറ്റാന്വേഷണ കഥയിലെ ത്രസിപ്പിക്കുന്ന സസ്പന്‍സ് തന്നെയാണ്. ഒരു സമ്പൂര്‍ണ ത്രില്ലര്‍ പരിവേഷം സിനിമയില്‍ ഉടനീളം വിജയകരമായി നിലനിര്‍ത്താന്‍ തിരക്കഥയും തയ്യാറാക്കിയ ജീത്തുവിന് കഴിഞ്ഞു. തികച്ചും ശക്തമായതും വത്യസ്തതയാര്‍ന്നതുമായ തിരക്കഥ തന്നെയാണ് ഈ സിനിമയെ വിജയത്തിലേക്ക് നയിച്ചത്. പൃഥ്വിരാജിന്റെ കൈകളിലൂടെ സാം അലക്സാണ്ടര്‍ മാറ്റുരയ്കാനാവാത്ത കഥാപാത്രമായി മാറുകയായിരുന്നു.        

    

ആംഗലേയത്തില്‍ ചെയ്തിരിക്കുന്ന ടൈറ്റില്‍ സോങ്ങ് അത്ര മോശമായില്ല എന്ന് മാത്രമല്ല, ഒരു കുറ്റാന്വേഷണ അന്തരീക്ഷം തുടക്കത്തിലേ ഉണര്‍ത്താന്‍ ഈ ഗാനത്തിലൂടെ കഴിഞ്ഞു. ആദ്യ പകുതി കുറച്ച് ഇഴയുന്നുണ്ട്. അതേസമയം, ആദ്യ പകുതിയില്‍ കോട്ടുവായിടുന്ന പ്രേക്ഷകരുടെ ചങ്കിടിപ്പ് കൂട്ടി ആകാംക്ഷാകുലരാക്കി പിടിച്ചിരുത്താന്‍ രണ്ടാം പകുതിക്ക് കഴിഞ്ഞു. വലിയ തരക്കേടില്ലാത്ത  ഒരു ഗാനം മാത്രമേ ഉള്ളൂ എന്നതൊരു കുറവായി എടുത്ത് പറയേണ്ടതില്ല താനും. മനോഹരങ്ങളാവേണ്ടിയിരുന്ന വിഷ്വല്‍സ് കുറേയൊക്കെ നശിപ്പിച്ചു എന്നതൊഴിച്ചാല്‍ വലിയ പാകപ്പിഴകള്‍ ഈ ചിത്രത്തിനുള്ളതായി അവകാശപ്പെടാന്‍ വയ്യ. ത്രസിപ്പിക്കുന്ന സസ്പെന്‍സ് ഈ കുറവുകള്‍ അശേഷം ഇല്ലാതാക്കാന്‍ പോന്നതാണെന്നത് തിരക്കഥാകൃത്തിന്റെ മികവ് തന്നെയാണ്.

 

പൃഥ്വിരാജ് ,മേഘ്നാ രാജ്, വിജയരാഘവന്‍ തുടങ്ങിയവരൊഴിച്ചാല്‍ വലിയ താരനിര ഇല്ലാതെ തന്നെ വമ്പന്‍ വിജയത്തിലേക്ക് കുതിക്കാന്‍ ഈ ചിത്രത്തിനു കഴിഞ്ഞു. ലഹരി പദാര്‍ഥങ്ങളുടെ ഉപയോഗത്തെ പരോക്ഷമായെങ്കിലും അനുകൂലിച്ചുകൊണ്ട്  ഈ അടുത്തകാലത്ത്  ഒട്ടനേകം സിനിമകള്‍ പ്രദര്‍ശനത്തിനെത്തിയത് നിരാശാജനകമായി തോന്നിയവര്‍ക്ക് ആശ്വാസമാകും വിധം ഒരു സന്ദേശവും ഈ ചലച്ചിത്രം സമൂഹത്തിന് നല്‍കുന്നുണ്ട്. ആസ്വാദക മൂല്യമുള്ള ഒരുപിടി ഒര്‍മ്മകള്‍ പ്രേക്ഷകര്‍ക്ക് നല്‍കും എന്നത് നിസംശയമാണ്.