Skip to main content

Elizen book release

 

എത്രയോ കാലങ്ങള്‍ക്ക് ശേഷം ഒറ്റ ഇരുപ്പിന് 200-ലധികം പേജുകള്‍ വായിക്കാന്‍ എന്നെ നിര്‍ബന്ധിതനാക്കിയതിന് പ്രിയ സുഹൃത്ത് ജ്യോതിര്‍ഘോഷിന് ഞാന്‍ ആദ്യം തന്നെ നന്ദി പറയുകയാണ്. വളരെ അലസമായി പുസ്തകം വായിയ്ക്കുന്ന ഒരവസ്ഥയിലേക്ക് മാറിക്കഴിഞ്ഞിരിക്കുന്ന ഒരു സാഹചര്യത്തില്‍ ഒരു ദിവസം ഒറ്റ ഇരുപ്പിന് 200-ലധികം പേജുകള്‍ വായിക്കാന്‍ ഈ പുസ്തകം എന്നെ നിര്‍ബന്ധിച്ചു എന്നുള്ളതാണ്. ഒറ്റ ഇരുപ്പിന് വായിച്ചു പോകാന്‍ പറ്റിയ ഉള്ളടക്കമല്ല ഈ പുസ്തകത്തിനുള്ളത് എന്നതും എടുത്ത് പറയേണ്ടതുണ്ട്. വളരെ രസകരമായി വായിച്ചു പോകേണ്ടുന്ന തരത്തിലുള്ള പുസ്തകങ്ങളാണ് നമ്മള്‍ ഒറ്റ ഇരുപ്പിന് വായിച്ചു തീര്‍ക്കുന്നത്. അങ്ങനെ പെട്ടെന്ന് വായിച്ചു പോകേണ്ടുന്ന ഉള്ളടക്കമല്ല ഇതിനുള്ളത്.

  • എലിസെന്‍
  • കെ.ജി. ജ്യോതിര്‍ഘോഷ്
  • സാപ്പിയന്‍സ് ലിറ്ററേച്ചര്‍, തൃശൂര്‍
  • പേജ്: 244
  • വില: 250

അറിവ് പകര്‍ത്തിവെക്കാന്‍ ഭാഷയ്ക്ക് അതിന്റേതായ സാധ്യതകളുണ്ട്. അനുഭവങ്ങള്‍ കുറിപ്പുകളായി എഴുതുമ്പോളും ഭാഷ അതിന് നിസ്സാരമായി വഴങ്ങി തരും. എന്നാല്‍ ചിന്തകള്‍ കുറിച്ചുവയ്ക്കുമ്പോള്‍ ഭാഷ വഴക്കമുള്ള ആള്‍ക്ക് വഴങ്ങിക്കൊടുക്കും. പക്ഷേ ഇത് ചിന്തയേക്കാള്‍, അറിവിനേക്കാള്‍, അനുഭവങ്ങളേക്കാള്‍, അനുഭൂതികളെന്നോ തെളിവുകളെന്നോ തെളിച്ചമെന്നോ വെളിപാടുകളെന്നോ വിളിക്കേണ്ടുന്ന തരത്തിലുള്ള ഉള്ളടക്കങ്ങളെ കോര്‍ത്തുവയ്ക്കുന്ന ഒരു പുസ്തകമാണ്. അത് വളരെ സരളമായി എഴുതി പോകുക എന്നത് അസാധ്യം എന്ന് വിളിക്കാവുന്ന ഒരു ജോലിയാണ്. പത്രപ്രവര്‍ത്തന രംഗത്ത് ദീര്‍ഘകാലം പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്ക് പൊതുവില്‍ സംഭവിക്കാവുന്ന ഒരു അപകടം ഭാഷ സമ്പൂര്‍ണ്ണമായും ഖര സ്വഭാവം കൈവരിക്കുന്നു എന്നുള്ളതാണ്. ലളിതമായി പറയേണ്ടതിനെ ഒരു പത്രഭാഷയുടെ വടിവിലേക്ക് മാത്രം പറയേണ്ടുന്ന തരത്തിലേക്ക് മാധ്യമങ്ങളില്‍ ജോലി ചെയ്യുന്ന ആളുകളുടെ എഴുത്തിന് അപകടം സംഭവിക്കാറുണ്ട്. പക്ഷേ ജ്യോതിര്‍ഘോഷിന്റെ ദീര്‍ഘകാലത്തെ പത്രപ്രവര്‍ത്തനത്തിന് ശേഷവും അത്തരം വടിവുകളില്ലാത്ത വളരെ ലളിതമായ ഭാഷയില്‍ വളരെ കൃത്യമായി നമ്മുടെ ഹൃദയത്തോട് സംസാരിക്കുന്ന ഭാഷയില്‍ എഴുതാന്‍ കഴിഞ്ഞിരിക്കുന്നു എന്നതുകൊണ്ടാണ് ഈ പുസ്തകം ഒരാള്‍ക്ക് ഒറ്റ ഇരുപ്പിന് വായിക്കാന്‍ കഴിയുന്നത്.

elizen cover ഞാന്‍ ഇതിന്റെ ഉള്ളടക്കത്തെ കുറിച്ച് പറയാന്‍ പ്രാപ്തനല്ല. കാരണം ഇത് ഒരാള്‍ സ്വന്തം അനുഭവങ്ങളെ സ്വന്തം ജീവിതസന്ധികളിലൂടെ നീറ്റി എടുക്കുകയും അതിനെ തന്റെ വെളിപാടുകളിലൂടെ സ്ഫുടം ചെയ്യുകയും അത് എങ്ങനെയാണ് പുതിയ ഒരു ജീവിത പദ്ധതിയായി നമുക്ക് സ്വീകരിക്കാന്‍ കഴിയുന്നത് എന്ന് നമ്മോട് പറഞ്ഞ് തരികയുമാണ് ചെയ്യുന്നത്. ഇത് പഠിപ്പിക്കുകയല്ല, പറഞ്ഞ് തരികയാണ് ചെയ്യുന്നത്. പഠിപ്പിക്കുന്നതും പറഞ്ഞ് തരുന്നതും തമ്മില്‍ ഒരുപാട് വ്യത്യാസമുണ്ട്. പഠിപ്പിക്കുമ്പോള്‍ ഒരു അനുശാസനത്തിന്റെ സ്വഭാവം അതിന് കൈവരും. പക്ഷേ നമ്മുടെ മനസ്സില്‍ ഇരുന്നുകൊണ്ട് നമ്മളോട് പറയുന്നു എന്നതാണ് ഈ പുസ്തകത്തിന്റെ ഏറ്റവും പ്രകടമായ പ്രത്യേകത. “അവധൂതരും സൂഫികളുമൊക്കെ എന്ത് രീതിയാണ് സ്വീകരിച്ചതെന്നും ഫലമെന്തെന്നും സമകാലിക സാഹചര്യങ്ങളിലെ ഇടപഴകലിലൂടെ കാണിച്ച് തരികയാണ് ഈ പുസ്തകം. ഈ കാര്യം ഇത്ര ഭംഗിയായി ചെയ്യുന്ന മറ്റൊരു കൃതിയും മലയാളത്തില്‍ ഇല്ല” എന്ന് സി.രാധാകൃഷ്ണന്‍ ഈ പുസ്തകത്തെ കുറിച്ച് പറയുന്നു. ഈ പുസ്തകത്തിന്റെ രചനയെക്കുറിച്ചുള്ള സംഗ്രഹണം ഇത് തന്നെയാണ്. അനന്യമായ ഒരു രചന എന്ന് ഈ കൃതിയെ തീര്‍ച്ചയായും വിശേഷിപ്പിക്കപ്പെടണം. സ്വാഭാവികമായും ഇത് ഈ കാലത്തിന്റെ പ്രതിസന്ധികളില്‍പ്പെട്ടുപോകുന്ന മനസ്സുകള്‍ക്ക് വായിക്കാവുന്ന ഒരു പുസ്തകമാണ്.

ഞാനും ജ്യോതിര്‍ഘോഷും തമ്മിലുള്ള ബന്ധം ഞങ്ങളൊരുമിച്ച് കാര്യവട്ടത്ത് എം.ജെയ്ക്ക് പഠിക്കുന്ന കാലത്ത് തുടങ്ങിയതാണ്. പഠനകാലത്ത് ഞങ്ങള്‍ ഒരുമിച്ച് ഒരു കൂരയ്ക്ക് കീഴിലാണ് ജീവിച്ചിരുന്നത്. ഘോഷ് അന്ന് ജോലിയും ശമ്പളവുമുള്ള സമ്പന്നനായ ചെറുപ്പക്കാരനും ഞാന്‍ സാധാരണ വിദ്യാര്‍ത്ഥിയുമാണ്. ഘോഷിന്റെ മുറിയില്‍ അതിക്രമിച്ച് കയറി താമസിച്ച ആളാണ് ഞാന്‍. ആ ബന്ധത്തിന്റെ പുറത്താണ് ഇന്ന് ഈ പരിപാടിക്ക് ഞാന്‍ പങ്കെടുക്കാന്‍ തീരുമാനിച്ചത്. ഘോഷ് പുസ്തകത്തിന്റെ തുടക്കത്തില്‍ ഈ രചനയ്ക്ക് ആധാരമായ എക്കാര്‍ട്ട് ടോളിയുടെ ‘പവര്‍ ഓഫ് നൗ’ എന്ന പുസ്തകം തന്‍റെ സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുത്തിരുന്നതായി പറയുന്നുണ്ട്. പക്ഷെ, ആ പുസ്തകം ലഭിച്ച ആളുകളില്‍ ഞാനില്ല. വായിച്ചു വന്നപ്പോള്‍ എനിക്ക് മനസ്സിലായി ഇത് എന്നെപ്പോലെ ഒരാള്‍ വായിച്ചു ശീലിക്കേണ്ട പുസ്തകമല്ല. ഇത് വില്ലനും ഹീറോയും തമ്മിലുള്ള എല്ലാ തരത്തിലുള്ള സംഘര്‍ഷങ്ങളെയും നിരാകരിക്കുകയും അതിനെ ലഘൂകരിക്കുകയും അതിന്റെ അബദ്ധങ്ങളെ വെളിവാക്കുകയും ചെയ്യുന്ന ഒരു പുസ്തകമാണ്. ഞാന്‍ വില്ലനും ഹീറോയും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ കൊണ്ട് ജീവിക്കുന്ന ഒരാളാണ്. ഞാന്‍ ഇത് വായിച്ച് മാനസാന്തരപ്പെട്ട് പൊയാല്‍ എന്റെ തൊഴിലില്‍ ഞാന്‍ തിരസ്‌കൃതനാവും എന്ന സ്‌നേഹം കൊണ്ടാണ് ഘോഷ് എനിക്ക് ആ പുസ്തകം തരാതിരുന്നത് എന്ന് ഞാന്‍ വിശ്വസിക്കുന്നു.

മലയാളത്തില്‍ മുന്‍പ് ഉണ്ടായിട്ടില്ലാത്ത ഒരു പുസ്തകമാണിത്. ഇത് സമ്പൂര്‍ണ്ണമായ ഒരു പൊളിച്ചെഴുതലിന്റെ പുസ്തകം കൂടിയാണ്. ഈ പുസ്തകം വായിയ്ക്കുന്ന ഒരാള്‍ക്ക് അയാളുടെ മനസ്സില്‍ ഇത് ഉന്നയിയ്ക്കുന്ന ദാര്‍ശനികതയെ പേറാതെ നിവൃത്തി ഉണ്ടാവില്ല എന്ന് ഞാന്‍ തീര്‍ച്ചയായും വിശ്വസിക്കുന്നു. ഈ അടുത്ത കാലത്ത് വായിച്ച ഏറ്റവും മനോഹരമായി അനുഭവിച്ച, അനുഭവിപ്പിച്ച പുസ്തകമായി ഞാന്‍ എലിസെന്നിനെ നെഞ്ചോട് ചേര്‍ക്കുന്നു.

---

കെ.ജി. ജ്യോതിര്‍ഘോഷ് രചിച്ച എലിസെന്‍ എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ തിരക്കഥാകൃത്തും സംവിധായകനും നടനുമായ രഞ്ജി പണിക്കര്‍ നടത്തിയ സംഭാഷണത്തില്‍ നിന്ന്. പുസ്തകം വാങ്ങാം.