Skip to main content
മുംബൈ

ഡോളറിനെതിരെ രൂപയുടെ വിനിമയ നിരക്ക് ചരിത്രത്തിലാദ്യമായി 68.02 ആയി കുറഞ്ഞു. പതിനെട്ടു വര്‍ഷത്തിനിടെ രൂപയില്‍ ഉണ്ടായ ഏറ്റവും വലിയ ഇടിവാണ് സാമ്പത്തിക രംഗം ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. 66.24 ആയിരുന്നു ഇതുവരെ രേഖപ്പെടുത്തിയ രൂപയുടെ ഏറ്റവും കുറഞ്ഞ മൂല്യം. ബുധനാഴ്ച രാവിലെ വ്യാപാരം തുടങ്ങിയപ്പോള്‍ തന്നെ രൂപയുടെ പ്രതിസന്ധി ആരംഭിച്ചു.

 

ആഗസ്റ്റില്‍ മാത്രം ഏഴു രൂപയുടെ നഷ്ടമാണ് രൂപക്കുണ്ടായത്. വിദേശ നിക്ഷേപകര്‍ വന്‍തോതില്‍ നിക്ഷേപം പിന്‍വലിക്കുന്നതും രൂപയുടെ ഇടിവിനെ പ്രതികൂലമായി ബാധിച്ചു. അതേസമയം രൂപയുടെ തകര്‍ച്ച ഓഹരി വിപണികളെയും സാരമായി ബാധിച്ചു. സെന്‍സെക്സ് 180 പോയിന്‍റും നിഫ്റ്റി 70 പോയിന്‍റും ഇടിവുണ്ടായി. ഒരു വര്‍ഷത്തിനിടെ നിഫ്റ്റി നേരിടുന്ന ഏറ്റവും വലിയ ഇടിവാണിത്.  

 

രാജ്യത്തിന്റെ സാമ്പത്തിക നിലയെപ്പറ്റി പാര്‍ലമെന്റിലും ചര്‍ച്ചകള്‍ നടന്നു. സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി കേന്ദ്ര ധനമന്ത്രി പി ചിദംബരം പറഞ്ഞു. ഇപ്പോഴുള്ള സാമ്പത്തികാവസ്ഥ മറികടക്കുന്നതിന് കൂടുതല്‍ പരിഷ്കാരങ്ങള്‍ രാജ്യത്ത് നടപ്പിലാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാനുഫാക്ചറിങ് മേഖലയെ പ്രോത്സാഹിപ്പിക്കുക, വളര്‍ച്ച വര്‍ധിപ്പിക്കുന്നതിന് വേണ്ടി കയറ്റുമതി കൂട്ടുക എന്നിവയടക്കം 10 നടപടികള്‍ ഉടന്‍ അനിവാര്യമാണെന്നും ധനമന്ത്രി വ്യക്തമാക്കി. സാമ്പത്തിക മാന്ദ്യം നേരിടാന്‍ മുമ്പ് നടപ്പാക്കിയ നയങ്ങളാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണമെന്നും അദ്ദേഹം പറഞ്ഞു.

 

എന്നാല്‍ വിലനിയന്ത്രണം ഏര്‍പ്പെടുത്താമെന്നു വാഗ്ദാനം നല്‍കിയ ധനമന്ത്രിയും പ്രധാനമന്ത്രിയും അതില്‍ ദയനീയമായി പരാജയപ്പെട്ടെന്നും അതിനാല്‍ സര്‍ക്കാര്‍ അധികാരമൊഴിയുന്നതാണ് നല്ലതെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.