Skip to main content

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെയ്ക്ക് മധ്യപ്രദേശ് സര്‍ക്കാര്‍ പ്രത്യേക ഹെലികോപ്ടര്‍ ഏര്‍പ്പാടാക്കിയതിനെ വിമര്‍ശിച്ച് ഒക്ടോബര്‍ 21-ന്  ഇട്ട ട്വീറ്റില്‍ ഖേദം പ്രകടിപ്പിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍.

'കന്‍ഹ ദേശീയോദ്യാന സന്ദര്‍ശനവേളയില്‍ ചീഫ് ജസ്റ്റിസിന് മധ്യപ്രദേശ് സര്‍ക്കാര്‍ പ്രത്യേക ഹെലികോപ്ടര്‍ ഏര്‍പ്പാടാക്കി. മധ്യപ്രദേശിലെ എം.എല്‍.എമാരുടെ അയോഗ്യത സംബന്ധിച്ച സുപ്രധാന കേസ് ചീഫ് ജസ്റ്റിസിന്റെ മുമ്പിലുണ്ട്. മധ്യപ്രദേശ് സര്‍ക്കാരിന്റെ നിലനില്‍പ്പിന് തന്നെ നിര്‍ണായകമായ കേസാണിത്.' ഇതായിരുന്നു ഒക്ടോബര്‍ 21ന് പ്രശാന്ത് ഭൂഷണിന്റെ ട്വീറ്റ്. ഈ ട്വീറ്റില്‍ പറഞ്ഞ കാര്യത്തില്‍ ഖേദിക്കുന്നുവെന്നറിയിച്ചു കൊണ്ട് ഈ മാസം നാലിനാണ് പ്രശാന്ത് ഭൂഷണ്‍ പുതിയ ട്വീറ്റിട്ടിരിക്കുന്നത്.

'ശിവാരാജ് സിങ് സര്‍ക്കാരില്‍ മന്ത്രിമാരാക്കിയ കോണ്‍ഗ്രസ് എം.എല്‍.എമാരുടെ സീറ്റുകളിലേക്ക് കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് നടന്നു. ശിവരാജ് സിങ് സര്‍ക്കാരിന്റെ നിലനില്‍പ്പ് അവരുടെ തിരഞ്ഞെടുപ്പ് ഫലത്തെ ആശ്രയിച്ചിരിക്കും. അവരുടെ മന്ത്രിസ്ഥാനത്തെ ചോദ്യം ചെയ്യുന്ന ചീഫ് ജസ്റ്റിസിനു മുമ്പിലുള്ള കേസിലെ തീരുമാനത്തെ അടിസ്ഥാനമാക്കിയായിരിക്കില്ല അത്. ചുവടെയുള്ള എന്റെ ട്വീറ്റിലെ ഈ പിഴവില്‍ ഞാന്‍ ഖേദിക്കുന്നു' എന്നാണ് ഭൂഷണ്‍ ട്വീറ്റ് ചെയ്തത്.