Skip to main content

എട്ടാമത്തെ തെങ്ങിൽ നിന്ന്‍ തേങ്ങയിട്ടു താഴെയിറങ്ങി അടുത്ത തെങ്ങു നോക്കി പോകുന്നതിനിടയിലെ ഷോർട്ട് ബ്രേക്കിൽ വരെ കവിതയെഴുതുന്ന നരിക്കുനിക്കാരും കുഞ്ചിത്തണ്ണിക്കാരുമുള്ള ലോകത്താണ് നാം ജീവിക്കുന്നത്. ഇന്നലെവരെ തട്ടുമടിച്ചു തമാശയും പറഞ്ഞു കൂടെ നടന്ന ഗോപാലകൃഷ്ണൻ, തന്റെ കന്നിക്കവിതാ സമാഹാരവും പുറത്തിറക്കി സ്റ്റാറായി നില്ക്കുന്നതു കാണാൻ ബുദ്ധിമുട്ടുണ്ടോ? എങ്കിൽ നിങ്ങൾക്കിതാ ഒരു 'കവിതാ സഹായി.'

 

അല്പം തൊലിക്കട്ടിയും, മലയാളം പറയാനും എഴുതാനുമുള്ള കഴിവും മാത്രമേ വേണ്ടൂ, നിങ്ങൾക്കും കവിതയെഴുത്തുകാരന്‍/ കാരി ആവാം.

 

ആദ്യമായി നമ്മുടെ ഭാഷയിലെ വാക്യഘടന ഒന്ന്‍ ശ്രദ്ധിക്കുക. അടിസ്ഥാനപരമായി മലയാളത്തിൽ 'SOV' ടൈപ്പ് വാക്യങ്ങളാണുള്ളത്. അതായത് കർത്താവ് (Subject), കർമ്മം (Object), ക്രിയ (Verb) എന്ന ക്രമത്തിൽ.  ഇംഗ്ലീഷിൽ ഇത് 'SVO' പാറ്റേണിലാണ്. (അതിവിടെ പ്രസക്തമല്ല. കൊളോണിയൽ കടി കാരണം പറഞ്ഞെന്നേയുള്ളൂ.)

 

ഇത് വ്യക്തമായി മനസ്സിലാകാൻ ത്രേതായുഗം തൊട്ട് വ്യാകരണ ക്ലാസ്സുകളിൽ കേട്ടുവരുന്ന മര്യാദാ പുരുഷോത്തമന്റെ രാക്ഷസരാജവധം ഓർത്താൽ മതി. (പോരെങ്കിൽ രാമായണ മാസം കഴിഞ്ഞല്ലേ ഉള്ളൂ)

 

ഇവിടെ,

          രാമൻ രാവണനെ കൊന്നു.

          (S)         (O)         (V)

എന്ന വാക്യത്തിൽ, ചെറിയൊരു പുന:ക്രമീകരണം മാത്രമേ വേണ്ടൂ. കവിതയുടെ 'കളിമണ്ണു' റെഡിയായിക്കഴിഞ്ഞു. വാക്യത്തിന്റെ ഒടുവിൽ കിടക്കുന്ന വെർബിനെ അല്പം ശക്തിയായി തുടക്കത്തിലേയ്ക്കു തള്ളുക. 'VSO' പാറ്റേണിൽ കവിതയുടെ പിറവി സംഭവിച്ചുകൊള്ളും.

 

ഇങ്ങനെ-

          'കൊന്നു, രാമൻ രാവണനെ!'

         

ഇനി പുരാണകഥ വിട്ട് ജനകീയമാക്കണോ? ഒരു പ്രയാസവുമില്ല. 'ഞാൻ കണ്ണിമേറാ മാർക്കറ്റിൽ പോയി രണ്ടു കിലോ വെണ്ടയ്ക്ക വാങ്ങി'യതാണു വിഷയമെങ്കിൽ ഇതേ രീതിയിൽ ക്രിയ (V) യെ മുന്നിലേക്കു പുഷ് ചെയ്താൽ മാത്രം മതി.

         

          'പോയീ, ഞാൻ കണ്ണിമേറാ മാർക്കറ്റിൽ

          വാങ്ങീ, ഞാൻ വെണ്ടയ്ക്കാ രണ്ടുകിലോ'

എന്ന്‍ അല്പം ഗദ്ഗദം തൊണ്ടയിൽ ചാലിച്ച് ഉച്ചത്തിൽ പാടിക്കോളൂ. ആദ്യം ചെറിയൊരു ചമ്മൽ സ്വാഭാവികം. സാരമില്ല, ഏതെങ്കിലും ബുക്സ്റ്റാളിൽ പോയി കുറച്ചു കന്നിക്കവിതാ സമാഹാരങ്ങൾ വാങ്ങി വായിച്ചാൽ മതി. എല്ലാ ഉളുപ്പും മാറി മിടുക്കരാകും. ഉറപ്പ്. നിങ്ങളുടെ മോഹം സഫലവുമാകും.

 

പക്ഷേ, ഇതിനിറങ്ങിത്തിരിക്കുന്നവർ ഇടയ്ക്കിടെ തങ്ങളെത്തന്നെ ഓർമ്മിപ്പിക്കേണ്ട ഒന്നുണ്ട്. ഇതുവഴി വെറും 'കവിതയെഴുത്തുകാർ' ആകാനേ നമുക്കു പറ്റൂ. 'കവി'യായി എന്ന്‍ ഒരു ഘട്ടത്തിലും കയറി വിചാരിച്ചു കളയരുത്. കവിയാകാൻ തക്ക 'ദ്രവ്യ'ങ്ങൾ കയ്യിലുണ്ടെങ്കിൽ ഈ ഞുണുക്കുവിദ്യയൊന്നും വേണ്ടല്ലോ. കവിത്വമുള്ളവര്‍ മുറ്റത്തെ മാവിന്റെ താഴ്ന്ന കൊമ്പിൽ നിന്ന്‍ മാങ്ങാ പറിക്കുന്നതു പോലെ നിസ്സാരമായി കവിതയെഴുതും. നമ്മുടെ സ്ഥിതി അതാണോ? ഒന്നാമത് പൊക്കം കുറവ്, മാങ്ങയാണെങ്കിൽ മുകളിലെ കൊമ്പിലും. അങ്ങനെയുള്ളവർക്കുള്ള ഏണിയാണ് ഈ 'കവിതാ സഹായി'. ഏണിയിൽ കയറുമ്പോൾ സൂക്ഷിക്കണമെന്ന്‍ പ്രത്യേകം പറയേണ്ടതില്ലല്ലോ?

 

ചിരപ്രതിഷ്ഠരും, ഭാവനാശാലികളുമായ മലയാള കവികളുടെയൊന്നും കണ്‍വെട്ടത്തു പോകുകയോ, അവരെപ്പറ്റി മോശം പറയുകയോ, അവരുടെ കവിതകൾ വിശകലനം ചെയ്യുകയോ ഒന്നും അരുത്. നാട്ടിലെ ചെറിയ, യുവരശ്മി ആർട്ട്‌സ് ആന്റ് സ്‌പോർട്ട്‌സ് ക്ലബ്ബ് പോലുള്ള തട്ടകങ്ങളിലെ കളി മതി നമുക്ക്.

 

പിന്നെ എന്തെങ്കിലും രണ്ടു വിവരക്കേട് പറഞ്ഞേ തീരൂ, എന്നാണെങ്കിൽ വ്യാകരണ ശാസ്ത്രത്തിന്റെ തലതൊട്ടപ്പൻ പാണിനിക്കിട്ട് പണി കൊടുക്കുകയോ, വാക്യഘടനാ ശാസ്ത്രത്തിന്റെ (Syntax) പിതാവ് നോം ചോംസ്‌ക്കിയെ ചെറുങ്ങനെ ചൊറിയുകയോ ഒക്കെ ചെയ്യുന്നതായിരിക്കും സേഫ്.  ഒന്നുമില്ലെങ്കിലും നേരിട്ടുള്ള അടി പേടിക്കണ്ടല്ലോ.

 

പേറ്റന്റ്: ഈ വിദ്യ പകർന്നുതന്ന, ഗുരുവും സുഹൃത്തുമായിരുന്ന ഡോക്ടർ എം.പി. ആൻഡ്രൂസ് കുട്ടിക്ക്, കരളിൽ നിന്നൊരു തിലോദകം.