Skip to main content
ന്യൂഡല്‍ഹി

vs achuthanandanസോളാര്‍ തട്ടിപ്പ് സംബന്ധിച്ച ജുഡിഷ്യല്‍ അന്വേഷണത്തിന്റെ കാര്യത്തില്‍ മുഖ്യമന്ത്രിയുമായി പ്രതിപക്ഷം ചര്‍ച്ച നടത്തില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. മുഖ്യമന്ത്രി ഉമ്മൻചാണ്ടി മാറി നിൽക്കാതെയുള്ള അന്വേഷണം നിഷ്പക്ഷവും നീതിപൂർവകവും ആവില്ലെന്നും വി.എസ് പറഞ്ഞു.

 

മുഖ്യമന്ത്രിയുടെ ഓഫീസ് അന്വേഷണ പരിധിയില്‍ വരണം. മുഖ്യമന്ത്രി ഉള്‍പ്പെടാത്ത ഒരു ജുഡിഷ്യല്‍ അന്വേഷണം നീതിപൂര്‍വകമാവില്ല. അതേസമയം, മുഖ്യമന്ത്രി തല്‍സ്ഥാനത്ത് തുടര്‍ന്നാല്‍ നിഷ്പക്ഷമായ അന്വേഷണം നടക്കില്ലെന്നും വി.എസ് പറഞ്ഞു. സി.പി.ഐ.എം. കേന്ദ്ര കമ്മിറ്റിയില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലെത്തിയ വി.എസ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

 

ജുഡീഷ്യൽ അന്വേഷണത്തിന്റെ പരിഗണനാ വിഷയങ്ങൾ (ടേംസ് ഒഫ് റഫറൻസ്) സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്ന് അഭ്യർത്ഥിച്ച് ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ എൽ.ഡി.എഫ് കൺവീനർ വൈക്കം വിശ്വന് കത്തു നൽകിയിട്ടുണ്ട്.  ഇതില്‍ തിങ്കളാഴ്ച ചേരുന്ന ഇടതുമുന്നണി യോഗം തീരുമാനമെടുക്കുമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി  പിണറായി വിജയൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു..

 

സോളാര്‍ കേസില്‍ കോടതിയെ സമീപിക്കാന്‍ സി.പി.ഐ.എം. കേന്ദ്ര കമ്മിറ്റി വി.എസിന് അനുമതി നല്‍കിയിട്ടുണ്ട്. തുടര്‍ന്ന് ശനിയാഴ്ച രാത്രി വി.എസ്. മുതിര്‍ന്ന അഭിഭാഷകന്‍ രാംജെഠ്മലാനിയെ സന്ദര്‍ശിച്ചു.