കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിന്റെ മുന്നണി പ്രവേശനത്തില്‍ സി.പി.എമ്മിനെതിരെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. സംസ്ഥാനത്ത് തുടര്‍ഭരണ സാധ്യതയുണ്ട് ഇതിനെ ദുര്‍ബലപ്പെടുത്തരുതെന്നും സാമൂഹിക അകലം പാലിക്കേണ്ട സമയമാണിതെന്നും ജോസ്പക്ഷത്തെ പരോക്ഷമായി സൂചിപ്പിച്ച് കാനം പ്രതികരിച്ചു. വരികയും പോവുകയും ചെയ്യുന്നവരെ സ്വീകരിച്ചല്ല മുന്നണിയുടെ അടിത്തറ വികസിപ്പിക്കേണ്ടതെന്നും കാനം പറഞ്ഞു.
മുന്നണി എന്നത് കക്ഷികളുടെ നിലപാടിന്റെ അടിസ്ഥാനത്തിലുള്ളതാണ്. ജോസ് കെ മാണി യു.ഡി.എഫ് വിട്ടിട്ടില്ല. മൂന്ന് മുന്നണിയുമായി വിലപേശുകയാണ് അവര്‍. ജോസ് കെ മാണി വിഭാഗത്തിന്റെ പല എം.പിമാരും നിലവില്‍ യു.പി.എയുടെ എം.പിമാരാണ്. അതൊക്കെ അവര്‍ ഉപേക്ഷിക്കട്ടെ അപ്പോള്‍ ആലോചിക്കാം എന്നും കാനം.
ഒറ്റയ്ക്ക് നില്‍ക്കുന്നതിലെ പ്രശ്നം 1965ലെ ചരിത്രം ഓര്‍മ്മിപ്പിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാകൃഷ്ണന് ചൂണ്ടിക്കാണിച്ചതിനോടും കാനം രാജേന്ദ്രന് പ്രതികരിച്ചു. 1965ലെ ചരിത്രം കോടിയേരി ഒന്നുകൂടി വായിച്ച് നോക്കണം. 1965ല്‍ ലീഗുമായി ധാരണയുണ്ടാക്കിയാണ് സി.പി.എം മല്‍സരിച്ചതെന്നും കോടിയേരിക്കുള്ള മറുപടിയായി കാനം പറഞ്ഞു.
ജോസ് കെ മാണിയെ മുന്നണിയിലെടുക്കുന്നതുമായി ബന്ധപ്പെട്ട് അനുകൂല നിലപാടല്ല സി.പി.ഐ സ്വീകരിച്ചിരിക്കുന്നത്. ഓടിവന്ന് കയറാന്‍ അവശനിലയിലായവരുടെ വെന്റിലേറ്ററല്ല ഇടതുമുന്നണി എന്നായിരുന്നു ഇത് സംബന്ധിച്ച് കാനം രാജേന്ദ്രന്റെ ആദ്യ പ്രതികരണം. ജോസ് കെ മണിയുമായുള്ള സഹകരണത്തെ എതിര്‍ത്ത് ജെ.ഡി.എസ്സും രംഗത്തെത്തിയിരുന്നു. എന്നാല്‍ ജോസ് വിഭാഗത്തെ കൈവിടാത്ത നിലപാടാണ് സി.പി.എം സ്വീകരിക്കുന്നത്.