പരസ്യചിത്രത്തിലൂടെ അഭിനയരംഗത്ത് തിരിച്ചെത്തിയ മഞ്ജുവാര്യർ മൂന്ന് സിനിമകളിലേക്കും. രഞ്ജിത്ത്, സിബിമലയിൽ, ഗീതുമോഹൻദാസ് എന്നിവരുടെ ചിത്രങ്ങളാണ് മഞ്ജു കഥകേട്ട് സമ്മതം പറഞ്ഞിരിക്കുന്നത്. അധികം വൈകാതെ ഈ ചിത്രങ്ങളുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവും. മഞ്ജുവിന്റെ സൂപ്പര്‍ഹിറ്റുകളായ പ്രണയവര്‍ണ്ണങ്ങള്‍, സമ്മര്‍ ഇന്‍ ബെത്ലെഹം എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് സിബി മലയില്‍. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത ഹൃസ്വ ചിത്രം കേള്‍ക്കുന്നുണ്ടോ ദേശീയ പുരസ്കാരം നേടിയിരുന്നു.
22 ഫീമെയിൽ തമിഴിലേക്ക്
ആഷിഖ് അബു സംവിധാനം ചെയ്ത 22 ഫീമെയിൽ കോട്ടയം തമിഴിലേക്ക്. ജയഭാരതിയുടെയും സത്താറിന്റെയും മകൻ കൃഷ് ജെ. സത്താർ നായകനാവുന്ന തമിഴ് ചിത്രത്തിന്റെ പേര് മാലിനി 22 പാളയംകോട്ടൈ എന്നാണ്. നടിയും സംവിധായികയുമായ ശ്രീപ്രിയ രാജ്കുമാറാണ് സംവിധാനം. ഫഹദിന്റെ വേഷം കൃഷ് കൈകാര്യം ചെയ്യുമ്പോൾ റിമാ കല്ലിങ്ങലിന്റെ വേഷം നിത്യാ മേനോനാണ്. മലയാളത്തിൽ സിദ്ദിഖിന്റെ ലേഡീസ് ആൻഡ് ജന്റിൽമാനിലൂടെ അരങ്ങേറ്റം കുറിച്ച കൃഷിന്റെ ആദ്യ തമിഴ്-തെലുങ്ക് ചിത്രമാണ് മാലിനി 22. മാലിനി 22 പാളയംകോട്ടൈക്കു ക്യാമറ ചലിപ്പിക്കുന്നതു മനോജ് പിള്ളയാണ്. ശ്രീകർ പ്രസാദിന്റെ ശിഷ്യൻ ബാവൻ ശ്രീകുമാറാണ് എഡിറ്റിങ്ങ്.
ഗോപീസുന്ദർ നടനാകുന്നു
പ്രമുഖ ഗായകനും സംഗീതസംവിധായകനുമായ ഗോപി സുന്ദർ നടനാവുന്നു. സ്ത്രീകഥാപാത്രങ്ങൾക്ക് പ്രാധാന്യം നൽകി രാകേഷ് ഗോപൻ ഒരുക്കുന്ന 100 ഡിഗ്രി സെൽഷ്യസ് എന്ന ചിത്രത്തിലൂടെയാണ് ഗോപി സുന്ദർ അഭിനയ രംഗത്തേക്ക് കടക്കുന്നത്. ചിത്രത്തിലെ പ്രധാനപ്പെട്ടൊരു കഥാപാത്രത്തെയാണ് ഗോപി അവതരിപ്പിക്കുക. ചിത്രത്തിന് സംഗീതം പകരുന്നതും ഗോപി തന്നെ. ശ്വേത മേനോൻ, മേഘ്ന രാജ്, ഭാമ, അനന്യ, ഹരിത, സേതു, അനിൽ മുരളി, അരുണ്‍ നാരായണൻ തുടങ്ങിയവരാണ് മറ്റുതാരങ്ങൾ.