കൊവിഡ് സ്ഥിതിഗതികള്‍ അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചു ചേര്‍ത്ത യോഗം ഇന്ന്. യോഗത്തില്‍ സംസാരിക്കാന്‍ കേരളത്തിന് അവസരമില്ല. ഇക്കാര്യം പ്രധാനമന്ത്രിയുടെ ഓഫീസ് വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന് വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നില്ലെന്ന് തീരുമാനിച്ചു. ഇന്ന് 7 സംസ്ഥാനങ്ങള്‍ക്കാണ് പ്രധാനമന്ത്രിയുമായി സംസാരിക്കാനുള്ള അവസരം നല്‍കുക എന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.
രോഗവ്യാപനം കുറവുള്ള സംസ്ഥാനങ്ങളെ ഇന്നും കൂടുതലുള്ള സംസ്ഥാനങ്ങളെ നാളെയും എന്ന രീതിയിലാണ് തരംതിരിച്ചിരുന്നത്. പഞ്ചാബ്, ത്രിപുര, ഗോവ, അരുണാചല്‍ പ്രദേശ്, ആന്‍ഡമാന്‍ നിക്കോബാര്‍, ലക്ഷദ്വീപ് തുടങ്ങിയവയ്ക്കാണ് ഇന്ന് പ്രധാനമന്ത്രിയുമായി സംസാരിക്കാനുള്ള അവസരം. മഹാരാഷ്ട്ര, തമിഴ്നാട്, ഉത്തര്‍പ്രദേശ്, ബിഹാര്‍, തെലങ്കാന, കര്‍ണാടക എന്നീ സംസ്ഥാനങ്ങള്‍ക്ക് നാളെയും അവസരം നല്‍കും. എല്ലാ സംസ്ഥാനങ്ങള്‍ക്കും അവസരം നല്‍കാത്തതിനെതിരെ സി.പി.എം അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി.
കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും 21 മുഖ്യമന്ത്രിമാരുമായി ഇന്നും 15 മുഖ്യമന്ത്രിമാരുമായി നാളെയും പ്രധാനമന്ത്രി ചര്‍ച്ച നടത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.