Skip to main content

രാജ്യം ശക്തമായി കൊറോണ ഭീഷണിയെ നേരിടുകയാണെന്നും ജനങ്ങളാണ് പോരാട്ടം നയിക്കുന്നത് എന്നും ലോക്ക്ഡൗണില്‍ ഇളവുകള്‍ നല്‍കിയ സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രതയോടെ മുന്നോട്ട് പോകണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊറോണ പ്രതിസന്ധിയില്‍ നിന്ന് രാജ്യത്തെ സാമ്പത്തിക മേഖല പതിയെ തിരിച്ച് വരികയാണെന്നും മോദി വ്യക്തമാക്കി. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മറ്റ് രാജ്യങ്ങളില്‍ നിന്നും വ്യത്യസ്തമായിട്ടുള്ള വെല്ലുവിളിയാണ് ഇന്ത്യ നേരിടുന്നത്. ജനസംഖ്യ കൂടുതലായിട്ടും കൊറോണയെ പ്രതിരോധിക്കാന്‍ ഇന്ത്യക്ക് സാധിച്ചു. ഈ പോരാട്ടം നയിക്കുന്നത് ജനങ്ങളാണ്.  എല്ലാ ജനങ്ങളും കൊവിഡ് പോരാട്ടത്തില്‍ പങ്കാളികളായി എന്നും സാധാരണക്കാര്‍ ഇക്കാലയളവില്‍ ഒട്ടേറെ ത്യാഗങ്ങള്‍ സഹിച്ചുവെന്നും പരസ്പരം സഹായിക്കാന്‍ ജനങ്ങള്‍ മുന്നിട്ടിറങ്ങി എന്നും പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചു. 

തൊഴിലാളികളെ ശാക്തീകരിക്കേണ്ടത് വികസനത്തിന് ആവശ്യമാണെന്നും തൊഴിലാളികളുടെ ശക്തി രാജ്യം പ്രയോജനപ്പെടുത്തി രാജ്യം സ്വയപര്യാപ്തതയിലേക്ക് നീങ്ങുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. 

രാജ്യത്തിനകത്ത് ആഗോളബ്രാന്‍ഡുകള്‍ വികസിപ്പിക്കുമെന്നും വിദേശത്ത് നിന്നുള്ള ഇറക്കുമതി കുറയ്ക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. യോഗയും ആയുര്‍വേദവും കൊവിഡ് പ്രതിരോധത്തില്‍ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന കാര്യത്തില്‍ വിദേശനേതാക്കളും താല്‍പ്പര്യം പ്രകടിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. 

വെട്ടുക്കിളി ആക്രമണം പ്രതിരോധിക്കാന്‍ സാധ്യമായത് ചെയ്യുന്നുണ്ടെന്നും പശ്ചിമ ബംഗാളും ഒഡീഷയും നേരിട്ടത് വലിയ ദുരന്തമാണെന്നും രാജ്യം രണ്ട് സംസ്ഥാനങ്ങള്‍ക്കൊപ്പം നില്ക്കുന്നുവെന്നും മോദി. 

ആയുഷ്മാന്‍ ഭാരതില്‍ ഒരു കോടി കുടുബങ്ങള്‍ പങ്കാളികളായെന്നും ഒരു കോടി പേര്‍ക്ക് പദ്ധതി വഴി സൗജന്യ ചികില്‍സ ഉറപ്പാക്കാനായെന്നും ഇതില്‍ 80% പേര്‍ ഗ്രാമങ്ങളിലുള്ളവരാണെന്നും സത്യസന്ധരായ നികുതിദായകര്‍ ഇതില്‍ പങ്കാളികളാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.