ഡെറാഡൂണിലെ രജോ എന്ന ഇരുപത്തി ഒന്നുകാരിക്ക് ഭര്ത്താക്കന്മാര് അഞ്ചാണ്. അഞ്ചു പേരും സഹോദരരുമാണ്. മഹാഭാരതത്തിലെ പാഞ്ചാലിക്ക് ഓരോ വര്‍ഷം എന്നായിരുന്നു ഭര്ത്താക്കന്മാരുടെ ഊഴമെങ്കില്‍ രജോക്കത് ദിവസേനയാണ്. എങ്കിലും രജോക്ക് പരാതിയേതുമില്ലെന്ന് മാത്രമല്ല, മറ്റു സ്ത്രീകളെക്കാളും സ്നേഹവും കരുതലും ലഭിക്കുന്ന ഭാര്യയാണ് താനെന്ന് ഉറച്ച വിശ്വാസവുമുണ്ട്.
നാല് വര്‍ഷങ്ങള്‍ക്കു മുന്‍പാണ് രജോ വര്‍മ, ഗുഡ്ഡൂവിനെ വിവാഹം ചെയ്യുന്നത്. പിന്നീട് സഹോദരന്മാരായ ബൈജു(32), സന്ത്റാം(28), ഗോപാല്‍ (26), ദിനേഷ്(19) എന്നിവരും വൈകാതെ ഗുഡ്ഡൂവിന്റെ പിന്നില്‍ അണിചേര്‍ന്നു. 18 വയസ്സായ ഉടന്‍ ദിനേഷ് രജോയെ വിവാഹം ചെയ്യുകയായിരുന്നു. നിയമം 21 വയസ്സാണെന്നൊന്നും പറയണ്ട, ഔദ്യോഗികമായി ഗുഡ്ഡൂ മാത്രമാണ് രജോയുടെ ഭര്‍ത്താവ്.
ഒന്നര വയസ്സായ ഒരു മകനുണ്ട് ഈ വലിയ സന്തുഷ്ട കുടുംബത്തിന്. പക്ഷെ, കുട്ടിയുടെ അഛന് ആരെന്നു മാത്രം രജോയോടു ചോദിക്കരുത്. രജോ തന്റെ അമ്മയോടും ആ ചോദ്യം ചോദിച്ചിട്ടില്ല. മൂന്ന് സഹോദരരുടെ ഭാര്യയായിരുന്നു രജോയുടെ അമ്മയും.
മലയാളത്തില്‍ ഭരതനും ലോഹിതദാസും ചേര്‍ന്നൊരുക്കിയ ചലച്ചിത്രം വെങ്കലത്തിന്റെ കഥ ഹിമാലയത്തിന്റെ ഈ താഴ്വാര പ്രദേശങ്ങളില്‍ പുതുമയല്ല. കൃഷിഭൂമി ഭാഗം വെച്ചുപോകാതിരിക്കുക എന്നതാണ് ഈ രീതിയുടെ പ്രധാന ലക്ഷ്യം. ഒപ്പം ജനസംഖ്യയില്‍ സ്ത്രീകളുടെ എണ്ണം കുറയുന്നതിന്റെ സാമൂഹ്യ പ്രശ്നങ്ങള്‍ എടുത്തുകാട്ടിയ മനിഷ് ജായുടെ ചലച്ചിത്രം മാതൃഭൂമിയും ഇപ്പോള്‍ ഈ പ്രദേശങ്ങളില്‍ യാഥാര്‍ഥ്യമായിക്കൊണ്ടിരിക്കുകയാണ്.
ഒറ്റമുറി വീടില് കമ്പിളി പുതപ്പുകള്‍ക്ക് മുകളില്‍ കിടന്നുറങ്ങുമ്പോഴും പരാതികളില്ലാതെ എങ്ങിനെ സഹോദരരെ മുന്നോട്ടു കൊണ്ട് പോകുന്നു എന്ന് ചോദിച്ചാല്‍ രജോയുടെ ഉത്തരം ലളിതമാണ്. ഒരാളോടും മറ്റൊരാളെക്കാള്‍ കൂടുതല്‍ ഇഷ്ടം കാണിക്കാറില്ല. പാഞ്ചാലിക്ക് അതൊരു പാഠമായിരിക്കും.