പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി ചര്‍ച്ച നടത്തും. മൂന്ന് മണിക്കാണ് യോഗം വിളിച്ചിരിക്കുന്നത്. ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നത് സംബന്ധിച്ചും ലോക്ക്ഡൗണിന് ശേഷം സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ചുമാകും ചര്‍ച്ചയെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. കൊറോണവൈറസുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി നടത്തുന്ന അഞ്ചാമത്തെ വീഡിയോ കോണ്‍ഫറന്‍സാണിത്.
ഹോട്ട്സ്പോട്ടുകളില്‍ കൊറോണയെ നേരിടുന്നതിനുള്ള നിയന്ത്രണങ്ങളെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നാണ് സൂചന. കുടിയേറ്റ തൊഴിലാളികളുടെ യാത്ര സംബന്ധിച്ചും ചര്‍ച്ച ചെയ്യും.
രാജ്യവ്യാപകമായി പ്രഖ്യാപിച്ച മൂന്നാംഘട്ട ലോക്ക്ഡൗണ്‍ 17ന് അവസാനിക്കുകയാണ്. ഈ സാഹചര്യത്തില്‍ കൂടിയാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തുന്നത്.