Skip to main content

വീട്ടിലേക്ക് പലചരക്ക് സാധനങ്ങള്‍ വാങ്ങാന്‍ കടയില്‍ പോയ മകന്‍ തിരിച്ചെത്തിയത് ഭാര്യയുമായെന്ന് സാഹിബാബാദ് പോലീസ് സ്‌റ്റേഷനില്‍ അമ്മയുടെ പരാതി. ബുധനാഴ്ചയാണ് ഗുഡ്ഡു എന്ന യുവാവിന്റെ അമ്മ പരാതിയുമായി പോലീസ് സ്‌റ്റേഷനിലെത്തിയത്. താനറിയാതെ നടത്തിയ വിവാഹം അംഗീകരിക്കാനാവില്ലെന്ന് അവര്‍ പോലീസിനെ അറിയിച്ചു. 

സവിത എന്ന പെണ്‍ക്കുട്ടിയെ രണ്ട് മാസം മുന്‍പ് ഹരിദ്വാറിലെ ആര്യസമാജത്തില്‍ വെച്ച് വിവാഹം ചെയ്തതാണെന്ന് ഇരുപത്തിയാറുകാരനായ ഗുഡ്ഡു പറഞ്ഞു. സാക്ഷികളില്ലാതിരുന്നതിനാല്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ലെന്നും സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ ഹരിദ്വാറില്‍ പോവാനിരിക്കെയാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതെന്നും ഡല്‍ഹിയില്‍ ഒരു വാടകവീട്ടിലാണ് സവിതയെ താമസിപ്പിച്ചിരുന്നതെന്നും വീടൊഴിയാന്‍ ഉടമ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വരാന്‍ തരുമാനിച്ചതെന്നും ഗുഡ്ഡു പറഞ്ഞു.

എന്നാല്‍ മരുമകളെ വീട്ടില്‍ കയറ്റില്ലെന്ന വാശിയിലാണ് ഗുഡ്ഡുവിന്റെ അമ്മ. അതിനാല്‍ തല്‍ക്കാലം ദമ്പതിമാരോട് ഡല്‍ഹിയിലെ വാടകവീട്ടില്‍ തന്നെ കഴിയാന്‍ പോലീസ് ആവശ്യപ്പെട്ടു. ഒരു തീരുമാനത്തിലെത്തുന്നത് വരെ ഇരുവരെയും വാടകവീട്ടില്‍ താമസിപ്പിക്കാന്‍ വീട്ടുടമയോടും പോലീസ് ആവശ്യപ്പെട്ടു.