കൊറോണവൈറസ് പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ അവസാനിക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ രാവിലെ 10 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. ലോക്ക്ഡൗണിന്റെ കാര്യത്തില്‍ പ്രധാനമന്ത്രി നിര്‍ണ്ണായക പ്രഖ്യാപനം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശനിയാഴ്ച മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ ലോക്ക്ഡൗണ്‍ നീട്ടാന്‍ ധാരണയായിരുന്നു.
ദേശീയതലത്തില്‍ അടച്ചിടല്‍ 14ന് ശേഷം നീട്ടുമ്പോള്‍ കൃഷിക്കും അതുമായി ബന്ധപ്പെട്ട വ്യവസായ മേഖലയ്ക്കും ചില ഇളവുകള്‍ നല്‍കുമെന്നാണ് സൂചന. മുഖ്യമന്ത്രിമാര്‍ ഉന്നയിച്ച ഈ ആവശ്യത്തോട് പ്രധാനമന്ത്രി അനുകൂലമായാണ് പ്രതികരിച്ചത്.
കൊറോണ വ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ പ്രദേശങ്ങളെ മൂന്നായി തിരിച്ചായിരിക്കും നിയന്ത്രണങ്ങളില്‍ ഇളവനുവദിക്കാന്‍ സാധ്യത. രോഗത്തിന്റെ വ്യാപനം കൂടുതലുള്ള സ്ഥലങ്ങളില്‍ ചുവപ്പ് അല്പം കുറവുള്ളവ മഞ്ഞ, സുരക്ഷിതമായ സ്ഥലങ്ങളില്‍ പച്ച എന്നിങ്ങനെയായിരിക്കും മേഖലകളെ തരംതിരിക്കുക.