രാഷ്ട്രതന്ത്ര അധ്യാപകന്‍ ഡോ. എന്‍. ജയദേവന്റെ രാഷ്ട്രീയ നിരീക്ഷണ പംക്തി. |
ഏതാണ്ട് ഒരു മാസക്കാലമായി കേരള രാഷ്ട്രീയത്തെ പ്രക്ഷുബ്ധമാക്കിക്കൊണ്ടിരിക്കുന്നത് ഒത്ത യൗവനത്തിന്റെ മദ്ധ്യാഹ്നത്തിൽ വിഹരിക്കുന്ന മൂന്ന്‍ യുവ കോമളകളാണ്. ഈ മൂന്ന്‍ സുന്ദരികൾക്ക് ചുറ്റും ഭ്രമണം ചെയ്യുകയാണ് പുരോഗമനത്വം കൊടിയടയാളമായിട്ടുള്ളതെന്ന്‍ പ്രചുരപ്രചാരം ലഭിച്ച കേരള രാഷ്ട്രീയവും അതിലെ ജഗജില്ലന്മാരായ നേതൃപടയും. പല പേരിൽ പല വേഷത്തിൽ പലരുടെ മുന്നിൽ അവതരിച്ചിരുന്ന ലക്ഷ്മിനായർ എന്ന സരിതാനായർ, നടിയും നർത്തകിയുമായ ശാലുമേനോൻ, പേര് ഇനിയും വെളിപ്പെടുത്തപ്പെടാത്ത ഒളിക്യാമറാവിദഗ്ദ്ധയായ യുവതീരത്‌നവുമാണ് തങ്ങളുടെ സാരിത്തുമ്പിൽ കേരളരാഷ്ട്രീയത്തെ വട്ടം ചുറ്റിച്ചുകൊണ്ടിരിക്കുന്നത്. കയ്യിലിരുപ്പ് മൂന്നാം തരമാണെങ്കിലും, ദോഷം പറയരുതല്ലോ പേരിന്റെ കാര്യത്തിൽ തറവാടിത്തവും ആഢ്യത്വവുമുള്ളവരാണ് സരിതയും ശാലുവും. പറഞ്ഞു കേട്ടിടത്തോളം അടുത്തയാളും മോശക്കാരിയല്ല. ആരു പറഞ്ഞു കേരളത്തിലെ സ്ത്രീകൾ രണ്ടാംകിടക്കാരും ദുർബലരും ആലംബഹീനരും പുരുഷമേധാവിത്വത്തിൻ കീഴിൽ കീഴാളത്വം പേറുന്നവരുമാണെന്ന്‍? എത്ര അതിവേഗത്തിലാണ് ഈ സ്ത്രീകൾ കള്ളത്തരത്തിലും ചതിയിലും കാപട്യത്തിലും പുരുഷന്മാരെ ബഹുദൂരം പിന്നിലാക്കിയത്. ''സ്ത്രീ ശാക്തീകരണത്തിന്റെയും വിമോചനത്തിന്റെയും'' പുതുപുത്തൻ മാതൃകകളാണ് ഈ സ്ത്രീകൾ കേരളത്തിൽ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും ഒരുപോലെ മുൾമുനയിൽ നിർത്തിക്കൊണ്ട് ഭരണ സംവിധാനത്തെയാകെ പിടിച്ചുലയ്ക്കുന്നതിൽ കേരള സ്ത്രീത്വത്തിന്റെ ഈ 'നവമാതൃകകൾ' വിജയക്കൊടി പാറിക്കുകയാണ്.
മേയ് മാസത്തിൽ കേരളീയർ ആസ്വദിച്ച ഹോട്ട് ന്യൂസ് സമ്മാനിച്ചത് മന്ത്രിയായിരുന്ന കെ.ബി. ഗണേഷ് കുമാറാണ്. പരസ്ത്രീയെ പിൻവാതിലിലൂടെ സർക്കാർ മന്ദിരത്തിൽ കടത്തി ഗണേഷ് അഭീഷ്ടസിദ്ധി വരുത്തിയ ചൂടൻ വാർത്ത മാലോകരെ അറിയിച്ചത് മറ്റാരുമല്ല, ഗണേഷിന്റെ ഭാര്യ സാക്ഷാൽ യാമിനി തങ്കച്ചി തന്നെ. യാമിനി പറഞ്ഞത് സത്യമാകാതിരിക്കാൻ വഴിയില്ല. കാരണം കൂടെ കിടക്കുന്നവർക്കേ രാപ്പനി അറിയാനാകുവെന്നാണല്ലോ ചൊല്ല്.
അങ്ങനെ ഗണേഷ് എപ്പിസോഡ് മൂലം പ്രതിച്ഛായയ്ക്ക് ഗ്ലാനി സംഭവിച്ചും ആക്രമണായുധത്തിന്റെ മുനയൊടിഞ്ഞും ഉമ്മൻചാണ്ടി ഭരണം തീർത്തും പ്രതിരോധത്തിലായ സന്ദർഭത്തിലാണ് ടീം സോളാർ തട്ടിപ്പും അതിലെ മുഖ്യ കഥാപാത്രങ്ങളായ ബിജു രാധാകൃഷ്ണനും സരിതയ്ക്കും മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസുമായുമുള്ള ബന്ധം പുറത്തുവരുന്നത്. മുഖ്യമന്ത്രിയുടെ വിശ്വസ്തരും സന്തത സഹചാരികളുമായ ജോപ്പൻ, സലീംരാജ്, ജിക്കുജേക്കബ് എന്നിവർ സരിതയുമായി പുലർത്തിയിരുന്ന ഉറ്റ ബന്ധത്തിന്റെ ബഹുവർണ്ണകഥകൾ പൊടിപ്പും തൊങ്ങലും ചാലിച്ച് സചിത്ര വാർത്തകളായി മലയാള മാധ്യമങ്ങൾ ആഘോഷിച്ചു തുടങ്ങി. ഇതിനിടയിൽ മുഖ്യമന്ത്രി ബിജു രാധാകൃഷ്ണനുമായി നടത്തിയ ഒരു മണിക്കൂർ ദൈർഘ്യമുളള രഹസ്യസംഭാഷണത്തിന്റെ വാർത്തകൾ പുറത്തുവന്നു. ഇതെല്ലാം പ്രതിപക്ഷത്തിന് ലഭിച്ച ആഗ്നേയാസ്ത്രങ്ങളായിരുന്നു. സ്വാഭാവികമായും പ്രതിപക്ഷം നിയമസഭയ്ക്കുള്ളിൽ കത്തിക്കയറി.
പ്രതിപക്ഷാക്രമണത്തിനു മുന്നിൽ പ്രതിരോധത്തിന്റെ സർവ്വ കവചകുണ്ഡലങ്ങളും നഷ്ടപ്പെട്ട മുഖ്യമന്ത്രിയും ഭരണപക്ഷവും തീർത്തും ദുർബലരായി. ബിജു രാധാകൃഷ്ണനുമായി താൻ ഒരു മണിക്കൂർ നേരം രഹസ്യസംഭാക്ഷണം നടത്തിയെന്നും അത് കുടുംബ പ്രശ്‌നമാണെും വെളിപ്പെടുത്താനാകില്ലെന്നുമുള്ള ഉമ്മൻചാണ്ടിയുടെ സഭയ്ക്കുള്ളിലെ ഏറ്റു പറച്ചിൽ ഭരണപക്ഷത്തെ പുലിവാലിൽ പിടിച്ച അവസ്ഥയിലാക്കി. ഉമ്മൻചാണ്ടി രാജിവെച്ച് ജുഡീഷ്യൻ അന്വേഷണം വേണമെന്ന പ്രതിപക്ഷ ആവശ്യത്തിന് മൂർച്ചകൂട്ടുന്നതായി മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തൽ. ബിജു രാധാകൃഷ്ണനുമായി എന്ത് കുടുംബപ്രശ്‌നം, ആരുടെ കുടുംബപ്രശ്‌നമാണ് മുഖ്യമന്ത്രി ചർച്ച ചെയ്തതെന്ന ചോദ്യം സഭയ്ക്കുള്ളിലും പുറത്തും പൊതുജനമനസ്സുകളിലും ഉയർന്നു. സാധാരണഗതിയിൽ ഒരു പൊതു പ്രവർത്തകൻ മറ്റൊരാളിന്റെ കുടുംബപ്രശ്‌നത്തിൽ ഇടപെടണമെങ്കിൽ പ്രശ്‌നകാരി അയാളുടെ നാട്ടുകാരനായിരിക്കണം, അല്ലെങ്കിൽ സുഹൃത്തോ, ബന്ധുവോ, പാർട്ടിയിലെ സഹപ്രവർത്തകനോ ആയിരിക്കണം. ബിജു രാധാകൃഷ്ണൻ എന്ന ക്രിമിനൽ, ഉമ്മൻചാണ്ടിക്ക് ഇതൊന്നുമായിരുന്നില്ല, തികച്ചും അപരിചിതനായിരുന്നുവെന്ന്‍ ഉമ്മൻചാണ്ടി തന്നെ പറയുന്നു. എന്നിട്ടും എന്ത് കുടുംബപ്രശ്‌നമാണ് ഉമ്മൻചാണ്ടി ഈ കൊടും ക്രിമിനലുമായി സംസാരിച്ചതെന്ന സംശയം ദുരൂഹത വർദ്ധിപ്പിക്കുന്നു. ഇത് ഉമ്മൻചാണ്ടിയും ടീം സോളാറും തമ്മിൽ പുറത്തറിയിക്കാനാകാത്ത എന്തൊക്കെയോ അവിശുദ്ധ ബന്ധമുണ്ടെന്ന സംശയത്തെ ബലപ്പെടുത്തുന്നു. ഉമ്മൻചാണ്ടിയുടെ പി.എമാരും ഗണ്മാനും മറ്റുമായുള്ള ഈ തട്ടിപ്പു സംഘത്തിന്റെ ബന്ധവും ഈ സംശയം ശക്തിപ്പെടുത്തുന്നതാണ്. ഈ സാഹചര്യത്തിൽ ഉമ്മൻചാണ്ടി രാജിവെയ്ക്കണമെന്ന ആവശ്യം സാങ്കേതികമായും രാഷ്ട്രീയമായും ധാർമ്മികമായും ശരിയാണ്. ഉമ്മൻചാണ്ടി തത്വങ്ങൾക്കും രാഷ്ട്രീയ സദാചാരത്തിനും ധാർമ്മിക മൂല്യങ്ങൾക്കും വിലകല്പ്പിക്കുന്നുണ്ടെങ്കിൽ, കരുണാകരനെ കടത്തിവെട്ടുന്ന കള്ളങ്ങളും മറു കള്ളങ്ങളും ആവർത്തിച്ച് അധികാരത്തിൽ കടിച്ചു തൂങ്ങാൻ ബദ്ധപ്പെടാതെ രാജിവെച്ചു പുറത്തുപോകേണ്ടതു തന്നെയാണ്.
ഇപ്രകാരം ഭരണപക്ഷം ആവനാഴിയിലെ സർവ്വ അസ്ത്രങ്ങളും നഷ്ടപ്പെട്ട്, കരചരണമറ്റ് കിടക്കുന്ന വാസവദത്തയുടെ ദയനീയാവസ്ഥയിലും പ്രതിപക്ഷം വർദ്ധിത വീര്യത്തോടെ ധർമ്മായുധങ്ങൾ ഉയർത്തി ആക്രമിച്ച് മുന്നേറുമ്പോഴുമാണ് പ്രതിപക്ഷത്തെ ഒരു പ്രമുഖ നേതാവും മുൻമന്ത്രിയുമായ ജോസ് തെറ്റയിൽ ഒരു യുവസുന്ദരിയുമായി നടത്തിയ ലൈംഗിക കേളികളുടെ നീലചിത്രം ടിവി ചാനലുകൾ പ്രക്ഷേപണം ചെയ്തുകൊണ്ട് പ്രതിപക്ഷത്തെ അസ്തപ്രജ്ഞരാക്കിയത്. തന്റെ മകനെക്കൊണ്ട് വിവാഹംകഴിപ്പിക്കാമെന്ന്‍ വാഗ്ദാനം നൽകി യുവതിയെ തെറ്റയിൽ ലൈംഗികമായി ഉപയോഗിച്ചുവെന്ന, മലയാളിയുടെ സദാചാര ബോധത്തിൽ ബോംബ് വർഷിച്ച വാർത്തയാണ് പുറത്തു വന്നത്. മകനെ വിവാഹം കഴിക്കാൻ വേണ്ടി അച്ഛന്റെ ലൈംഗിക തൃഷ്ണയ്ക്ക് സ്വയം വിധേയാവുകയും മൈഥുന രംഗങ്ങൾ ഒളി ക്യാമറയിൽ പകർത്തി വിളംബരം ചെയ്യുകയും ചെയ്ത യുവതി മലയാളി ബോധത്തിൽ മറ്റൊരു സ്‌ഫോടനമാണ് സൃഷ്ടിച്ചത്.
തെറ്റയിലിനെതിരെ ഉയർന്ന ആരോപണത്തിന്റെ സാങ്കേതിക വസ്തുതകൾക്കപ്പുറം രാഷ്ട്രീയ ധാർമ്മികത ഉയർത്തിപ്പിടിച്ചുകൊണ്ട് അദ്ദേഹം രാജിവയ്ക്കണമെന്ന അഭിപ്രായം പല കോണുകളിൽ നിന്നും ഉയർന്നുവന്നു. ഇടതുപക്ഷ ജനാധിപത്യമുന്നണിയും തുടക്കത്തിൽ ആ അഭിപ്രായത്തിലായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തെറ്റയിൽ രാജിവെയ്ക്കണമെന്ന്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും സി.പി.ഐയും പരസ്യമായി തന്നെ ആവശ്യപ്പെട്ടു. തെറ്റയിലിന്റെ രാജി അധാർമ്മികമായി അധികാരത്തിൽ തുടരുന്ന ഉമ്മൻചാണ്ടിയ്‌ക്കെതിരായ സമരത്തിൽ ഇടതുപക്ഷത്തിന് കൂടുതൽ ധാർമ്മിക ബലവും ആർജ്ജവവും നല്കുകയും രാഷ്ട്രീയ സദാചാരത്തിന്റെ മാതൃകയായി ഇടതുപക്ഷത്തിന് സ്വയം ഉയരാൻ അവസരം നല്കുകയും ചെയ്യുമെന്നതായിരുന്നു രാജിക്കുവേണ്ടി വാദിച്ചവരുടെ നിലപാട്. ഈ നിലപാട് ഉയർത്തിപ്പിടിച്ചുകൊണ്ട് തെറ്റയിലിനെ രാജിവയ്പ്പിച്ചിരുന്നുവെങ്കിൽ വലതുപക്ഷത്തിന്റേതിൽ നിന്നും വ്യത്യസ്തമാണ് ഇടതുപക്ഷ രാഷ്ട്രീയസ്വത്വവും സദാചാര മൂല്യബോധവുമെന്ന്‍ സ്ഥാപിക്കാനും ഭരണപക്ഷത്തെ നിരായുധരാക്കി പ്രഹരിച്ച് മുന്നേറാനും പ്രതിപക്ഷത്തിന് കഴിയുമായിരുന്നു.
നിർഭാഗ്യവശാൽ, തെറ്റയിൽ ഇപ്പോൾ രാജിവയ്‌ക്കേണ്ടതില്ലെന്ന അദ്ദേഹത്തിന്റെ പാർട്ടിയായ ജനതാദൾ എസ്സിന്റെ തീരുമാനത്തെ ശരിവയ്ക്കുകയാണ് ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ നായകത്വം വഹിക്കുന്ന സി.പി.ഐ.എം ചെയ്തത്. അതിനു പറഞ്ഞ ന്യായമാകട്ടെ മുമ്പ് ലൈംഗിക ആരോപണത്തിന് വിധേയരായ പി.ജെ. ജോസഫും നീലലോഹിതദാസും എം.എൽ.എ സ്ഥാനം രാജിവെച്ചില്ലെന്നാണ്. അതോടൊപ്പം തെറ്റയിലിന്റെ രാജി മൂലം അങ്കമാലിയിൽ ഉപതെരഞ്ഞെടുപ്പ് നടന്നാൽ യു.ഡി.എഫ് വിജയിക്കാനാണ് സാദ്ധ്യതയെന്ന പരാജയബോധവും രാജി ആവശ്യനിഷേധത്തിന് സി.പി.ഐ.എമ്മിനെ പ്രേരിപ്പിച്ച ഘടകമാണെന്ന്‍ ശ്രുതിയുണ്ട്. നീല സീഡിയുടെ തെളിവോടെ തെറ്റയിലിനെതിരെ പ്രചരിപ്പിക്കപ്പെട്ട ആരോപണവും നീലനും ജോസഫിനുമെതിരെ ഉന്നയിക്കപ്പെട്ട ആരോപണവും തമ്മിൽ, വാസ്തവത്തിൽ യാതൊരു സമാനതകളുമില്ല. നീലൻ ഒരു ഉദ്യോഗസ്ഥയോട് ലൈംഗിക താല്പര്യം പ്രകടിപ്പിച്ചുവെന്നും ജോസഫ് വിമാനത്തിൽ വച്ച് മുൻ സീറ്റിലിരുന്ന സ്ത്രീയെ ഞോണ്ടിയെന്നുമുള്ള വളരെ ദുർബല ആരോപണങ്ങളാണ് ഉണ്ടായത്. എങ്കിലും രണ്ടുപേരെക്കൊണ്ടും ഉടൻ മന്ത്രിസ്ഥാനം രാജിവയ്പ്പിക്കുകയാണ് എൽ.ഡി.എഫ് ചെയ്തത്. ഇരട്ട പദവി വഹിച്ചിരുന്ന അവർ മുഖ്യ പദവി രാജിവച്ചുകൊണ്ടാണ് എം.എൽ.എ മാരായി തുടർന്നത്. തെറ്റയിലിന്റെ കാര്യത്തിലാകട്ടെ മലയാളിയുടെ എല്ലാ രാഷ്ട്രീയ സദാചാര, ധാർമ്മിക മൂല്യബോധത്തേയും തകിടം മറിക്കുന്ന തരത്തിൽ ലൈംഗിക വേഴ്ചയുടെ സചിത്ര ദൃശ്യങ്ങളുടെ തെളിവുകളുമായിട്ടാണ് ആരോപണമുണ്ടായത്. തെറ്റയിൽ വഹിക്കുന്ന ഏക ഔദ്യോഗിക പദവി എം.എൽ.എ സ്ഥാനമാണ്. എം.എൽ.എ സ്ഥാനമല്ലാതെ തെറ്റയിലിന് രാജിവയ്ക്കാൻ വേറെ ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്‍ ചുരുക്കം. തെറ്റയിലിന്റെ രാജി മൂലമുണ്ടാകുന്ന അങ്കമാലി ഉപതെരഞ്ഞെടുപ്പിൽ വിജയസാദ്ധ്യതയിലുള്ള ഭയാശങ്കയാണ് രാജി വേണ്ടെന്ന തീരുമാനത്തിലെത്താൻ സി.പി.ഐ.എമ്മിനെ പ്രേരിപ്പിച്ചതെന്ന്‍ വാർത്തയുണ്ട്. അങ്കമാലിയിൽ തോറ്റാൽ എന്ത് സംഭവിക്കാനാണ്? അത് ഇന്നത്തെ കേരള രാഷ്ട്രീയ സമവാക്യത്തിൽ എന്തെങ്കിലും പ്രകടമായ ചലനമുണ്ടാക്കാൻ പോകുന്നില്ല. പ്രത്യേകിച്ച്, ജനാധിപത്യ വിരുദ്ധമാർഗത്തിലൂടെ യു.ഡി.എഫ് സര്‍ക്കാറിനെ താഴെയിറക്കാൻ ശ്രമിക്കില്ലെന്ന്‍ എൽ.ഡി.എഫ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ. നിയമത്തിന്റെ സാങ്കേതികത്വത്തിൽ തൂങ്ങി തെറ്റയിൽ രക്ഷപ്പെട്ടാലും മകന്റെ 'കാമുകി'യെ പ്രലോഭിപ്പിച്ചു ലൈംഗിക സംതൃപ്തിയ്ക്ക് വിധേയമാക്കിയ തെറ്റയിലിന്റെ സദാചാരവിരുദ്ധത തെറ്റയിലിനെയും എൽ.ഡി.എഫിനെയും വേട്ടയാടുക തന്നെ ചെയ്യും.
മൂല്യാധിഷ്ഠിത രാഷ്ട്രീയവും അധികാരത്തെ ലാക്കാക്കിയുള്ള അവസരവാദ നിലപാടുകളും പരസ്പര പൂരകമല്ല, വിരുദ്ധമാണ്. രാഷ്ട്രീയത്തിൽ ആദർശം ഉയർത്തിപ്പിടിക്കണമെങ്കിൽ അവസരവാദം ഉപേക്ഷിക്കണം, അധികാരത്തോട് നിസംഗത പുലർത്തണം, നഷ്ടം സഹിക്കാൻ സന്നദ്ധത ഉണ്ടാകണം, സർവ്വോപരി ജനങ്ങളോട് ബഹുമാനം ഉണ്ടാകണം. 1969 ൽ ഇ.എം.എസും 1982 ൽ ഇ.കെ. നായനാരും മുഖ്യമന്ത്രി സ്ഥാനം രാജിവച്ച സാഹചര്യങ്ങൾ സി.പി.ഐ.എം മറക്കരുത്. സാമൂഹിക-രാഷ്ട്രീയ പ്രശ്‌നങ്ങളിൽ തത്വാധിഷ്ഠിതവും മൂല്യാധിഷ്ഠിതവുമായ നിലപാടുകളിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തതായിരുന്നു കേരളത്തിൽ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ മേന്മ. അതായിരുന്നു ഇടതുപക്ഷത്തെയും സി.പി.ഐ.എമ്മിനെയും വലതുപക്ഷത്തിൽ നിന്നും വ്യത്യസ്തമാക്കിയിരുന്നത്. എന്നാല്‍, തെറ്റയിൽ പ്രശ്‌നത്തിൽ ഇടതുപക്ഷ നിലപാട് ഈ വ്യത്യാസം ഇല്ലാതാക്കുകയും രണ്ടും ഒന്നാണെന്ന പ്രതീതി ജനങ്ങളിൽ സൃഷ്ടിക്കുകയും ചെയ്തിരിക്കുന്നു.