കൊവിഡ് 19നെ മഹാമാരിയായി പ്രഖ്യാപിച്ചതിന് പിന്നാലെ സംയുക്ത പ്രതിരോധ നീക്കത്തിന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. സാര്‍ക്ക് രാജ്യങ്ങളുടെ യോഗത്തിലാണ് മോദി ഇക്കാര്യം നിര്‍ദ്ദേശിച്ചത്. വീഡിയോ കോണ്‍ഫറന്‍സിലൂടെ ആലോചിച്ച് പ്രതിരോധ നടപടികള്‍ തീരുമാനിക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു. പാക്കിസ്ഥാനുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കാണ് നിര്‍ദ്ദേശം നല്‍കിയത്. നരേന്ദ്രമോദിയുടെ നിര്‍ദേശം പരിഗണിക്കുമെന്നാണ് പാക് വൃത്തങ്ങള്‍ അറിയിക്കുന്നത്. പാക് ദേശീയസുരക്ഷാ കൗണ്‍സില്‍ മോദിയുടെ നിര്‍ദേശം ചര്‍ച്ച ചെയ്യും.
അതേസമയം കൊവിഡ് 19നെ തുടര്‍ന്ന് രാജ്യത്ത് ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്ത കര്‍ണ്ണാടകത്തില്‍ മാര്‍ച്ച് 20 വരെ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. തിയേറ്ററുകള്‍, മാളുകള്‍, ഓഡിറ്റോറിയം തുടങ്ങിയവ അടച്ചിടും. സംസ്ഥാനത്ത് കായിക മല്‍സരങ്ങളും നടത്തില്ല. വിവാഹങ്ങളും പൊതുപരിപാടികളും മാറ്റിവയ്ക്കണമെന്ന് മുഖ്യമന്ത്രി യെദിയൂരപ്പ പറഞ്ഞു. ഉത്തര്‍പ്രദേശില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മാര്‍ച്ച് 22 വരെ അവധി പ്രഖ്യാപിച്ചു.