പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. ആഭ്യന്തര മേഖലയില്‍ ഇരുരാജ്യങ്ങളും തമ്മില്‍ സഹകരണം ശക്തിപ്പെടുത്തുമെന്ന് മോദി പറഞ്ഞു. ഇന്ത്യയും അമേരിക്കയും തമ്മില്‍ മൂന്ന് കരാറുകളില്‍ ഒപ്പ് വച്ചു. ഭീകരവാദത്തിനെതിരെ ശക്തമായി നീങ്ങുമെന്നും അമേരിക്കയിലെ ഇന്ത്യന്‍ പ്രൊഫഷണലുകളുടെ സാമൂഹ്യ സുരക്ഷ ഉറപ്പാക്കുമെന്നും മോദി പറഞ്ഞു. മരുന്നുകള്‍, മാനസിക ആരോഗ്യം, ഇന്ധനം എന്നീ മേഖലകളിലും ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായി.
ഇന്ത്യ നല്കിയ സ്വീകരണത്തിന് നന്ദി അറിയിച്ചുകൊണ്ടാണ് ട്രംപ് സംസാരിച്ച് തുടങ്ങിയത്. 300 കോടി ഡോളറിന്റെ പ്രതിരോധ കരാറില്‍ ഒപ്പ് വച്ചെന്ന് ട്രംപ് പറഞ്ഞു. പാക് മണ്ണില്‍ നിന്ന് ഭീകരവാദം തുടച്ചുനീക്കണമെന്നും സമഗ്രവ്യാപാര കരാറില്‍ പുരോഗതിയുണ്ടെന്നും ട്രംപ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇസ്ലാമിക് തീവ്രവാദം തടയുന്നതില്‍ ഇരു രാജ്യങ്ങളും പ്രതിജ്ഞാബദ്ധരാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
രണ്ട് ദിവസത്തെ ഇന്ത്യന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഇന്ന് രാത്രി പത്ത് മണിക്ക് ട്രംപും ഭാര്യയും അമേരിക്കയിലേക്ക് മടങ്ങും.