Skip to main content
കോഴിക്കോട്

plus two

 

സംസ്ഥാനത്ത് പുതിയ ഹയര്‍ സെക്കണ്ടറി സ്കൂളുകളും ബാച്ചുകളും അനുവദിച്ചതിലെ ക്രമക്കേടുകള്‍ അന്വേഷിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഹൈക്കോടതില്‍ ഹര്‍ജി നല്‍കിയതായി മുസ്ലിം എജുക്കേഷണല്‍ സൊസൈറ്റി (എം.ഇ.എസ്) അറിയിച്ചു. ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റ് ശുപാര്‍ശ ചെയ്യാത്ത 104 ബാച്ചുകള്‍ പട്ടികയില്‍ തിരുകിക്കയറ്റിയെന്ന്‍ എം.ഇ.എസ് സംസ്ഥാന അദ്ധ്യക്ഷന്‍ ഡോ. പി.എ ഫസല്‍ ഗഫൂര്‍ ആരോപിച്ചു. ഇതുതന്നെ ക്രമക്കേട് നടന്നുവെന്നതിന്റെ തെളിവാണെന്ന് ഫസല്‍ ഗഫൂര്‍ പറഞ്ഞു. ബാച്ചുകള്‍ അനുവദിക്കുന്നതിന് ഭരണമുന്നണിയുമായി ബന്ധമുള്ളവര്‍ കോഴ ചോദിച്ചതായി ഫസല്‍ ഗഫൂര്‍ നേരത്തെ ആരോപിച്ചിരുന്നു.

 

പ്ലസ്ടു ബാച്ചുകള്‍ അനുവദിച്ചതില്‍ ക്രമക്കേട്‌ ഉണ്ടായോന്ന്‌ നിയമസഭയുടെ പെറ്റീഷന്‍സ്‌ കമ്മറ്റിയും അന്വേഷിക്കുന്നു. ആലപ്പുഴ സ്വദേശിയായ സന്തോഷ്‌ എന്നയാളാണ് ഈ വിഷയത്തില്‍ നിയമസഭാ സമിതിയ്ക്ക് പരാതി നല്‍കിയത്. ഈ മാസം 20-ന്‌ കമ്മിറ്റി മുമ്പാകെ ഹാജരായി മൊഴി നല്‍കണമെന്ന്‌ ഹയര്‍ സെക്കണ്ടറി ഡയറക്‌ടര്‍ക്ക്‌ പെറ്റീഷന്‍സ്‌ കമ്മറ്റി അധ്യക്ഷന്‍ തോമസ്‌ ഉണ്ണിയാടന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

 

അതേസമയം, വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബിന്റെ സ്റ്റാഫിലെ രണ്ട് പേര്‍ രാജിവെച്ചിട്ടുണ്ട്. മന്ത്രിയുടെ ഓഫീസില്‍ ഹയര്‍ സെക്കണ്ടറിയുടെ ചുമതലയുണ്ടായിരുന്ന സെക്രട്ടേറിയറ്റിലെ അണ്ടര്‍ സെക്രട്ടറിയും മന്ത്രിയുടെ അസി.പ്രൈവറ്റ് സെക്രട്ടറിയുമായ  മുഹമ്മദ് അന്‍സാരിയും പി.ആര്‍.ഒ സജീദ് ഖാന്‍ പനവേലിയുമാണ്‌ രാജിവെച്ചത്. പ്ലസ്ടു ബാച്ചുകള്‍ അനുവദിക്കുന്നതിൽ മുസ്ലിംലീഗ് നേതൃത്വവുമായി അന്‍സാരിയ്ക്ക് അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാൽ വ്യക്തിപരമായ കാരണങ്ങളാലാണ് ഇരുവരുടെയും രാജിയെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Ad Image