Skip to main content

urmila deviഅച്ചടക്കരാഹിത്യത്തിന്റെ പേരിൽ തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിലെ പ്രഥമാധ്യാപികയെ സർക്കാർ സ്ഥലം മാറ്റി. അത് പ്രതിപക്ഷം ഏറ്റുപിടിച്ചു. ബുധനാഴ്ചത്തെ മുഴുവൻ സമയവും അംഗങ്ങൾ അതിനുവേണ്ടി ചെലവഴിച്ചു. മുഖ്യമന്ത്രി വ്യക്തമാക്കിയിരിക്കുന്നു, അധ്യാപികയുടെ സ്ഥലം മാറ്റം പിൻവലിക്കുന്ന പ്രശ്നമില്ലെന്ന്. സർക്കാറിന്റെ ഈ നിലപാട് ശ്ലാഘനീയം എന്നേ പറയാൻ കഴിയൂ. എത്ര തന്നെ സമ്മർദ്ദം ഉണ്ടായാലും സർക്കാർ ആ തീരുമാനത്തിൽ നിന്നും പിന്തിരിയാതിരുന്നാൽ അത് കേരളത്തിലെ വിദ്യാര്‍ത്ഥി സമൂഹത്തിനും അധ്യാപക സമൂഹത്തിനും അനേകായിരം ക്ലാസ്സുകളിൽ ഇരുന്നാൽ ലഭ്യമാവുന്ന പാഠത്തേക്കാൾ വലിയ അധ്യയനമാകുമത്.

 

കോട്ടൺഹിൽ സ്കൂൾ സംസ്ഥാനത്തെ തന്നെ മുന്തിയ നിലവാരമുള്ള സർക്കാർ സ്കൂളാണ്. ആ സ്കൂളും മാതൃകയാക്കുന്നത് ലാഭേച്ഛയോടെ പ്രവർത്തിക്കുന്ന എയിഡഡ് സ്കൂളുകളെയാണെന്ന് വേണം പ്രഥമാധ്യാപികയുടെ ന്യായീകരണങ്ങൾ കേട്ടാൽ കരുതാൻ. ഇന്ന് വിദ്യാഭ്യാസ മേഖല നേരിട്ടുകൊണ്ടിരിക്കുന്ന മുഖ്യപ്രശ്നം വിദ്യാർഥികൾ വിജയമുണ്ടാക്കുകയും എന്നാൽ വിദ്യാഭ്യാസം കൊണ്ട് ലഭ്യമാകേണ്ടത് ലഭ്യമാകാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ്. അത് വിദ്യാർഥികളുടെയല്ല, മുതിർന്നവരുടെ കുഴപ്പവുമാണ്. യഥാർഥ പഠനം നടക്കുന്നത് കേട്ടല്ല, കണ്ടാണ്. ഔചിത്യം, അച്ചടക്കം എന്നീ രണ്ട് ഘടകങ്ങൾ വിദ്യാർഥികളിലേക്ക് അനായാസമായും സർഗാത്മകമായും പ്രവേശിക്കേണ്ടതാണ്. അത് ക്ലാസുമുറി പഠനത്തിൽ നിന്ന് മാത്രം ലഭിക്കുന്നതല്ല. പൊതുചടങ്ങുകളുടെ ആധിക്യം നിമിത്തം ക്ലാസ്സുകൾ നഷ്ടമാകുന്നു എന്നതാണ് സ്ഥലം മാറ്റപ്പെട്ട പ്രഥമാധ്യാപിക ഊർമ്മിളാദേവിയുടെ പരാതി. അതിനാൽ സദുദ്ദേശ്യത്താലാണ് മന്ത്രിയുടെ സാന്നിധ്യത്തിൽ അതിനെതിരെ ആശംസാപ്രസംഗത്തിൽ താൻ അക്കാര്യം പറഞ്ഞതെന്നും മറിച്ച് മന്ത്രിയെ ആക്ഷേപിക്കലല്ല ഉദ്ദേശ്യമെന്നും അവർ പറയുന്നു. സദുദ്ദേശ്യത്തിൽ ചെയ്യുന്നതൊന്നും മോശമാകില്ല. സദുദ്ദേശ്യമെന്ന് പ്രത്യക്ഷത്തിൽ തോന്നുന്നതും എന്നാല്‍ അങ്ങനെ ന്യായീകരണങ്ങള്‍ നല്‍കേണ്ടി വരുന്നതുമൊന്നും സദുദ്ദേശ്യത്താൽ നിർവഹിക്കപ്പെടുന്നതല്ല.

 

വൈകിയെത്തിയ മന്ത്രിയെ ആശംസാപ്രസംഗത്തിൽ പരോക്ഷമായി കുറ്റപ്പെടുത്തുന്നതും മന്ത്രി കൂടി ഇരിക്കുന്ന ചടങ്ങിൽ ഇത്തരം ചടങ്ങുകൾ സ്കൂളിലെ വിദ്യാർഥികളുടെ ഭാവിയെ ഇല്ലായ്മ ചെയ്യുമെന്ന് ആകുലപ്പെടുന്നതും ആ സന്ദർഭത്തിലെ ഔചിത്യത്തിന് ചേർന്നതല്ല. മനുഷ്യനു മാത്രം വിധിച്ചിട്ടുള്ളതാണ് ഔചിത്യം. അത് ക്ലാസുമുറികളിലേയും പുറത്തേയും അധ്യാപകരുടെ പെരുമാറ്റത്തിൽ നിന്നും വിദ്യാർഥികൾ ഉൾക്കൊള്ളേണ്ടതാണ്. മന്ത്രി വൈകിയതിന്റെ പേരിലായാലും അല്ലെങ്കിലും ചടങ്ങ് നടക്കുന്ന ദിവസം സ്കൂൾ ഗേറ്റ് അടച്ചതിലൂടെ പ്രകടമാകുന്നത് അക്ഷമ കൂടിയാണ്. ആ സ്കൂളിലെ പ്രധാന ആതിഥേയ കൂടിയാണ് പ്രഥമാധ്യാപിക. അവിടെ വരുന്നവരെ ദേവനെപ്പോലെ സ്വീകരിച്ചില്ലെങ്കിലും അവർക്കുനേരേ കതകടയ്ക്കുന്നത് ഉചിതമല്ല.

 

പൊതുസമ്മേളനങ്ങൾ സ്കൂൾ സമയം വിനാശകരമായ രീതിയിൽ അപഹരിക്കുന്നുവെങ്കിൽ, സദുദ്ദേശ്യമാണ് ലക്ഷ്യമെങ്കിൽ, അത് പരിമിതപ്പെടുത്തുകയാണ് അവർ ചെയ്യേണ്ടത്. അതിനുള്ള വഴി ആശംസ അർപ്പിക്കുന്ന വാക്കുകളിലൂടെ വേദിയിലിരിക്കുന്നവർക്ക് വിഷമമുണ്ടാക്കുന്ന വിധം സംസാരിക്കലല്ല. അവർക്ക് ഈ വിവരം ഡി.പി.ഐയെ നേരിൽ കണ്ട് ബോധ്യപ്പെടുത്താവുന്നതായിരുന്നു. അതുമല്ലെങ്കിൽ അധ്യാപക-രക്ഷാകർതൃ ഭാരവാഹികളിലൂടെ ഈ വിഷയം ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ കൊണ്ടുവന്ന് ഒരു മാസത്തിൽ ഇത്ര പരിപാടിക്കു മുകളിൽ ഇവിടെ നടത്താതിരിക്കാനുള്ള തീരുമാനമെടുപ്പിക്കാവുന്നതേ ഉണ്ടായിരുന്നുള്ളു. അധമവികാരങ്ങളെ സംതൃപ്തിപ്പെടുത്തി കൈയ്യടി വാങ്ങിക്കുന്ന സുരേഷ്‌ ഗോപി സിനിമകളുടെ അനുകരണം പോലെയായിപ്പോയി ഊർമ്മിളാദേവി ടീച്ചറുടെ നടപടി.

 

തനിക്ക് മസ്തിഷ്ക സംബന്ധമായ രോഗമുണ്ടായിട്ടും അതിരാവിലെ മുതൽ രാത്രി വരെ സ്കൂളിൽ ചെലവഴിച്ച് സ്കൂളിനെ മെച്ചപ്പെടുത്താൻ ശ്രമിക്കുന്ന വ്യക്തിയാണ് താനെന്ന് തന്റെ അനൗചിത്യ നടപടിയെ ന്യായീകരിച്ചുകൊണ്ട് പ്രമീളാദേവി പറയുന്നു. അത് അവരുടെ കഴിവുമായി ബന്ധപ്പെട്ട പ്രശ്നമാണ്. പതിവായി പ്രവർത്തനസമയത്ത് മാത്രം പ്രവർത്തിക്കേണ്ട ആവശ്യമേ ഉള്ളു. അതിനുള്ളിൽ നിർദ്ദിഷ്ട ജോലികൾ തീർക്കാൻ കഴിയാത്തതു കൊണ്ടാണ് അങ്ങിനെ ചെയ്യേണ്ടി വരുന്നത്. അവർ തന്റെ സ്ഥലം മാറ്റത്തിനെതിരെ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചിരിക്കുകയാണ്. അത് അവരുടെ ന്യായമായ അവകാശം. എന്നാൽ പട്ടികജാതി-പട്ടികവകുപ്പ് കമ്മീഷനെ സമീപിച്ചത് യുദ്ധത്തിൽ മര്യാദകൾക്ക് സ്ഥാനമില്ല, ഏതായുധവും പ്രയോഗിക്കാം എന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ്. അക്ഷമ തന്നെയാണ് യുദ്ധത്തിലേക്കും വിനാശത്തിലേക്കും മനുഷ്യനെ നയിക്കുന്നത്.

 

അച്ചടക്കം എവിടേയും  ആവശ്യമാണ്. ശരീരത്തിന്റെ അച്ചടക്കം തെറ്റുമ്പോഴാണ് രോഗാവസ്ഥയിലേക്ക് വഴുതിവീഴുന്നത്. ഇന്ന് എവിടേയും കാണുന്നത് അച്ചടക്കരാഹിത്യത്തിന്റെ ദുരന്തഫലങ്ങളാണ്. റോഡിൽ ദിനം പ്രതി അറുനൂറിനും എഴുന്നുറിനുമിടയിൽ (ഇന്ത്യയിൽ) ആൾക്കാർ മരിക്കുന്നതും ആയിരക്കണക്കിന് ആൾക്കാർ അപകടത്തിൽപെട്ട് അംഗവൈകല്യം സംഭവിച്ചരായും മാറുന്നതിന്റെ പ്രധാന കാരണം നിരത്തിലെ, അല്ലെങ്കിൽ ഡ്രൈവിംഗിലെ അച്ചടക്കമില്ലായ്മയാണ്. അക്ഷമയിൽ നിന്നാണ് നിരത്തിലെ ഈ അച്ചടക്കമില്ലായ്മ ഉണ്ടാകുന്നത്. ഈ അച്ചടക്കത്തിന്റെ ബാലപാഠങ്ങളും അധ്യായങ്ങളും വിദ്യാർഥികൾ സ്വാംശീകരിക്കേണ്ടത് രക്ഷാകർത്താക്കളിൽ നിന്നും അധ്യാപകരിൽ നിന്നുമാണ്. സമൂഹത്തിന് നിയമസഭയും അതിനു മാതൃക കാട്ടേണ്ട ഇടമാണ്. നിയമസഭയുടെ സമയനഷ്ടത്തേക്കുറിച്ചും ആലോചിച്ചാൽ മനസ്സിലാകും അച്ചടക്കരാഹിത്യം കൊണ്ടുണ്ടാവുന്ന ദോഷഫലങ്ങളും നഷ്ടങ്ങളും. മന്ത്രിക്കു നേരേ ഗേറ്റടയ്ക്കാൻ തയ്യാറായ പ്രഥമാധ്യാപികയുടെ നടപടിയിൽ നിയമസഭയെ സ്തംഭിപ്പിക്കാൻ ശ്രമിക്കുന്ന പ്രതിപക്ഷവും രണ്ടാമതൊന്നാലോചിക്കേണ്ടതായിരുന്നു. എന്തായാലും സർക്കാർ ഇപ്പോഴെടുത്തിരിക്കുന്ന നിലപാട് ഏറ്റവും മൃദുവായ നടപടിയാണ്. അത് ആവശ്യവും.

Ad Image