രാജ്യം 74-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയില്‍ നിര്‍ണ്ണായക പ്രഖ്യാപനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യം കൊവിഡിന് എതിരായ ചെറുത്തു നില്‍പ്പിലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യ ദിനത്തില്‍ ചെങ്കോട്ടയില്‍ വച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇച്ഛാശക്തിയില്‍ പ്രതിസന്ധിയെ രാജ്യം മറികടക്കും. കൊവിഡ് പോരാളികള്‍ക്ക് പ്രധാനമന്ത്രി ആദരമര്‍പ്പിച്ചു.
പ്രധാനമന്ത്രിയുടെ നിര്‍ണായക പ്രഖ്യാപനങ്ങള്‍;
*നിയന്ത്രണരേഖമുതല്‍ യഥാത്ഥനിയന്ത്രണരേഖ വരെ (പാകിസ്ഥാന് അതിര്‍ത്തി മുതല്‍ ചൈനീസ് അതിര്‍ത്തി വരെ) ഏതു തരത്തിലുള്ള വെല്ലുവിളി നേരിടാനും രാജ്യം സജ്ജമാണ്. ഒരു ലക്ഷം എന്‍സിസി കേഡറ്റുകളെ കൂടി അതിര്‍ത്തി
ജില്ലകളില്‍ വിന്യസിക്കും.
*കശ്മീര്‍ വിഭജനത്തിന് ശേഷം ഇതാദ്യമായി ജമ്മു കശ്മീരില്‍ തെരഞ്ഞെടുപ്പ് നടക്കും. മണ്ഡലപുനര്‍ നിര്‍ണയം പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും കശ്മീരില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക.
*പെണ്‍കുട്ടികളുടെ കുറഞ്ഞ വിവാഹപ്രായം നിലവിലുള്ള 18 വയസില്‍ നിന്നും ഉയര്‍ത്തും. ഇക്കാര്യം പരിശോധിക്കാനായി പ്രത്യേക സമിതിയെ നിയോഗിച്ചു. സമിതിയുടെ റിപ്പോര്‍ട്ടില്‍ ഇക്കാര്യത്തില്‍ തുടര്‍നടപടി സ്വീകരിക്കും.
*110 ലക്ഷം കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനം കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കും. 700 അടിസ്ഥാന വികസനപദ്ധതികള്‍ സംയോജിപ്പിച്ചായിരിക്കും ഈ ലക്ഷ്യം കൈവരിക്കുക. ഇതിനായി വിവിധ അടിസ്ഥാന സൗകര്യ പദ്ധതികള്‍ സംയോജിപ്പിക്കും.
*ജലസംരക്ഷണവും കുടിവെള്ളവിതരണം ഉറപ്പാക്കലും സര്‍ക്കാരിന്റെ പ്രധാന അജന്‍ഡയാണ്. 2 കോടി വീടുകളില്‍ ഒരു വര്‍ഷത്തില്‍ കുടിവെള്ളം എത്തിച്ചു.
*പ്രോജക്ട് ടൈഗര്‍ എന്ന കടുവകളുടെ സംരക്ഷണത്തിനായി നടത്തിയ പദ്ധതി പ്രയോജനം കണ്ടു. ഇതേ മാതൃകയില്‍ പ്രോജക്ട് ലയണ്‍ എന്ന പേരില്‍ സിംഹ സംരക്ഷണ പദ്ധതിയും നടപ്പാക്കും. ഡോള്‍ഫിനുകളുടെ സംരക്ഷണത്തിനായും പ്രത്യേക പദ്ധതി നടപ്പാക്കും.
*6 ലക്ഷം ഗ്രാമങ്ങളില്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ എത്തിക്കും. 1000 ദിവസത്തിനുള്ളില്‍ ഇത് പൂര്‍ത്തിയാക്കും.
*ദേശീയ ഡിജിറ്റല്‍ ആരോഗ്യ മിഷന് പ്രഖ്യാപിച്ചു. ആധാര്‍ കാര്‍ഡ് മാതൃകയില്‍ രാജ്യത്തെ എല്ലാ പൗരന്മാര്ക്കും ഇനി ഹെല്‍ത്ത് ഐഡി കാര്‍ഡ് ലഭ്യമാകും. ഏത് ആശുപത്രിയില്‍ ചികിത്സ തേടാനും തുടര്‍ചികിത്സ എളുപ്പമാക്കാനും ഹെല്‍ത്ത് ഐഡി കാര്‍ഡ് സഹായിക്കും.
*കൊവിഡ് പ്രതിരോധത്തിനായുള്ള മരുന്ന് എത്രയും വേഗം തയ്യാറാക്കാന്‍ നടപടി സ്വീകരിക്കും. നിലവില്‍ മൂന്ന് മരുന്നുകളുടെ പരീക്ഷണം ഇന്ത്യയില്‍ തുടരുകയാണ്. ഇവ വിതരണം ചെയ്യാനുള്ള രൂപരേഖയും തയ്യാറാക്കിയിട്ടുണ്ട്.