ലഡാക്ക് സംഘര്‍ഷവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി സര്‍വ്വകക്ഷിയോഗത്തില്‍ നടത്തിയ പ്രസ്താവനയില്‍ വിശദീകരണവുമായി പ്രധാനമന്ത്രിയുടെ ഓഫീസ്. ഇന്ത്യന്‍ ഭൂമിയില്‍ ആരും അതിക്രമിച്ച് കയറില്ലെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന വിവാദമായ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണവുമായി എത്തിയത്.
ഇത്തവണ ചൈനീസ് സൈന്യം എല്‍.എ.സിയിലേക്ക് എത്തിയത് കൂടുതല്‍ അംഗബലത്തോടെയായിരുന്നു. ഇന്ത്യയുടെ പ്രതികരണവും തുല്യമായിരുന്നതായി സര്‍വകക്ഷിയോഗത്തില്‍ അറിയിച്ചിരുന്നു. ജൂണ്‍ 15ന് ഗല്‍വാനിലുണ്ടായ സംഘര്‍ഷത്തിന് കാരണം എല്‍.എ.സിക്ക് തൊട്ട് ഇപ്പുറം ചൈന നിര്‍മാണ് പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ശ്രമിച്ചതും അതില്‍നിന്ന് പിന്തിരിയാന്‍ കൂട്ടാക്കാത്തതുമാണ് എന്ന് വ്യക്തമാക്കിയിട്ടുള്ളതാണ് എന്ന് പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. യഥാര്‍ത്ഥ നിയന്ത്രണ രേഖ (എല്‍.എ.സി) ലംഘിക്കാനുള്ള ഏത് ശ്രമത്തെയും ശക്തമായി നേരിടുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നതായും പ്രസ്താവനയില്‍ പറയുന്നു.
ധീരന്മാരായ നമ്മുടെ സൈനികര്‍ അതിര്‍ത്തി സംരക്ഷിച്ചു കൊണ്ടിരിക്കെ അവരുടെ ആത്മവീര്യത്തെ കെടുത്തുന്ന വിധത്തിലുള്ള അനാവശ്യമായ വിവാദങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത് ദൗര്‍ഭാഗ്യകരമാണെന്നും പ്രസ്താവന വ്യക്തമാക്കുന്നു.
ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് ആരും കടന്നു കയറില്ലെന്ന മോദിയുടെ പ്രസ്താവനയെ രാഹുല്‍ ഗാന്ധി അടക്കമുള്ള പ്രതിപക്ഷനേതാക്കള്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ചൈനീസ് സൈന്യം കടന്നു കയറില്ലെങ്കില്‍ പിന്നെ ഇന്ത്യന്‍ സൈനികര്‍ എവിടെവെച്ചാണ് കൊല്ലപ്പെട്ടതെന്ന് രാഹുല്‍ ചോദിച്ചിരുന്നു.