Skip to main content

ഇറാന്‍ രഹസ്യസേന മേധാവി ഖാസി സുലൈമാനിയെ അമേരിക്ക വധിച്ചതിലൂടെ മധ്യപൂര്‍വ്വ ഏഷ്യ വീണ്ടും യുദ്ധക്കളമാകുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഇറാന്റെ താരപരിവേഷമുള്ള കമാന്‍ഡര്‍ സുലൈമാനിയെ ബാഗ്ദാദ് വിമാത്താവളത്തില്‍ വച്ച് മിസൈല്‍ ആക്രമണത്തിലൂടെ അമേരിക്ക വധിച്ചത്. ഇതിന് കനത്ത തിരിച്ചടി നല്‍കുമെന്ന് ഇറാന്റെ ആത്മീയാചാര്യന്‍ ആയത്തുള്ള ഖമേനി പ്രഖ്യാപിച്ചിട്ടുണ്ട്. 

ട്രംപിന്റെ ഈ ആക്രമണത്തെ ഡൈനാമേറ്റിന് തീകൊളുത്തിയ നടപടിയായിട്ടാണ് മുന്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റും ഡെമോക്രാറ്റ് നേതാവുമായ ജോ ബിഡന്‍ പറഞ്ഞരിക്കുന്നത്. അമേരിക്കന്‍ കോണ്‍ഗ്രസിന്റെ അനുമതിയില്ലാതെ ട്രംപ് എടുത്ത വ്യക്തിപരമായ തീരുമാനമാണ് ഇതെന്നും ബിഡന്‍ പ്രഖ്യാപിച്ചു. ഇതുമൂലം യു.എസ് പൗരന്മാര്‍ക്കും മധ്യപൂര്‍വ്വ ഏഷ്യയില്‍ വിന്യസിച്ചിട്ടുള്ള അമേരിക്കന്‍ സൈനികര്‍ക്കും ഏല്‍ക്കേണ്ടി വരുന്ന അപകടങ്ങള്‍ക്ക്ഉത്തരവാദി  ട്രംപായിരിക്കും എന്ന് ബിഡന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ നിര്‍ദേശപ്രകാരം നടത്തിയ ലക്ഷ്യവേധ ആക്രമണത്തിലൂടെയാണ് സുലൈമാനി കൊല്ലപ്പെട്ടതെന്ന് അമേരിക്ക സ്ഥിരീകരിച്ചിട്ടുണ്ട്. ജനറല്‍ സുലൈമാനിയോടെപ്പം ഇറാന്‍ പൗരസേന കമാന്‍ഡര്‍ അബു മഹ്ദിയും അഞ്ച് ഇറാന്‍ കമാന്‍ഡോകളും കൊല്ലപ്പെട്ടിട്ടുണ്ട്. വരാനിരിക്കുന്ന അമേരിക്ക- ഇറാന്‍ ഏറ്റുമുട്ടലുകളുടെ പശ്ചാത്തലത്തില്‍ എണ്ണവിലയും കുതിച്ചുകയറിക്കൊണ്ടിരിക്കുകയാണ്. ഇതിനോടകം എണ്ണവില ബാരിലിന് മൂന്ന് ഡോളര്‍ വര്‍ദ്ധിച്ച് 69 ഡോളറിലെത്തി. 

സുലൈമാനിയുടെ വധത്തെ തുടര്‍ന്ന് ഇറാന്‍ മൂന്ന് ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്. അതുകഴിഞ്ഞാല്‍ സ്ഥിതിഗതികള്‍ സങ്കീര്‍ണ്ണമാകുമെന്നാണ് അന്താരാഷ്ട്ര ലോകം കണക്കാക്കുന്നത്. രണ്ട് ദശാബ്ധമായി ഇറാന്റെ പ്രതിരോധ സേനകളുടെയും രഹസ്യാന്വേഷണ മുഖ്യ ശില്‍പിയായി പ്രവര്‍ത്തിച്ചുവന്ന ആളാണ്സൊലെമാനി. സുലൈമാനിയുടെ കഥകഴിച്ചാല്‍ ഇറാന്റെ പ്രഹരശേഷി കുറയുമെന്നാണ് അമേരിക്കുയുടെ കണക്കുകൂട്ടല്‍. അതിനാല്‍ ഏറെ നാളായി സുലൈമാനി അമേരിക്കയുടെ ഒന്നാം നമ്പര്‍ നോട്ടപ്പുള്ളിയായിരുന്നു. പലകുറി സുലൈമാനിക്കുനേര വധശ്രമമുണ്ടായിട്ടുണ്ട്. 

കഴിഞ്ഞ വെള്ളിയാഴ്ച ഇറാഖില്‍ അമേരിക്കന്‍ കോണ്‍ട്രാക്ടര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് പുതിയ സംഘര്‍ഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഇറാഖി സൈനികര്‍ക്ക് പരിശീലനം നല്‍കുന്ന കിര്‍ക്കുക്കിലെ കേന്ദ്രത്തില്‍ നടന്ന ആക്രമണത്തിലാണ് സൈനികരുള്‍പ്പെടെ അമേരിക്കന്‍ കോണ്‍ട്രാക്ടര്‍ കൊല്ലപ്പെട്ടത്. ഈ ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിരുന്നില്ല. രണ്ട് സാധ്യതകളാണ് ഉയര്‍ന്ന് കേട്ടിരുന്നത് ഒന്നുകില്‍ ഇറാന്റെ ഭാഗത്ത് നിന്ന്, അല്ലെങ്കില്‍ ഇറാഖില്‍ അവശേഷിക്കുന്ന ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ഭാഗത്ത് നിന്നുണ്ടായ ആക്രമണം. ഇസ്ലാമിക് സ്‌റ്റേറ്റിനെ പൂര്‍ണമായും തുടച്ച് നീക്കിയതിനാല്‍ ഈ ആക്രമണത്തിന് പിന്നില്‍ അവരല്ലെന്നും ഇറാന്‍ തന്നെയാണെന്നും ട്രംപ് പ്രഖ്യാപിക്കുകയുണ്ടായി. അതിനു പിന്നാലെയാണ് അമേരിക്കന്‍ എംബസിക്കുനേരെയും ആക്രമണമുണ്ടായത്. ഇതിന്റെ എല്ലാം പിന്നില്‍ ജനറല്‍ സുലൈമാനിയാണെന്നുള്ള നിഗമനത്തിലാണ് വെള്ളിയാഴ്ച പുലര്‍ച്ചെ വ്യോമാക്രണത്തിലൂടെ അദ്ദേഹത്തെ അമേരിക്ക വധിച്ചത്. സുലൈമാനിയും സംഘവും ബാഗ്ദാദിലെ വിമാനത്താവളത്തില്‍ നിന്ന് പുറത്തേക്ക് വരുമ്പോഴാണ് ആക്രമണമുണ്ടാകുന്നത്. 

മധ്യപൂര്‍വ്വ ഏഷ്യ വീണ്ടും ഒരു യുദ്ധാന്തരീക്ഷത്തിലേക്ക് നീങ്ങുമ്പോള്‍ അതിന്റെ അനുരണനങ്ങള്‍ ഗള്‍ഫ് മേഖലയെയും ബാധിക്കും. അതിന്റെ ആശങ്കയിലാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് മേഖലയിലെ പ്രവാസികള്‍. സ്വാഭാവികമായും ട്രംപിന്റെ ഈ യുദ്ധവെറി കേരളത്തെയും വളരെ പ്രതികൂലമായി ബാധിക്കുമെന്ന് ചുരുക്കം.  

Ad Image