Skip to main content
Delhi

supreme-court

ഡല്‍ഹിയിലെ നിര്‍ഭയാ കേസില്‍ പ്രതികള്‍ക്ക് വിധിച്ച വധശിക്ഷ ശരിവച്ച് സുപ്രീം കോടതി. വധശിക്ഷ ഇളവുചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതികളായ മുകേഷ്, പവന്‍, വിനയ് ശര്‍മ എന്നിവര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ആര്‍. ഭാനുമതി, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ ബെഞ്ചാണു വിധി പ്രഖ്യാപിച്ചത്.

കേസിലെ മറ്റൊരു പ്രതിയായ അക്ഷയ് കുമാര്‍ സിങ് പുനഃപരിശോധനാ ഹര്‍ജി നല്‍കിയിരുന്നില്ല. നാലുപ്രതികള്‍ക്കും വധശിക്ഷ നല്‍കിയ ഡല്‍ഹി ഹൈക്കോടതി വിധി കഴിഞ്ഞവര്‍ഷം മെയില്‍ സുപ്രീം കോടതി ശരിവച്ചിരുന്നു.

 

2012 ഡിസംബര്‍ 16-നാണ് രാജ്യത്തെ ഞെട്ടിച്ച നിര്‍ഭയ സംഭവമുണ്ടായത്.  23കാരിയായ പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിയെ ഡല്‍ഹിയില്‍ ഓടുന്ന ബസില്‍ വച്ച് കൂട്ടബലാത്സംഗത്തിന് ഇരയാവുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ രക്ഷിക്കാന്‍ എല്ലാ ശ്രമവും നടത്തിയെങ്കിലും സിംഗപ്പൂരിലെ ആശുപത്രിയില്‍ വച്ച് മരണപ്പെട്ടു.

 

കേസില്‍ ആകെ ആറുപ്രതികളാണുണ്ടായിരുന്നത്. അതില്‍ മുഖ്യപ്രതിയും ബസ് ഡ്രൈവറുമായിരുന്ന രാംസിങ് വിചാരണക്കാലയളവില്‍ ജയിലില്‍ ആത്മഹത്യചെയ്തു. മറ്റൊരുപ്രതിക്ക് പ്രായപൂര്‍ത്തിയാവാത്തതിനാല്‍ ജുവനൈല്‍ കോടതിയിലാണ് വിചാരണ നടന്നത്. മൂന്നുവര്‍ഷത്തെ തടവിനുശേഷം ഇയാള്‍ പുറത്തിറങ്ങി. ബാക്കിയുള്ള നാലുപേരില്‍ മൂന്നുപേര്‍ സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജിയാണ് സുപ്രീം കോടതി ഇപ്പോള്‍ തള്ളിയിരിക്കുന്നത്.