Skip to main content

kevin

കെവിന്റെ കൊലപാതകത്തെ ദുരഭിമാനക്കൊലയായി ചിത്രീകരിക്കുന്നത് യഥാര്‍ത്ഥ വിഷയത്തില്‍ നിന്നുള്ള ശ്രദ്ധ തിരിക്കലാവും. കേരളത്തില്‍ പിടി മുറുക്കിയിരിക്കുന്ന കൊട്ടേഷന്‍ സംഘത്തിന്റെ കടന്നാക്രമണത്തില്‍ ഒന്ന്  മാത്രമാണത്. കേരളത്തിലെ കൊട്ടേഷന്‍ സംഘങ്ങള്‍ പുതിയ രൂപം പ്രാപിച്ചിരിക്കുന്നു. മുമ്പ് കൊട്ടേഷന്‍ സംഘങ്ങള്‍ ഗുണ്ടാ പ്രവര്‍ത്തനത്തെ തൊഴില്‍ പോലെ സ്വീകരിച്ച് അധോലോകത്തില്‍ നില നിന്നവരായിരുന്നു. ഇന്ന് അത് മാറി മുഖ്യധാരാ സമൂഹത്തിന്റെ ഏത് ഭൂമികയിലും, എപ്പോള്‍ വേണമെങ്കിലും ഒരു 'സാമൂഹ്യ കൊട്ടേഷന്‍ സംഘം' രൂപപ്പെടാമെന്ന സാഹചര്യം സംജാതമായിരിക്കുന്നു. അതിന്റെ ഞായറാഴ്ച രാത്രി ഉദാഹരണമാണ് ഇരിങ്ങാലക്കുടയില്‍ കൊട്ടേഷന്‍ സംഘം വീട് കയറി ആക്രമിച്ച് ഗൃഹനാഥനെ വെട്ടിക്കൊന്നത്. മകനെ ആക്രമിക്കാനെത്തിയവരെ തടഞ്ഞപ്പോഴാണ് ഗ്രഹനാഥന് വെട്ടേറ്റത്.

 

കെവിനെ തട്ടിക്കൊണ്ടുപോയി വകവരുത്തിയ പുത്തന്‍ 'സാമൂഹ്യ കൊട്ടേഷന്‍ സംഘ'ത്തില്‍ ഒരു ഡി.വൈ.എഫ്‌.ഐ ഭാരവാഹിയും ഉള്‍പ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ഏതാനും നാളുകളിലെ ഇത്തരത്തിലുള്ള ആക്രമങ്ങള്‍ എടുത്തു നോക്കിയാല്‍, ഭരണ കക്ഷിയുള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളിലെ അംഗങ്ങള്‍ ഉള്‍പെട്ടിട്ടുണ്ടെന്ന് കാണാം. വീട് കയറിയുള്ള ആക്രമണം ഇപ്പോള്‍ കേരളത്തില്‍ പതിവായിരിക്കുന്നു. വരാപ്പുഴയില്‍ നിരപരാധിയായ ശ്രീജിത്തിന്റെ മരണത്തിലേക്ക് നയിച്ച സംഭവവും ഒരു വീടി കയറി ആക്രമണമായിരുന്നു. അവിടെ കൊട്ടേഷന്‍ സംഘത്തിന്റെ സ്വഭാവത്തില്‍ പോലീസ് പ്രവര്‍ത്തിച്ചതാണ് ശ്രീജിത്തിന്റെ മരണത്തിന് കാരണമായത്.

 

ജാതിപരമായ വ്യത്യസ്ത തലങ്ങളിലുള്ളവരുടെ പ്രണയ വിവാഹമാണ് കെവിന്റെ മരണത്തിന് നിമിത്തമായത്. എന്നാല്‍ അവയെ ഉത്തരേന്ത്യന്‍ ശൈലിയിലുള്ള ദുരഭിമാനക്കൊലയായി ചിത്രീകരിക്കുന്നതിനെ മാധ്യമങ്ങളുടെ വൈകാരിക അനുകരണ ശ്രമമായി മാത്രമേ കാണാന്‍ നിവൃത്തിയൊള്ളൂ. ഇവിടെ കാണേണ്ടത് സാമൂഹ്യകൊട്ടേഷന്‍ സംഘങ്ങളുടെ സൈ്വര്യവിഹാരമാണ്. ഏത് സംഭവമുണ്ടായല്‍ പോലും ഇത്തരത്തിലുള്ള കൊട്ടേഷന്‍ സംഘങ്ങളെ  എവിടെയും പ്രതീക്ഷിക്കാം.

 

ഈ കൊട്ടേഷന്‍ സംഘങ്ങളുടെ സ്വഭാവമാണ് ഒരു ബസ് അപകടമുണ്ടായാല്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കുന്നതിന് പകരം ബസ് തല്ലിത്തകര്‍ക്കാനും ബസ് ജീവനക്കാരെ മര്‍ദ്ദിക്കാനും കാണിക്കുന്ന സാമൂഹ്യ വ്യഗ്രതയില്‍ പ്രകടമാകുന്നത്. ഇതിന് മുഖ്യധാരാ മാധ്യമങ്ങളും പ്രോത്സാഹന സമാനമായ അംഗീകരം നല്‍കിയിട്ടുണ്ട്. ഇതെല്ലാം സൂചിപ്പിക്കുന്നത് ഒരേ സമയം സാമൂഹികമായി പൊട്ടിത്തെറിയുടെ വക്കില്‍നില്‍ക്കുന്ന മാനസികാവസ്ഥയും, ഏത് സന്ദര്‍ഭത്തിലും ജനക്കൂട്ടം അക്രമാസക്തമാകാമെന്നതും, ഏതാനും പേര്‍ കൂടിച്ചേര്‍ന്ന്  അക്രമം കാട്ടാമെന്നുമുള്ള സാഹചര്യവുമാണ്. പലപ്പോഴും ഇത്തരം സംഘങ്ങള്‍ക്ക് രാഷ്ട്രീയമായ ഇടപെടലുകള്‍ രക്ഷാ കവചം ഒരുക്കുന്നു എന്നത് ദൗര്‍ഭാഗ്യകരമായ അവസ്ഥയാണ്.

 

Tags