ഡീസല്‍ വിലനിയന്ത്രണം എടുത്തുകളയാന്‍ കേന്ദ്ര സര്‍ക്കാര്‍ ശനിയാഴ്ച തീരുമാനിച്ചു. പ്രകൃതിവാതകത്തിന്റെ വില 46 ശതമാനം വര്‍ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. വളം, വൈദ്യുതി, സി.എന്‍.ജി എന്നിവയുടെ വില ഇതോടെ ഉയരും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് സുപ്രധാന സാമ്പത്തിക പരിഷ്കരണ നടപടി പ്രഖ്യാപിച്ചത്.
ഡീസല്‍ വിലയില്‍ അര്‍ദ്ധരാത്രി മുതല്‍ ലിറ്ററിന് 3.37 രൂപ കുറച്ചിട്ടുണ്ട്. 2009 ജനുവരി 29-നാണ് അവസാനമായി ഡീസല്‍ വില കുറച്ചത്. അന്ന് ലിറ്ററിന് 30.86 രൂപ ആയിരുന്നു വിലയെങ്കില്‍ അഞ്ച് വര്‍ഷം കഴിഞ്ഞപ്പോള്‍ വില 58.97 രൂപ ആയി ഉയര്‍ന്നു.
വിലനിയന്ത്രണം എടുത്തുകളഞ്ഞതോടെ അടുത്ത മാസം മുതല്‍ അന്താരാഷ്ട്ര വിപണിയിലെ വില അനുസരിച്ച് എണ്ണക്കമ്പനികള്‍ക്ക് വില നിശ്ചയിക്കാന്‍ കഴിയും. ഡീസല്‍ സബ്സിഡി നല്‍കുന്നത് ഇതോടെ സര്‍ക്കാര്‍ നിര്‍ത്തലാക്കും. പെട്രോളിന്റെ വിലനിയന്ത്രണം കഴിഞ്ഞ യു.പി.എ സര്‍ക്കാര്‍ എടുത്തുകളഞ്ഞിരുന്നു.
പ്രകൃതിവാതകത്തിന്റെ വില ഇരട്ടിയാക്കാന്‍ ശുപാര്‍ശ ചെയ്ത രംഗരാജന്‍ കമ്മിറ്റി റിപ്പോര്‍ട്ട് കഴിഞ്ഞ യു.പി.എ സര്‍ക്കാര്‍ അംഗീകരിച്ചിരുന്നുവെങ്കിലും തീരുമാനം എടുത്തിരുന്നില്ല. വില 46 ശതമാനം ഉയര്‍ത്താനുള്ള ഇപ്പോഴത്തെ തീരുമാനത്തോടെ ദശലക്ഷം ബ്രിട്ടിഷ് തെര്‍മല്‍ യൂണിറ്റിന് 4.2 യു.എസ് ഡോളര്‍ എന്ന വില 6.17 ഡോളര്‍ ആയി ഉയരും. ഇതിലൂടെ വാതകപര്യവേഷണത്തിന് പ്രോത്സാഹനവും ഉപഭോക്താക്കള്‍ക്ക് അധികബാധ്യത ഒഴിവാക്കാനും കഴിയുമെന്ന് ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു.
വാഹനങ്ങളില്‍ ഇന്ധനമായി ഉപയോഗിക്കുന്ന സി.എന്‍.ജിയുടെ വില കിലോഗ്രാമിന് 4.25 രൂപയും പൈപ്പിലൂടെ വിതരണം ചെയ്യുന്ന പാചകവാതകത്തിന്റെ വില 2.6 രൂപയും വര്‍ധിപ്പിക്കുന്നതാണ് തീരുമാനം. വാതകം ഉപയോഗിച്ച് ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതിയുടെ വില യൂണിറ്റിന് 90 പൈസയും വളം ഉല്‍പ്പാദന ചെലവ് ടണ്ണിനു ഏകദേശം 2,720 രൂപയും വര്‍ധിക്കും.