ദുരിതമഴക്ക് ശമനമുണ്ടാകുമെന്ന് കാലാവസ്ഥ പ്രവചനം; 6 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

GLINT STAFF
Mon, 12-08-2019 09:56:15 AM ;
Thiruvananthapuram

സംസ്ഥാനത്ത് കനത്ത നാശം വിതച്ച മഴക്ക് ശമനമുണ്ടാകുമെന്ന് കാലാവസ്ഥ പ്രവചനം. ഇന്ന് ഒരിടത്തും റെഡ് അലര്‍ട്ടില്ല. എന്നാല്‍ ഒറ്റപ്പെട്ട കനത്ത മഴ പ്രവചിക്കുന്ന ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുണ്ട്. അതേസമയം ഇന്ന് രൂപം കൊള്ളുമെന്ന് കരുതുന്ന പുതിയ ന്യൂനമര്‍ദ്ദം നെഞ്ചിടിപ്പേറ്റുന്നുണ്ട്.ഒരാഴ്ച തുടര്‍ച്ചയായി പെയ്ത് വടക്കന്‍ കേരളത്തില്‍ വ്യാപക നാശനഷ്ടങ്ങള്‍ക്കിടയാക്കിയ മഴക്ക് ഇന്ന് ദുര്‍ബലമാവുമെന്നാണ് കാലാവസ്ഥ പ്രവചനം. ഇന്നലെ റെഡ് അലര്‍ട്ടുണ്ടായിരുന്ന വയനാട്, മലപ്പുറം, കാസര്‍കോട് ജില്ലകളിലും ഇടുക്കി, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലും ഇന്ന് ഒറ്റപ്പെട്ട കനത്ത മഴക്ക് സാധ്യതയുള്ളതിനാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷെ, പൂര്‍ണമായി ആശ്വസിക്കാനായിട്ടില്ല. ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ന് പുതിയ ന്യൂനമര്‍ദ്ദം രൂപം കൊള്ളും. അതിന്റെ പ്രഭാവത്തില്‍ ബുധനാഴ്ച മുതല്‍ വീണ്ടും മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്. ന്യൂനമര്‍ദ്ദത്തിന്റെ ശക്തിയും ദിശയും ഇന്ന് വ്യക്തമാവും. തെക്കന്‍ കേരളത്തിലാകും ഇതിന്റെ പ്രഭാവം കൂടുതലെന്നാണ് നിലവിലെ വിലയിരുത്തല്‍. ഏതായാലും രണ്ട് ദിവസം മഴ മാറി നില്‍ക്കുന്നത് രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാന്‍ സഹായകമാവും. മഴയില്‍ താറുമാറായ റയില്‍ഗതാഗതം ഭാഗികമായി പുനഃസ്ഥാപിക്കാനായിട്ടുണ്ട്.

പാലക്കാട് - ഷൊര്‍ണൂര്‍ പാത പുനഃസ്ഥാപിച്ചതോടെ തിരുവനന്തപുരം വരെ ട്രയിനുകള്‍ ഓടിത്തുടങ്ങി. എന്നാല്‍ ചാലിയാറിലെ ജലനിരപ്പ് താഴ്ന്നെങ്കിലും കോഴിക്കോട് - ഷൊര്‍ണൂര്‍ പാത സഞ്ചാരയോഗ്യമായിട്ടില്ല. ഫറോഖ് പാലത്തില്‍ മരത്തടികള്‍ കുടുങ്ങിയത് നീക്കം ചെയ്യണം. ഇന്ന് പത്തരയോടെ പരിശോധന പൂര്‍ത്തിയാക്കി പാലം സുരക്ഷിതമെന്ന് ഉറപ്പാക്കിയ ശേഷമേ ഇതുവഴി ട്രെയിന്‍ കടത്തിവിടൂ. അതുവരെ കെ. എസ്.ആര്‍.ടി.സി തന്നെയാണ് ആശ്രയം. വെള്ളക്കെട്ട് മൂലം ചങ്ങനാശേരി വഴി റോഡ് ഗതാഗതം നിര്‍ത്തിവെച്ചിരിക്കുകയാണ്