Skip to main content
Ad Image

പോത്തുകല്ല് അങ്ങാടിയും പരിസരവും കുറച്ചുനാളായി അഴുകിയ ശരീരത്തിന്റെ ഗന്ധമാണ് ശ്വസിച്ചുകൊണ്ടിരിക്കുന്നത്. അങ്ങാടിയിലെ പള്ളിയിലാണ് പോസ്റ്റ്മോർട്ടം. റോഡിനിരുവശവും ആംബുലൻസുകൾ നിൽപ്പുണ്ട് അതിൽ മിക്കതും മൃതദേഹങ്ങളുമായി എത്തിയതാണ്. ആ പള്ളിയുടെ ഇടനാഴികളിൽ മുഖം പൊത്തി വിതുമ്പുന്ന കൂടപ്പിറപ്പുകളും. ഓരോ ആംബുലൻസ് വരുമ്പോഴും അതിൽ തൻറെ ഉറ്റവരുണ്ടോ എന്ന് നോക്കുന്ന മനസ്സ് കല്ലായ പാവങ്ങൾ. ഏഴെട്ടു ദിവസം മണ്ണിനടിയിൽ കിടന്നതിനു ശേഷം പോസ്റ്റുമോർട്ടം ചെയ്യുന്നതിനായി അവസരം കാത്തുകിടക്കുന്ന നിഷ്കളങ്കർ.കവളപ്പാറ ശവപ്പറമ്പായത് കഴിഞ്ഞ ആഗസ്റ്റ് 8നാണ്. ഉരുൾ പൊട്ടലിൽ മണ്ണിനടിയിൽ പോയത് 63 ജീവനുകളും.ദിവസങ്ങൾ നീണ്ട തിരച്ചിലിനൊടുവിൽ കണ്ടത്താനായത് പകുതിയോളം മൄതദേഹങ്ങളും. നൂറേക്കറിലധികം വരുന്ന പ്രദേശത്തേക്കാണ് മുത്തപ്പൻ മല ഇടിഞ്ഞു താഴ്ന്നത്.

ഒറ്റരാത്രികൊണ്ട് പലരെയും അനാഥരാക്കി കടന്നുപോയി. ദുരന്തം കണ്ടവർ ഇന്നും അതിൻറെ ഞെട്ടലിൽ നിന്നും കരകയറിയിട്ടില്ല. ചിലരാകട്ടെ ദുരന്തം നടന്ന രാത്രിയിൽ ആ പ്രദേശത്തെ ഒറ്റപ്പെടുകയും, നേരം പുലർന്നപ്പോൾ ഉറ്റവരെ ദുരന്തം കൊണ്ടുപോവുകയും, തങ്ങളെ ആ പ്രദേശത്ത് തന്നെ ഒറ്റപ്പെടുത്തി മരണം പടിവാതിൽ കൂടെയാണ് കടന്നു പോയതെന്ന സത്യം അറിയുകയും ചെയ്തത്. മരിച്ച കൂടപ്പിറപ്പിന്റെ ശരീരംഏറ്റുവാങ്ങുന്നതിനുവേണ്ടി വിതുമ്പി നിൽക്കുന്നവരെ ഒന്ന് ആശ്വസിപ്പിക്കാൻ പോലും കഴിയാതെയും, ചിലരാകട്ടെ തിരിച്ചറിയാൻ കഴിയാത്ത മൃതദേഹത്തിനു മുന്നിൽ മരവിച്ച മനസ്സിന്റെ സാക്ഷികളാക്കി ആ ദുരന്തം . ജീവൻ ബാക്കിവെച്ച് എല്ലാം സാക്ഷിയാവാൻ വേണ്ടി വിധിക്കപ്പെട്ടവർ. മറുവശത്തും ഉദാര മനസ്സുകൾ ആ നാട്ടിലേക്ക് ഒഴുകിയെത്തുന്ന കാഴ്ച, കേരളം ഒറ്റക്കല്ല ഒന്നാണെന്ന് തെളിയിക്കുന്ന ചിത്രങ്ങൾ. മനസ്സിൽ മതങ്ങളുടെ വേലിക്കെട്ടുകൾ ഇല്ലാതെ പ്രത്യയശാസ്ത്രങ്ങൾ ഇല്ലാതെ മനുഷ്യനു പകരം വെക്കാൻ മനുഷ്യൻ മാത്രമേ ഉള്ളൂ എന്ന് തെളിയിക്കുകയാണ് ദുരന്തഭൂമി.

ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഒറ്റപ്പെട്ട സംഭവങ്ങളായി മാത്രം കണ്ടിരുന്ന നാടിന് ദുരന്തങ്ങൾ തുടർച്ചയായി വിട്ടു മാറാത്ത വേദനകൾ സൃഷ്ടിക്കുകയാണ്. എന്തിനീ ദുരന്തം തങ്ങളെ തേടിയെത്തിയെന്ന ചോദ്യം ഉയർത്തുകയാണ് ഇനിയും പുറത്തെത്താൻ കഴിയാതെ മണ്ണുമായി ചേർന്നു കൊണ്ടിരിക്കുന്ന ശരീരങ്ങൾ. പുതിയ കവളപ്പാറയും പുത്തുമലയും ഇനിയും ആവർത്തിക്കാതിരിക്കട്ടെ എന്ന് വിറങ്ങലിച്ച ശരീരങ്ങൾ ജീവനില്ലാത്ത സംസാരിക്കുകയാണ് ആ താഴ്‌വരയിൽ നിന്ന്.

Ad Image