മരടിലെ ഫ്ലാറ്റ് പൊളിക്കണം എന്ന് വീണ്ടും ഉന്നത കോടതി. കോടതിയിൽ നടന്ന നാടകീയ രംഗങ്ങൾ. ഇത് മുഴുവൻ വായിച്ചാലേ കാര്യങ്ങളുടെ കിടപ്പ് മനസ്സിലാവൂ. കോടതിയിൽ നിന്ന് Balagopal. B. Nair മനോഹരമായി പകർത്തുന്നു മരടിലെ ഫ്ലാറ്റുകൾ പൊളിച്ച് നീക്കാനുള്ള ഉത്തരവും ആയി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെ പൊട്ടിതെറിച്ച് കൊണ്ട് ജസ്റ്റിസ് അരുൺ മിശ്ര "ബസു, ബംഗാളിൽ നിന്നുള്ള നിങ്ങളെ ഇന്ന് ഹാജർ ആക്കിയത് എന്നെ സ്വാധീനിക്കാൻ ആണ് . ആ ഗണത്തിൽ പെടുന്ന വ്യക്തി അല്ല ഞാൻ. എന്റെ ഉത്തരവ് എന്റെ സുഹൃത്തുക്കൾ ആയ ജഡ്‌ജികൾ അടങ്ങിയ മറ്റൊരു ബെഞ്ച് സ്റ്റേ ചെയ്യാൻ പാടില്ലായിരുന്നു. ശാന്തനാകാൻ എന്നോട് സഹോദര ജഡ്ജി ആവശ്യപെടുന്നു. ഈ തട്ടിപ്പ് കാണുമ്പോൾ എനിക്ക് എങ്ങനെ ശാന്തൻ ആകാൻ കഴിയും ?ഇത് ശുദ്ധ തട്ടിപ്പ് ആണ്. ഈ തട്ടിപ്പിന് സീനിയർ അഭിഭാഷകർ കൂട്ട് നിൽക്കാൻ പാടില്ലായിരുന്നു". മരടിലെ വിവാദ ഫ്ലാറ്റുകളും ആയി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെ ഇന്ന് സുപ്രീം കോടതിയിൽ നടന്നത്. *************************************** സുപ്രീം കോടതിയിലെ നാലാം നമ്പർ കോടതി. സമയം 10. 36 ആറു മിനുട്ട് വൈകി ആണ് ജസ്റ്റിസ് അരുൺ മിശ്ര, ജസ്റ്റിസ് നവീൻ സിൻഹ എന്നിവർ അടങ്ങിയ പ്രത്യേക ബെഞ്ച് ഇന്ന് കേസ്സുകൾ പരിഗണിച്ച് തുടങ്ങിയത്. ആറു മിനുട്ട് വൈകി ആണ് ജഡ്ജിമാർ കോടതി മുറിയിൽ എത്തിയത് എങ്കിലും പൊളിച്ച് നീക്കാൻ കോടതി ഉത്തരവ് ഇട്ടിരുന്ന മരടിലെ ഫ്ലാറ്റ് ഉടമകളുടെ അഭിഭാഷകരും ഫ്ലാറ്റ് നിർമ്മാതാക്കളുടെ അഭിഭാഷകരും ഒക്കെ കോടതി നടപടികൾ ആരംഭിക്കുന്നതിനും വളരെ മുമ്പ് തന്നെ കോടതി മുറിയിൽ എത്തിയിരുന്നു. ഒന്നാം നിരയിൽ തന്നെ അവരിൽ പലരും സ്ഥാനം പിടിച്ചിരുന്നു. സീനിയർ അഭിഭാഷകൻ, കല്യാൺ ബാനർജി, അഭിഭാഷകർ ആയ മുഹമ്മദ് സാദിഖ്, കാർത്തിക്ക്, ഹാരിസ് ബീരാൻ, ഇ എം എസ് അനാം ഇവരെയൊക്കെ ആണ് കോടതിയുടെ മുൻ നിരയിൽ കണ്ടത്. ഇവർക്ക് ഒപ്പം കേസിന്റെ നടപടികൾ ആരംഭിച്ചപ്പോൾ സീനിയർ അഭിഭാഷകൻ രൺജിത് കുമാറും ചേർന്നു. (കോടതിയിൽ വലിയ തിരക്ക് ആയിരുന്നു. അത് കൊണ്ട് അവിടെ ഉണ്ടായിരുന്ന മറ്റ് ആരുടെയെങ്കിലും പേര് ഈ പട്ടികയിൽ വിട്ടു പോയിട്ട് ഉണ്ടെങ്കിൽ അത് മനഃപൂർവ്വും അല്ല). ഒന്നാം നിരയിലെ ലൈൻ അപ്പിനെ കാളും കോടതിയുടെ രണ്ടാം നിരയിൽ ഇരുന്ന ഒരു സീനിയർ അഭിഭാഷകനിലും നാലാം നിരയ്ക്ക് സമീപത്ത് നിന്ന രണ്ട് അഭിഭാഷകരെ കുറിച്ചും പറയാതെ ഇരിക്കാൻ കഴിയില്ല. പിന്നിൽ ആയിരുന്നു എങ്കിലും അവരുടെ സാന്നിധ്യത്തിന് അത്ര പ്രാധാന്യം ഉണ്ട്. രണ്ടാം നിരയിൽ ഇരുന്നത് സീനിയർ അഭിഭാഷകൻ ജയ്ദീപ് ഗുപ്‌ത. സുപ്രീം കോടതിയിൽ പിണറായി വിജയൻ സർക്കാരിന് വേണ്ടി ഏറ്റവും അധികം കേസ്സുകളിൽ ഹാജർ ആയിട്ടുള്ള അഭിഭാഷകൻ. അദ്ദേഹത്തിന് ഏതാണ്ട് അഞ്ചോ ആറോ മീറ്റർ അകലെ ആയിരുന്നു സംസ്ഥാന സർക്കാർ സ്റ്റാൻഡിങ് കോൺസൽ ജി പ്രകാശ് നിന്നത്. സുപ്രീം കോടതി വിധി വന്നാൽ പിന്നെ അത് നടപ്പിലാക്കാതെ മറ്റ് പോംവഴി ഇല്ല എന്ന് ചില കേസ്സുകളിൽ നിലപാട് സ്വീകരിച്ചിരുന്ന ഇവർ ഇന്ന് കേസിൽ എന്തെങ്കിലും പറയുമോ എന്ന കൗതുകം ഉണ്ടായിരുന്നു. ജി പ്രകാശിന് സമീപത്ത് ആയിരുന്നു ഈ കേസിലെ പ്രധാനപ്പെട്ട എതിർ കക്ഷി ആയ കേരള തീരദേശ നിയന്ത്രണ അതോറിറ്റയുടെ അഭിഭാഷകൻ റോമി ചാക്കോ നിന്നത്. കേസിന്റെ വാദം നടന്ന ഘട്ടത്തിൽ ഒരിക്കൽ പോലും ഈ മൂന്ന് പേരും ഒന്നാം നിരയിലേക്ക് പോയിരുന്നില്ല. എന്നിരുന്നാലും ഇവരുടെ ഒക്കെ ചലനങ്ങൾക്ക് ഇന്നത്തെ നടപടികളിൽ പ്രാധാന്യം ഉണ്ട്. ഐറ്റം 306 ----------------- ജസ്റ്റിസ് അരുൺ മിശ്ര ജസ്റ്റിസ് നവീൻ സിൻഹ എന്നിവർ ഇന്ന് പരിഗണിച്ച രണ്ടാമത്തെ ഹർജി ആയിരുന്നു മരടിലെ ഫ്ലാറ്റുകളും ആയി ബന്ധപ്പെട്ട ഹർജികൾ. കല്യാൺ ബാനർജി (ഫ്ലാറ്റ് ഉടമകൾക്ക് വേണ്ടി) : ലോർഡ്‌ഷിപ്പ്, ഈ റിട്ട് ഹർജികൾ .......... (മുഴുവിപ്പിക്കാൻ ജസ്റ്റിസ് അരുൺ മിശ്ര അനുവദിച്ചില്ല) ജസ്റ്റിസ് അരുൺ മിശ്ര : എനിക്ക് ഈ റിട്ട് ഹർജികളെ സംബന്ധിച്ച് ശക്തമായ ചില വിയോജിപ്പുകൾ ഉണ്ട്. ഇത് ശരിയായ ഒരു നടപടി അല്ല. കല്യാൺ ബാനർജി : ഞങ്ങളെ നേരത്തെ കേട്ടിരുന്നില്ല. (കല്യാൺ ബാനർജി തൃണമൂൽ കോൺഗ്രസിന്റെ പാർലമെന്റ് അംഗവും മമത ബാനർജിയുടെ വിശ്വസ്തനും സീനിയർ അഭിഭാഷകനും ആണ്) ജസ്റ്റിസ് അരുൺ മിശ്ര : ബസു, നിങ്ങൾ ഒരു പാർലമെന്റ് അംഗം കൂടി ആണ്. ഇങ്ങനെ പറയരുത്. ഇത് കളവാണ്. കല്യാൺ ബാനർജി : ഞങ്ങൾ ഈ കേസിൽ ആദ്യമായാണ് ...... ജസ്റ്റിസ് അരുൺ മിശ്ര : ആര് പറഞ്ഞു. അവധിക്കാല ബെഞ്ചിന് മുമ്പാകെ നിങ്ങൾ വന്നിരുന്നു. മൂന്ന് തവണ ആണ് ഹർജി മെൻഷൻ ചെയ്തിരുന്നത്. സീനിയർ അഭിഭാഷകൻ ഗിരിയുടെ വാദം കേട്ടിരുന്നു. നിങ്ങളുടെ റിട്ട് ഹർജി ഞങ്ങൾ ആണ് തള്ളിയത്. ഞാൻ ആണ് തള്ളിയത്. (കല്യാൺ ബാനർജിക്ക് ഒപ്പം ആൽഫാ ബിൽഡേഴ്സിന് വേണ്ടി സീനിയർ അഭിഭാഷകൻ രൺജിത് കുമാറും ചേർന്നു. രഞ്ജീത്ത് കുമാറിന്റെ കൈയ്യിൽ മുഹമ്മദ് സാദിഖ് എന്തോ കടലാസ്സ് കൈമാറുന്നത് കണ്ടു) കല്യാൺ ബാനർജി : ലോർഡ്‌ഷിപ്പ് ...... (മുഴുവിപ്പാൻ ജസ്റ്റിസ് മിശ്ര സമ്മതിച്ചില്ല) ജസ്റ്റിസ് അരുൺ മിശ്ര: ഇത് ശുദ്ധ തട്ടിപ്പ് ആണ്. അവധിക്കാല ബെഞ്ചിൽ നിങ്ങളുടെ ഹർജി ഞാൻ തള്ളി. ഞാൻ ഇല്ലാത്ത സമയം നോക്കി, നിങ്ങൾ മറ്റൊരു ബെഞ്ചിൽ പുതിയ റിട്ടും ആയി സമീപിച്ചു. ആ ബെഞ്ചിന് മുമ്പാകെ വസ്തുതകൾ മറച്ച് വച്ച് ആറ് ആഴ്ചത്തെ സ്റ്റേ കരസ്ഥമാക്കി. ഇത് അംഗീകരിക്കാൻ ആകില്ല. എന്റെ സുഹൃത്തുക്കൾ അടങ്ങിയ ആ ബെഞ്ച് സ്റ്റേ ഉത്തരവ് പുറപ്പടിവിക്കാൻ പാടില്ലായിരുന്നു. അവർ ചെയ്തത് ശരി അല്ല എന്ന് രേഖപ്പെടുത്താൻ എനിക്ക് മടിയില്ല. ഈ കോടതിയിൽ എന്തൊക്കെ ആണ് നടക്കുന്നത് ? ഇത് അംഗീകരിക്കാൻ കഴിയില്ല. കല്യാൺ ബാനർജി : എനിക്ക് അത് അറിയില്ലായിരുന്നു. ജസ്റ്റിസ് അരുൺ മിശ്ര : ബസു (ബാനർജിയെ അങ്ങനെ ആണ് ജസ്റ്റിസ് അരുൺ മിശ്ര വിശേഷിപ്പിച്ചത്) നിങ്ങൾ ഒരു സീനിയർ അഭിഭാഷകൻ ആണ്. നിങ്ങൾ അത് അറിയണം ആയിരുന്നു. ഈ കേസിൽ പുതിയ അഭിഭാഷകർ വരും. എന്നിട്ട് പുതിയ കേസ് പോലെ അവതരിപ്പിക്കും. ഇത് എനിക്ക് അറിയാം. ബസു, നിങ്ങളെ എന്തിനാണ് ഈ കേസിൽ ഇന്ന് ഹാജർ ആക്കിയത് എന്ന് എനിക്ക് അറിയാം. നമ്മൾ തമ്മിൽ ഉള്ള കൊൽക്കത്ത പരിചയം ആണ് അതിന് കാരണം. നിങ്ങൾ ഹാജർ ആയാൽ ഞാൻ സ്വാധീനിക്കപെടും എന്ന് അവർ ധരിച്ചിട്ട് ഉണ്ടാകും. എന്നാൽ ഞാൻ എന്റെ തീരുമാനങ്ങളിൽ ഉറച്ച് നിൽക്കുന്നവൻ ആണ്. ആ ഗണത്തിൽ പെടുന്ന വ്യക്തി അല്ല ഞാൻ (I am not made of that mettle). നിങ്ങൾ എന്റെ അടുത്ത സുഹൃത്ത് ആണ്. എന്നാൽ എനിക്ക് എന്റെ നിലപാടിൽ മാറ്റം ഇല്ല. (ജസ്റ്റിസ് അരുൺ മിശ്ര കൊൽക്കത്ത ഹൈകോടതി ചീഫ് ജസ്റ്റിസ് ആയിരുന്നു. കല്യാൺ ബാനർജി, കൊൽക്കത്ത ഹൈകോടതിയിലെ സീനിയർ അഭിഭാഷകൻ ആണ്) ജസ്റ്റിസ് അരുൺ മിശ്ര : ഇങ്ങനെ വിധി സമ്പാദിക്കുന്ന ആദ്യ കേസ് അല്ല ഇത്. രണ്ട് മൂന്ന് മറ്റ് കേസുകളും ഉണ്ട്. ഒരു ബെഞ്ച് വിധി പ്രസ്താവിക്കുന്നു. എന്നിട്ട് ആ വസ്തുത മറച്ച് വച്ച് പുതിയ റിട്ട് ഹർജി ഫയൽ ചെയ്ത് മറ്റൊരു ബെഞ്ചിൽ നിന്ന് വിധി സമ്പാദിക്കുന്നു. ഇതൊക്കെ ആണ് നടക്കുന്നത്. കല്യാൺ ബാനർജി : നേരത്തെ സമീപിച്ചിരുന്നു എന്നത് എനിക്ക് അറിയില്ലായിരുന്നു. ജസ്റ്റിസ് അരുൺ മിശ്ര : ഇത് ശുദ്ധ തട്ടിപ്പ് ആണ്. ഈ കോടതിയോട് കാണിക്കുന്ന തട്ടിപ്പ്. ഇതിൽ അഭിഭാഷകരും ഉൾപ്പെടുന്നു എന്നത് ഗൗരവ്വതരവും ദുഖഃകരവും ആയ കാര്യം ആണ്. അഭിഭാഷകർ ആണെന്ന് കരുതി ഞാൻ നടപടി എടുക്കില്ല എന്ന് കരുതരുത്. ഇനി ആവർത്തിച്ചാൽ ഞാൻ കർശന നടപടി എടുക്കും. ഇങ്ങനെ ഈ വ്യവസ്ഥയ്ക്ക് മുന്നോട്ട് പോകാൻ കഴിയില്ല. കോടതിയോട് തട്ടിപ്പ് കാണിച്ചാൽ ഞാൻ ശിക്ഷിക്കും. (ജസ്റ്റിസ് അരുൺ മിശ്രയോട് ബെഞ്ചിൽ ഒപ്പം ഉണ്ടായിരുന്ന ജസ്റ്റിസ് നവീൻ സിൻഹ എന്തോ പറയുന്നു) ജസ്റ്റിസ് അരുൺ മിശ്ര : ശാന്തൻ ആകാൻ ആണ് എന്നോട് എന്റെ സഹോദര ജഡ്ജി പറയുന്നത്. ഈ തട്ടിപ്പ് കാണുമ്പോൾ എങ്ങനെ ശാന്തൻ ആകാൻ കഴിയും ? കല്യാൺ ബാനർജി : ഞങ്ങൾ ഹർജി പിൻവലിക്കാം ജസ്റ്റിസ് അരുൺ മിശ്ര : ഇല്ല. പിൻവലിക്കാൻ ഞാൻ അനുവദിക്കില്ല. ഈ ഹർജി തള്ളി കൊണ്ട് ഉത്തരവിൽ ചില കാര്യങ്ങൾ വ്യക്തമാക്കാൻ ഉണ്ട്. (ജസ്റ്റിസ് അരുൺ മിശ്രയും ജസ്റ്റിസ് നവീൻ സിൻഹയും വീണ്ടും കൂടി ആലോചന നടത്തുന്നു. ജസ്റ്റിസ് അരുൺ മിശ്ര ഉത്തരവ് പ്രസ്താവിക്കുന്നു (ഈ ഹർജിയിൽ ഒരു കഴമ്പും ഇല്ല. ഈ വിഷയവും ആയി ബന്ധപ്പെട്ട് മറ്റൊരു കോടതിയിലും ഒരു ഹർജിയും ഫയൽ ചെയ്യുകയോ / സ്വീകരിക്കുകയോ ചെയ്യരുത്) (ജസ്റ്റിസ് അരുൺ മിശ്രയുടെ പൊട്ടിത്തെറിക്ക് ശേഷം കണ്ടത്. ഒന്നാം നിരയിൽ ഉണ്ടായിരുന്ന ഹാരിസ് ബീരാൻ രണ്ടാം നിരയിൽ ഇരുന്ന സീനിയർ അഭിഭാഷകൻ ജയ്ദീപ് ഗുപ്‌തയക്ക് അടുത്ത് നിൽക്കുന്നു. ഇരുവരും ഉത്തരവ് പൂർത്തിയാക്കുന്നതിന് മുമ്പ് തന്നെ കോടതിക്ക് പുറത്തേക്ക് നീങ്ങി. ജയ്ദീപ് ഗുപ്ത ഈ കേസിൽ ഹാജർ ആയില്ല എന്ന് സംസ്ഥാന സർക്കാർ സ്റ്റാന്റിംഗ് കോൺസൽ ജി പ്രകാശ് പിന്നീട് വ്യക്തമാക്കി. അതായത് കേസിന്റെ നടപടികൾ വീക്ഷിക്കാനോ, അല്ലെങ്കിൽ മറ്റ് ഏതെങ്കിലും കേസിന് വേണ്ടിയോ ആകാം ജയ്ദീപ് ഗുപ്ത ഇന്ന് കോടതിയിൽ ഉണ്ടായിരുന്നത്. ജി പ്രകാശും, റോമി ചാക്കോയും ഇന്ന് കോടതിയിൽ ഒന്നും പറയാത്തതിനാൽ തന്നെ മരട് ഫ്ലാറ്റ് വിഷയത്തിൽ ഫ്ലാറ്റ് ഉടമകൾ നൽകിയ ഹർജിയിൽ സംസ്ഥാന സർക്കാരിന്റെയും, കേരള തീരദേശ നിയന്ത്രണ അതോറിറ്റയുടെയും നിലപാട് വ്യക്തം അല്ല). ************************* ജസ്റ്റിസ് മിശ്ര ഇടയ്ക്ക് ഇങ്ങനെ ഒരു സെന്റെൻസ് കൂടി പറഞ്ഞിരുന്നു. എനിക്ക് അത് മിസ് ആയിരുന്നു. ടൈംസ് നൗ വിലെ ഹരീഷ് ആണ് എനിക്ക് മിസ് ആയ ഈ വരി ശ്രദ്ധയിൽ പെടുത്തിയത് WHAT IS HAPPENING IN THIS COURT? ETHICS HAS GONE TO THE DOGS !! ഈ സെന്റെൻസ് തർജ്ജിമ ചെയ്ത് ഞാൻ കുഴപ്പത്തിൽ ചാടുന്നില്ല.