മുഖ്യമന്ത്രിയെ മെരുക്കാൻ കച്ചകെട്ടി സിപിഐ

GLINT STAFF
Fri, 14-06-2019 12:32:14 PM ;

pinaray vijayan,cpi,cpim ഇടതുപക്ഷ മുന്നണിയും മുന്നണിക്കുള്ളിലെ മറ്റ് പാർട്ടികളുമെല്ലാം തെരഞ്ഞെടുപ്പ് തോൽവി വിശകലനം ചെയ്തു കഴിഞ്ഞു. എല്ലാവരുടെയും കണ്ടെത്തൽ ഒന്നുതന്നെ. ശബരിമല വിഷയത്തിൽ സർക്കാർ സ്വീകരിച്ച നിലപാട് വൻ തോൽവിക്ക് കാരണമായി .ശബരിമല ഈ വിഷയത്തിൽ സർക്കാർ സ്വീകരിച്ച നിലപാടിലൂടെ പ്രകടമായത് മുഖ്യമന്ത്രി പിണറായി വിജയൻറെ അധികാരപ്രയോഗത്തിലെ ധാർഷ്ട്യമാണ്.ആ നില തുടർന്നാൽ സിപിഎമ്മിനൊപ്പം തങ്ങളും തകർന്നടിയും എന്ന തിരിച്ചറിവിലാണ് ജനപക്ഷത്തുനിന്നുകൊണ്ട് സിപിഐ ഒരേസമയം തിരുത്തൽ ശക്തിയും പ്രതിപക്ഷത്തിന്റെ പങ്കും വഹിക്കാൻ തീരുമാനിച്ചിരിക്കുന്നത്.

ശാസനകളുടെയും തെറ്റുതിരുത്തലുകളുടെയും പാർട്ടിയാണ് സിപിഎം. എന്നാൽ പിണറായി വിജയനെ ശാസിക്കാനോ തെറ്റുതിരുത്താനോ പാർട്ടിക്ക് പേടി. അധികാരത്തെ കൂടുതൽ സ്വേഛാധിപത്യപരമായി ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെയാണ് മജിസ്റ്റീരിയൽ അധികാരങ്ങളുടെ മൂന്ന് പോലീസ്കമ്മീഷണറേറ്റുകൾ മുഖ്യമന്ത്രി സൃഷ്ടിച്ചത്. അത് നടക്കില്ല എന്ന് നിസ്സംശയം സി.പി.ഐ പ്രഖ്യാപിച്ചുകൊണ്ട് തടയിട്ടിരിക്കുന്നു. കളക്ടർമാരിൽ നിക്ഷിപ്തമായ മജിസ്റ്റീരിയൽ അധികാരമാണ് പോലീസിലേക്ക് കമ്മീഷണറേറ്റ് രൂപീകരണത്തോടെ കൈമാറാൻ നീക്കം നടത്തിയത്.

അങ്ങനെ വരുമ്പോൾ അറസ്റ്റ് ചെയ്യുന്നത് പോലീസ്, നടപടിക്രമങ്ങൾ പാലിക്കുന്നത് പോലീസ്, കുറ്റപത്രം സമർപ്പിക്കുന്നത് പോലീസ്, വിചാരണ നടത്തുന്നത് പോലീസ്, എന്ന സാഹചര്യം വരും.ഈ അവസ്ഥകളിൽ പൗരാവകാശം പൂർണമായും ലംഘിക്കപ്പെടും. ബലാൽസംഗസമീപനത്തോടെ കേരളത്തിലെ പ്രകൃതിയെ സമീപിച്ച് വികസനപദ്ധതികൾ നടപ്പാക്കുന്നതിന് ചെറുത്തുനിൽപ്പുകളും പ്രതിഷേധങ്ങളും ഉണ്ടാകാറുണ്ട് .അങ്ങനെയുള്ള ചെറുത്തുനിൽപ്പുകാരേയും പ്രതിഷേധക്കാരെയും ജയിലിലടച്ച് വികസന പദ്ധതികളുമായി മുന്നോട്ടു പോകാനും മുഖ്യമന്ത്രിക്ക് ഉദ്ദേശ്യം ഉണ്ടായിരുന്നിരിക്കും.

അത് സാധ്യമല്ലെന്നാണ് റവന്യൂ വകുപ്പ് കൈകാര്യം ചെയ്യുന്ന സിപിഐ പ്രഖ്യാപിച്ചിരിക്കുന്നത് .അതുപോലെ കുന്നത്തുനാട് വയൽ നികത്തൽ . വയൽ നികത്ത് കളക്ടർ തടഞ്ഞതിനെ റദ്ദാക്കിക്കൊണ്ട് റവന്യൂ സെക്രട്ടറിയുടെ ഉത്തരവ് റവന്യൂ മന്ത്രി മരവിപ്പിക്കകക്കുകയുണ്ടായി .റവന്യൂ മന്ത്രി അറിയാതെ ഇനി ഇത്തരം ഉത്തരവ് ഇറക്കരുതെന്ന് റവന്യൂ സെക്രട്ടറിക്ക് മന്ത്രി കർശന നിർദ്ദേശവും നൽകിയിരിക്കുകയാണ് .മുഖ്യമന്ത്രി പിണറായി വിജയന്റ അടുത്ത സുഹൃത്തുകൂടിയായ വിവാദവ്യവസായിയുടെതാണ് കുന്നത്തുനാട് വയൽപ്രദേശം. ലോകസഭാ തെരഞ്ഞെടുപ്പിൽ എന്തുകൊണ്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണി പരാജയപ്പെട്ടു എന്നുള്ളതും ശബരിമല ഉയർത്തിക്കാട്ടി വളരെ ഉച്ചത്തിൽ തന്നെയാണ് കാരണമായി സി.പി.ഐ പറയുന്നത്. പിണറായി വിജയൻറെ പ്രവർത്തികൾ കൂടുതൽ ജനങ്ങളെ വിരുദ്ധം ആകട്ടെ എന്ന സമീപനം പ്രതിപക്ഷം സ്വീകരിക്കുന്നതിനാലാകണം ജനപക്ഷത്ത് കൊണ്ട് സിപിഐ മുഖ്യമന്ത്രിയെ മെരുക്കുന്ന സമീപനം സ്വീകരിച്ചിരിക്കുന്നത്