Skip to main content
NEW DELHI

കേരള ഗവര്‍ണറായി ആരിഫ് മുഹമ്മദ് ഖാനെ നിയമിച്ചു. ഇതോടൊപ്പം മറ്റ് നാല് സംസ്ഥാനങ്ങളില്‍ കൂടി ഗവര്‍ണര്‍മാരെ നിയമിച്ചിട്ടുണ്ട്. രാജീവ് ഗാന്ധി മന്ത്രിസഭയില്‍ ഊര്‍ജ്ജമന്ത്രിയായിരുന്ന ആരിഫ് മുഹമ്മദ് ഖാന്‍ ഷഹബാനു കേസില്‍ സര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധിച്ച് രാജി വെച്ചിരുന്നു. 2004ല്‍ ബി.ജെ.പിയില്‍ ചേര്‍ന്നു.

ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹര്‍ സ്വദേശിയായ ആരിഫ് മുഹമ്മദ് ഖാന്‍ ഭാരതീയ ക്രാന്തി ദളിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. പിന്നീട് കോണ്‍ഗ്രസില്‍ ചേര്‍ന്ന അദ്ദേഹം കാണ്‍പൂരില്‍ നിന്നും ബഹ്റൈച്ചില്‍ നിന്നും എം.പിയായി തെരഞ്ഞെടുക്കപ്പെട്ടു. 1986 ല്‍ രാജീവ് ഗാന്ധി മന്ത്രിസഭയില്‍ ഊര്‍ജ്ജവകുപ്പ് കൈകാര്യം ചെയ്തുകൊണ്ടിരിക്കേയുള്ള അദ്ദേഹത്തിന്റെ രാജി ഏറെ വിവാദമായിരുന്നു. ഷഹബാനു കേസില്‍ മുസ്ലീം സ്ത്രീകള്‍ക്കുള്ള അവകാശങ്ങള്‍ സംബന്ധിച്ച് രാജീവ് ഗാന്ധി സര്‍ക്കാര്‍ കൊണ്ടുവന്ന ബില്ലിനോടുള്ള എതിര്‍പ്പായിരുന്നു രാജിക്ക് കാരണം. മുസ്ലീം സമൂഹത്തിന്റെ പൊതു നിലപാടിന് വിരുദ്ധമായിരുന്നു ഇക്കാര്യത്തില്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാട്. പിന്നീട് ജനതാദള്‍, ബിഎസ്പി എന്നീ പാര്‍ട്ടികളിലേക്ക് ചേക്കേറിയ ആരിഫ് മുഹമ്മദ് ഖാന്‍ 2004 ല്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. ജൂണില്‍ ലോക്സഭയില്‍ മുത്തലാക്ക് ബില്‍ അവതരിപ്പിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തില്‍ ആരിഫ് മുഹമ്മദ് ഖാനെ കുറിച്ച് പരാമര്‍ശിച്ചിരുന്നു. കേരള ഗവര്‍ണറായി നിയമിക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഹിമാചല്‍ ഗവര്‍ണറായ കല്‍രാജ് മിശ്രയെ രാജസ്ഥാന്‍ ഗവര്‍ണറായി മാറ്റി നിയമിച്ചു. ഭഗത് സിങ് കോഷ്യാരി ആണ് മഹാരാഷ്ട്ര പുതിയ ഗവര്‍ണര്‍. ബന്ദാരു ദത്താത്രേയ ആണ് പുതിയ ഹിമചല്‍ ഗവര്‍ണര്‍. തമിഴിസൈ സൗന്ദര്‍രാജനെ തെലങ്കാന ഗവര്‍ണറായും നിയമിച്ചിട്ടുണ്ട്.