Skip to main content
kottayam

പാലായിലെ സ്ഥാനാര്‍ത്ഥി നിര്‍ണത്തില്‍ തര്‍ക്കം തുടരുകയാണെങ്കില്‍ സ്വതന്ത്ര ചിഹ്നത്തിൽ മത്സരിക്കുമെന്ന നിലപാട് മാറ്റി ജോസ് കെ മാണി വിഭാഗം. പാലായില്‍ രണ്ടില ചിഹ്നത്തില്‍ തന്നെ മത്സരിക്കുമെന്ന് ജോസ് കെ മാണി പറഞ്ഞു. അന്തിമമായി ആരുടെ പേരിലും എത്തിയിട്ടില്ല, രണ്ട് മൂന്ന് മണിക്കൂര്‍കൂടി കാത്തിരിക്കൂവെന്നും ജോസ് കെ മാണി വ്യക്തമാക്കി.

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെ ചൊല്ലിയാണ് കേരള കോണ്‍ഗ്രസിലെ തര്‍ക്കം രൂക്ഷമാകുന്നത്. നിഷാ ജോസ് കെ. മാണിയെയാണ് ജോസ് കെ മാണി വിഭാഗം സ്ഥാനാര്‍ത്ഥിയായി കാണുന്നത്. സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ ഇന്ന് അന്തിമ തീരുമാനത്തിലേക്ക് എത്താനിരിക്കെ നിഷാ ജോസ് കെ. മാണിക്കെതിരെ ജോസഫ് വിഭാഗം നിലപാട് കടുപ്പിച്ചതാണ് പ്രശ്നം സങ്കീര്‍ണമാക്കിയത്. ഇതിനിടെയിലാണ് രണ്ടില ചിഹ്നം നല്‍കാനാവില്ലെന്ന നിലപാടില്‍ ജോസഫ് വിഭാഗം എത്തിയത്. എന്നാല്‍ സ്വതന്ത്ര ചിഹ്നത്തില്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് ജോസ് കെ മാണി വിഭാഗവും നിലപാടെടുത്തു. തീരുമാനം പിന്നീട് മാറ്റുകയായിരുന്നു.

ഇന്ന് ഉപസമിതി കണ്ടെത്തുന്ന സ്ഥാനാര്‍ത്ഥിയുടെ പേര് യു.ഡി.എഫ് സമര്‍പ്പിക്കാനുമാണ് തീരുമാനം. അതേസമയം ഒത്ത് തീര്‍പ്പ് ശ്രമങ്ങള്‍ യു.ഡി.എഫ് സജീവമാക്കിയിട്ടുണ്ട്. പ്രശ്നപരിഹാരം ഉണ്ടായില്ലെങ്കില്‍ തെരഞ്ഞെടുപ്പിനെ പോലും ഇത് ബാധിച്ചേക്കാമെന്ന വിലയിരുത്തലുമുണ്ട്.