Skip to main content
DELHI

ഐ.എന്‍.എക്സ് കേസിൽ അറസ്റ്റിലായ മുൻ കേന്ദ്രമന്ത്രി പി. ചിദംബരത്തിന് കോടതി ജാമ്യം നിഷേധിച്ചു. നാല് ദിവസത്തേക്ക് സി.ബി.ഐ കസ്റ്റഡിയില്‍ വിടാനും കോടതി തീരുമാനിച്ചു. തിങ്കളാഴ്ച്ച വരെയാണ് ചിദംബരം സി.ബി.ഐ കസ്റ്റഡിയില്‍ തുടരുക. നേരത്തെ അഞ്ച് ദിവസം കസ്റ്റഡിയില്‍ വേണമെന്നായിരുന്നു സി.ബി.ഐ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നത്.

ചിദംബത്തിനെതിരായ ആരോപണങ്ങള്‍ ഗുരുതരമായതിനാല്‍ ജാമ്യമില്ലാ വാറണ്ട് പ്രകാരമാണ് അറസ്റ്റ് ചെയ്തത്. ചിദംബരം ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണെന്നും കൂട്ടുപ്രതിക്കൊപ്പം ചോദ്യം ചെയ്യേണ്ടതുണ്ടെന്നും സിബിഐ കോടതിയില്‍ വാദിച്ചു. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് സിബിഐക്ക് വേണ്ടി കോടതിയില്‍ ഹാജരായത്. ഇന്ദ്രാണി മുഖർജിയെ അറിയില്ലെന്നും അധികാര ദുർവിനിയോഗം നടത്തിയിട്ടില്ലെന്നും പി ചിദംബരം ചോദ്യം ചെയ്യലിൽ പറഞ്ഞു.

ചിദംബരത്തിനെ ഇന്ന് രാവിലെ മുതലാണ് സി.ബി.ഐ ചോദ്യം ചെയ്യാനാരംഭിച്ചത്. സാമ്പത്തിക കുറ്റകൃത്യങ്ങളിലെ കുറ്റാരോപിതരെ പാർപ്പിക്കുന്ന ലോക്കപ്പിലെ നമ്പർ 3 ലാണ് ചിദംബരം ഇന്നലെ രാത്രി കഴിച്ച് കൂട്ടിയത്. ചോദ്യം ചെയ്യലിൽ ഇന്ദ്രാണി മുഖർജിയെ അറിയില്ലെന്ന് ചിദംബരം പറഞ്ഞു. കേസ് രാഷ്ട്രീയ പ്രേരിതമാണ്. മന്ത്രി എന്ന നിലയിൽ അധികാര ദുർവിനിയോഗം നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കാർത്തി ചിദംബരവും ഇന്ദ്രാണി മുഖർജിയുമായുള്ള ടെലഫോൺ സംഭാഷണങ്ങളുടെ വിശദാംശങ്ങളിൽ ചിദംബരം മൗനം പാലിച്ചു. കേസുമായി ബന്ധപ്പെട്ട് മുൻപ് എടുത്ത നിലപാട് തന്നെയാണ് അദ്ദേഹം ചോദ്യം ചെയ്യലിലും തുടർന്നത്. കുറ്റപത്രമില്ലെന്ന ആരോപണത്തിന് അടിസ്ഥാനമില്ലെന്നും കരട് കുറ്റപത്രം ഉണ്ടെന്നുമാണ് സി.ബി.ഐ നിലപാട്. അതേസമയം എൻഫോഴ്സ്മെന്റ് ഇതു വരെയും ചിദംബരത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.