മഹാരാഷ്ട്രയില്‍ രണ്ട് വള്ളത്തില്‍ ചവിട്ടി പവാറും കുടുംബവും

Glint Desk
Wed, 27-11-2019 04:30:45 PM ;

മഹാരാഷ്ട്രയില്‍ എന്‍സിപി ഒരേസമയം ഭരണത്തിലും പ്രതിപക്ഷത്തും. ഇനി അറിയേണ്ടത് ഈ കളി അമിത് ഷായും ശരത് പവാറും ഒരുമിച്ച് നടത്തിയതാണോ അതോ ശരത് പവാര്‍ ഒറ്റയ്ക്ക് നടത്തിയതാണോ എന്നതാണ്. ശരത് പവാറിനെ അറിയുന്നവര്‍ക്കറിയാം ഈ കളി അമിത് ഷായുമായി ചേര്‍ന്ന് നടത്തിയതാണെന്ന്. ഒരു കാര്യം ഉറപ്പായി,ശിവസേനയുടെ മഹാരാഷ്ട്രയിലെ കാലം ഏതാണ്ട് കഴിയാറായി. ഒരുപക്ഷെ ആറു മാസത്തിനകം തന്നെ അത് സാധ്യമാക്കി ബിജെപി എന്‍സിപി സര്‍ക്കാര്‍ മഹാരാഷ്ട്രയില്‍ അധികാരത്തില്‍ വരുമെന്ന കാര്യത്തില്‍ സംശയമില്ല. ഉപമുഖ്യമന്ത്രിയായി, ബിജെപി മുന്‍മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനോടൊപ്പം സത്യപ്രതിജ്ഞ  ചെയ്ത അജിത് പവാര്‍ ഇപ്പോള്‍ എന്‍സിപി നേതാവ് തന്നെ. നിയമസഭ കക്ഷി നേതാവിന്റെ സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ എന്‍സിപി നേതൃത്വം നീക്കിയെന്നത് ശരി.അജിത് പവാറും പറയുന്നു ശരത് പവാറും പറയുന്നു അജിത് പവാര്‍ എന്‍സിപിയില്‍ ആണെന്ന്. അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഏതാനും മണിക്കൂറുകള്‍ക്കകമാണ് അദ്ദേഹത്തിനെതിരെയുള്ള 70,000 കോടി രൂപയുടെ അഴിമതി ആരോപണ അന്വേഷണങ്ങളില്‍ നിന്ന് വിമുക്തമാക്കിയത്.ഉപാധികളോടെയാണ് ഈ അഴിമതികേസില്‍ നിന്ന് അജിത് പവാറിനെ വിമുക്തമാക്കിയിട്ടുള്ളത്. എന്നുവെച്ചാല്‍ കേന്ദ്രത്തില്‍ ഭരണത്തിലിരിക്കുന്ന ബിജെപിക്ക് എപ്പോള്‍ വേണമെങ്കിലും ഈ വിഷയം കുത്തിപ്പൊക്കാനുള്ള വാതില്‍ തുറന്നിട്ടുക്കൊണ്ട്. എന്‍സിപി എന്നാല്‍ പവാര്‍ കുടുംബ കോര്‍പറേഷന്‍ തന്നെയാണ്.

അതുകൊണ്ട് തന്നെ അജിത് പവാറിനെതിരെയുള്ള 70,000 കോടി രൂപയുടെ അഴിമതി നടത്തിയെന്ന കേസ് പവാര്‍ കുടുംബത്തിനെതിരെ തന്നെയുള്ളതായിരുന്നു.  ആ കേസാണിപ്പോള്‍ നിലവില്‍ ഇല്ലാതായിരിക്കുന്നത്.രണ്ട് ദിവസം മുന്‍പ് ചതിയന്‍ എന്ന് വാട്സ്ആപ്പ് സ്റ്റാറ്റസിട്ട എന്‍സിപിയുടെ എംപിയും ശരത് പവാറിന്റെ മകളുമായ സുപ്രിയ സുലെ ബുധനാഴ്ച്ച മഹാരാഷ്ട്ര നിയമസഭയ്ക്ക് പുറത്ത് വെച്ച് അജിത് പവാറിനെ കെട്ടിപിടിച്ച് കസിനോടുള്ള തന്റെ  സ്നേഹം പ്രകടിപ്പിച്ചു. ചൊവ്വാഴ്ച്ച വൈകിട്ട് സുപ്രിയയുടെ ഭര്‍ത്താവ് സദാനന്ദ സുലെ അജിത് പവാറിനെ പോയി കാണുകയും എന്‍സിപിയിലേക്ക് തിരികെ ക്ഷണിക്കുകയും ചെയ്യുകയുണ്ടായി. അജിത് പവാറിന് മഹാവിശാല്‍ അഗാഡി  സര്‍ക്കാരില്‍ സ്ഥാനമൊന്നും ഉണ്ടാവില്ല. അതേസമയം ബിജെപിയുടെ സഖ്യകക്ഷിയുമല്ല. എന്നാല്‍ അജിത് ബിജെപിക്ക് ഒപ്പമുണ്ട്. എന്‍സിപി നിയമസഭ അംഗവുമാണ്. ശരിയായ സമയത്ത് സംസാരിച്ചുക്കൊള്ളാം എന്നാണിപ്പോള്‍ അജിത് പവാര്‍ പറയുന്നത്. ആ ശരിയായ സമയംക്കൊണ്ട് ഉദ്ദേശിക്കുന്നത് മറ്റൊന്നുമാവാന്‍ വഴിയില്ല വ്യാഴായ്ച്ച  സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തില്‍ വരാന്‍ പോകുന്ന ഉദ്ധവ് താക്കറെ മന്ത്രിസഭയുടെ  പതനം തന്നെയായിരിക്കും. അതിലേക്കുള്ള ദൂരം ഒരുമാസമോ മൂന്നുമാസമോ ആറുമാസമോ  എന്നുള്ളതാണ്  കണ്ടറിയേണ്ടത്.

 

 
 
 
ReplyForward

Tags: