ടോക്കണ്‍ ദുരിതത്തില്‍ നിന്ന് ഐ.സി.യുവിലൂടെ സംഭവിച്ച മോചനം

Gint Staff
Tue, 18-07-2017 05:34:50 PM ;

angry happy  

പ്രഗത്ഭനായ നഗരത്തിലെ ഫിസിഷ്യന്‍. 2017 ജൂലായ് മാസത്തിലെ പനിക്കാലം അദ്ദേഹത്തിന്റെ വീട്ടില്‍ അതി രാവിലെ തന്നെ രോഗികളെ കൂട്ടും. അദ്ദേഹത്തിനെ കാണുന്നതിന് ടോക്കണ്‍ സമ്പ്രദായമുണ്ട്. നേരം വെളുക്കുന്നതിന് മുന്‍പ്  വീട്ടിലെത്തി വേണം ടോക്കണെടുക്കാന്‍. രാവിലെ നാലു മണിമുതല്‍ അഞ്ചിനകം വരുന്നവര്‍ക്കേ ടോക്കണ്‍ കിട്ടാന്‍ വഴിയുളളു. ടോക്കാണെടുക്കാന്‍ പറ്റാത്തവരും വരും. ടോക്കണുള്ളവര്‍ കയറിക്കഴിയുമ്പോഴോ അല്ലെങ്കില്‍ ഇടയക്ക് ഒഴിവുണ്ടാവുമ്പോഴോ ഒക്കെ കയറാനായി. ഒരു ദിവസം നാലാമത്തെ ടോക്കണ്‍ കിട്ടി. നാലാം ടോക്കണിന്റെ ഊഴമെത്തിയപ്പോള്‍  മറ്റൊരാള്‍ മുന്നില്‍ നിന്ന് കയറി. അദ്ദേഹത്തിന്റെ ടോക്കണ്‍ നമ്പര്‍ ചോദിച്ചപ്പോള്‍ മൗനം. കേള്‍വിയുണ്ടെന്ന ഭാവം പോലുമില്ല. നാലാം നമ്പര്‍ ടോക്കണും കൈയ്യില്‍ വച്ച് അരിശം പൂണ്ടു. മറ്റുള്ളവരും ആ അരിശത്തെ അരിയിട്ടു വാഴ്ത്തി. നാലു മണിക്കു വന്ന് ടോക്കണ്‍ എടുത്തവര്‍ മണ്ടന്മാര്‍. എന്തൊരു ഹുങ്കാണ് അയാള്‍ കാണിച്ചത്. മിടുക്കനാകാന്‍ സമൂഹത്തില്‍ എപ്പോഴും ഇതുപോലെ ആരെങ്കിലുമുണ്ടാകും. പനിപിടിച്ച് വയ്യാതിരുന്ന അമ്മ പറഞ്ഞു, വിട്ടുകള. അയാള്‍ കണ്ടിട്ട് പോകട്ടെ. പക്ഷേ പനിപിടിച്ച സ്വരം പോലെ അവരുടെ നിര്‍ദ്ദേശം ആരും കേട്ട ലക്ഷണം കാണിച്ചില്ല.
      
മൂന്നു ദിവസം കഴിഞ്ഞ് വീണ്ടും ഡോക്ടറെ കാണാനെത്തി. അന്ന് കിട്ടിയ ടോക്കണ്‍ അഞ്ച്. രാവിലെ ഏഴു മണിക്കു തന്നെ ഡോക്ടറുടെ കണ്‍സള്‍ട്ടിംഗ് റൂമിനു പുറത്തുള്ള കാത്തിരിപ്പു സ്ഥലത്തെത്തി. ഏഴേകാലായിട്ടും ഡോക്ടര്‍ രോഗികളെ നോക്കിത്തുടങ്ങിയില്ല. കൃത്യം ഏഴു മണിക്കു തുടങ്ങുന്നതാണ് ഡോക്ടറുടെ ചിട്ട. രോഗികള്‍ ഒരു ജനക്കൂട്ടം പോലെയായി. രോഗികളുടെ കൂടെ വന്നവരിലൊരാള്‍ ഡോക്ടറുടെ കണ്‍സള്‍ട്ടിംഗ് റൂം തുറന്നു. തുറക്കുന്ന ശബ്ദം കേട്ടിട്ട് ഡോക്ടറുടെ വീട്ടിനുള്ളില്‍ നിന്ന് ആരോ അകത്തു നിന്നുള്ള കതകു തുറന്നു പറഞ്ഞു, '  ഡോക്ടറ് ആശുപത്രിയില്‍ പോയിരിക്കുകയാണ്. ഐ.സി.യുവില്‍ നിന്ന് വിളി വന്നു. കതകു തുറന്ന് ഈ വിവരം കിട്ടിയ യുവതി എല്ലാവരോടുമായി പ്രഖ്യാപിച്ചു. അതും ചെറു ചിരിയോടെ. ആരുടെ മുഖത്തും ആകാംഷയോ താമസിക്കുന്നതിന്റെ അസ്‌കിതയോ ഇല്ല. അതു കേട്ട മാത്രയില്‍ എല്ലാവരുടെയും ശരീരവും മുഖവുമൊക്കെ അയയുന്നതു പോലെ തോന്നി.
     
ചിലര്‍ ഐ.സി.യുവില്‍ നിന്ന് വിളി വരുന്നതിന് കാരണമാകുന്ന രംഗം ഭാവനയില്‍ കണ്ട് വിശദീകരിച്ചു. ഡോക്ടര്‍ ഈ അതിരാവിലെ തന്നെ പോകാന്‍ കാണിച്ച അദ്ദേഹത്തിന്റെ ആത്മാര്‍ഥതയും ചിലര്‍ വിവരിച്ചു. രോഗികളായിരുന്ന പലരുടെയും രോഗം പോലും അപ്രത്യക്ഷമായതു പോലെ തോന്നി. അവിടിരുന്നവരെല്ലാം കൂടി ഡോക്ടറോടൊപ്പം ഐ.സി.യുവില്‍ കിടക്കുന്ന രോഗിയുടെ രക്ഷയ്ക്കായി പങ്കു ചേര്‍ന്നു. സമയംഎട്ടു മണിയോടടുത്തിട്ടും ഡോക്ടര്‍ വരാതിരുന്നിട്ടും ആര്‍ക്കും ഒരു പരിഭവവുമില്ലെന്നു മാത്രമല്ല, ആരും തന്നെ മടങ്ങിപ്പോയതുമില്ല.
        
എന്തുകൊണ്ടായിരിക്കും നാലാം നമ്പര്‍ ടോക്കണ്‍ കട്ടിയപ്പോള്‍ ഒരാള്‍ തനിക്കു മുന്നേ ടോക്കണില്ലാതെ ഡോക്ടറെ കാണാന്‍ കയറിയപ്പോള്‍ അരിശം കൊണ്ട് ശരീരം തിളച്ചത്. ഏറി വന്നാല്‍ നാലു മിനിട്ടു മാത്രമേ അയാള്‍ എടുത്തുള്ളു. അജ്ഞാതനായ അയാള്‍ പെട്ടന്ന് ഒരു സമൂഹത്തിന്റെ തന്നെ ശത്രുവായി മാറി. മറ്റൊരാള്‍ക്കു വേണ്ടി നാലു മിനിട്ടു പോലും കൊടുക്കാന്‍ കഴിയാതെ വരുന്നു. അയാളും വളരെയധികം സംഘട്ടനം അനുഭവിച്ചു.അതുകൊണ്ടാണ് ടോക്കണ്‍ നമ്പര്‍ ചോദിച്ചപ്പോള്‍ അയാള്‍ കല്ലുപോലെ നിന്നിട്ട് പെട്ടെന്ന് ഡോക്ടറുടെ മുറിക്കുള്ളിലേക്കു കയറിയത്. ചിലപ്പോള്‍ അയാള്‍ക്ക് രാവിലെ അത്യാവശ്യമായി എവിടെയെങ്കിലും എത്തപ്പെടേണ്ടതുണ്ടാകും.
     

ഒന്നുമില്ലെങ്കിലും മൂന്നോ നാലോ ഏറിയാല്‍ അഞ്ചു മിനിട്ടു നേരത്തെ കാര്യമേ ഉള്ളു. അവിടിരുന്നവരുടെ എല്ലാം തന്നെ ശരീരം വരിഞ്ഞുമുറുകി ചൂടുകൊണ്ടു തിളച്ചു. അയോളുളള ദേഷ്യത്തില്‍ .അയാള്‍ ശാരീരികമായി അനുഭവിച്ച അസ്വസ്ഥതയേക്കാള്‍ അവിടിരുന്നവര്‍ അനുഭവിച്ചിട്ടുണ്ടാകും. ഇതൊക്കെയാണ് രോഗത്തെ ഉണ്ടാക്കുന്നതും വര്‍ധിപ്പിക്കുന്നതും.ഇതാണ് സാമൂഹ്യമായ അബോധാവസ്ഥ. ഇതു വ്യക്തിയിലും ഒററയ്ക്കും സമൂഹത്തില്‍ കൂട്ടമായിട്ടും പ്രകടമാകുന്നു. ഡോക്ടറെ കാണാന്‍ വരുന്നത് രോഗശാന്തിക്കു വേണ്ടിയാണ്. അതാണ് രോഗിയുടെ ഉദ്ദേശ്യമെങ്കില്‍ സ്വന്തം ശരീരത്തിന് അസുഖം വര്‍ധിക്കുന്ന വിധം ഒരാള്‍ പെരുമാറാന്‍ പാടില്ല. രോഗിയുടെ ലക്ഷ്യം രോഗം മാറുക എന്നുളളതിലേക്ക് എത്താന്‍ കഴിയുന്നില്ല. സ്വയം നാശമുണ്ടാകുമെന്നറിഞ്ഞിട്ടും അതില്‍ നിന്നു പിന്‍മാറാന്‍ പറ്റാത്ത മനുഷ്യന്റെ ദുരിതം.

ഇതു സംഭവിക്കുന്നത് അന്യവത്ക്കരണം കൊണ്ടാണ്. അന്നു ചൂടായതില്‍ നല്ലൊരു ശതമാനം ആള്‍ക്കാരും രോഗിയുടെ കൂടെ ന്നവരാണ്. പരിചയമില്ലാത്ത വ്യക്തിയും നമ്മുടെ സഹോദരന്‍ തന്നെ. പക്ഷേ അതറിയാന്‍ മനസ്സിലാക്കാനോ അതിലൂടെ അറിയാനോ കഴിയുന്നില്ല. ആ സ്ഥാനത്ത് നമ്മുടെ സഹോദരനാണ് കയറിയതെങ്കില്‍ ആര്‍ക്കും ദേഷ്യം ഉണ്ടാകുന്നില്ല. പരിചയമില്ലാത്തയാളെ സഹോദരനായി കാണാന്‍ കഴിയാതെ വരുന്ന വ്യക്തിയുടെ പരിമിതി കൊണ്ടാണ് അത്തരത്തില്‍ കോപം വരുന്നത്. തന്നില്‍ നിന്ന് അന്യമായത് ഉണ്ടെന്നുള്ള അടിസ്ഥാന തെറ്റിദ്ധാരണയാണ് ദേഷ്യത്തിനും കോപത്തിനും ആധാരമായി പ്രവൃത്തിക്കുന്നത്.

 
ഒന്നു സങ്കല്‍പ്പിക്കാം. ആ വ്യക്തി തന്നെയാണോ രണ്ടു ദിവസം കഴിഞ്ഞ് ഐ.സി.യുവില്‍ കിടന്നതെന്ന്  നിശ്ചയമില്ല. അഥവാ അദ്ദഹമല്ലെങ്കില്‍ പോലും അപ്പോള്‍ ഐ.സി.യുവില്‍ കിടന്നയാളാണ് ടോക്കണില്ലാതെ കയറിയതെങ്കില്‍ അദ്ദേഹത്തോടും ദേഷ്യത്തോടെ എല്ലാവരും പെരുമാറുമായിരുന്നു. എന്നാല്‍ ഐ.സി.യുവില്‍ കിടന്ന രോഗിയെ ഡോക്ടര്‍ നോക്കാന്‍ പോയതിന്റെ പേരില്‍ ഒരു മണിക്കൂറിലേറെ കാത്തിരുന്നിട്ടും ആര്‍ക്കും ഒട്ടും മുഷിപ്പുണ്ടായില്ല. അതാണ് ബോധ്യപ്പെടല്‍ എന്ന അവസ്ഥ മനുഷ്യില്‍ സൃഷ്ടിക്കുന്ന ശാന്തത. അവിടെ മനുഷ്യന്റെ അടിസ്ഥാന വികാരമായ നന്മ ഉണര്‍ത്തപ്പെടുന്നു. ഐ സി യുവില്‍ കിടക്കുന്നത് അപരിചിതനാണെങ്കിലും വളരെ വേണ്ടപ്പെട്ടവനാകുന്നു. അതു തിരിച്ചറിയലാണ്. കാരണം മരണമാണ് അവിടെ അടുത്തു നില്‍ക്കുന്നത്. അതിലേക്കു വരുമ്പോള്‍ മനുഷ്യന്റെ എല്ലാ വേര്‍പെടീലുകളും ധൃതിയും തിടുക്കവും എല്ലാം അവസാനിക്കുന്നു. അവിടെ ശാന്തതയല്ലാതെ ഒന്നുമില്ല. ഡോക്ടര്‍ പോയില്ലെങ്കില്‍ ചിലപ്പോള്‍ ആ രോഗിയുടെ മരണം സംഭവിക്കാം. അത് ആരും ആഗ്രഹിക്കുന്നില്ല.
 
മനുഷ്യന്‍ ആത്യന്തികമായി സ്‌നേഹമുള്ളവനാണ്. പക്ഷേ അതിന്റെ മേല്‍ പലതും വന്നു മൂടി മറയപ്പെടുന്നു. ആ മറ മാറ്റാനും മനുഷ്യനു കഴിയും. അതാണ് രണ്ടാം ദിവസം കാത്തിരുന്നപ്പോള്‍ എല്ലാവരും പ്രസന്നവദനരായി കാത്തിരുന്നത്. മാത്രമല്ല മരണത്തില്‍ നിന്ന് എത്ര ദൂരെയാണ് തങ്ങളെന്ന ചിന്ത അവരെ അറിയാതെ ഊര്‍ജ്ജസ്വലരാക്കിയിട്ടുമുണ്ടാകും. ഇങ്ങനെ കാര്യങ്ങളുടെബോധ്യപ്പെടല്‍ അഥവാ അണ്ടര്‍സ്റ്റാന്‍ഡിംഗ് ഇതാണ് ബുദ്ധന്‍ മുന്നോട്ടു വയ്ക്കുന്ന കേന്ദ്രബിന്ദു. ദുരിതങ്ങളില്‍ നിന്ന് മോചിതരാകാന്‍
     
മറ്റുള്ളവന്റെ അവസ്ഥയെ സ്വന്തം വൈകാരികസൂക്ഷ്മതലങ്ങളിലൂടെ അറിഞ്ഞാല്‍ അവിടെ കഴിയുകയായി ദേഷ്യവും കോപവും വിഷാദവും വിഷമവും എല്ലാം. മറ്റൊരാളെ അവ്വിധമറിയണമെങ്കില്‍ ആദ്യം സ്വയം അറിയുകയേ നിവൃത്തിയുളളു. ഒരിക്കലെങ്കിലും പൊള്ളലേറ്റ വ്യക്തിക്കു മാത്രമേ മറ്റൊരാള്‍ക്ക് ഏല്‍ക്കുന്ന പൊള്ളല്‍ അറിയാന്‍ കഴിയുകയുള്ളു.സ്വയം അനുഭവിച്ച പൊളളല്‍ അവിടെ മറ്റൊരാളുടെ അനുഭവത്തെ അറിയാനുള്ള അറിവായി മാറുന്നു. അവ്വിധം എല്ലാ വികാരങ്ങളേയും സ്വന്തം അനുഭവത്തിലൂടെ അറിഞ്ഞ് മറ്റുളളവരെ അതേ രീതിയില്‍ അറിയുന്നതിനെയാണ് ബുദ്ധന്‍ അണ്ടര്‍സ്റ്റാന്‍ഡിംഗ് എന്നു പറയുന്നത്. അഞ്ചു മിനിട്ട് ടോക്കണില്ലാത്തയാള്‍ സമയമപഹരിഞ്ഞപ്പോള്‍ ഡോക്ടറുടെ മുറിയുടെ പിന്നില്‍ കാത്തിരുന്നവരെല്ലാം സ്വയം തിളച്ച് ദുരിതം അനുഭവിച്ചു. ചിലരുടെ രക്തസമ്മര്‍ദ്ദം പോലും ഉയര്‍ന്നിട്ടുണ്ടാകും. അകത്തു കയറിയ ആള്‍ കല്ലുപോലെ നില്‍ക്കുന്നതിനു പകരം അദ്ദേഹവും എന്തെങ്കിലും ന്യായവാദം ഉന്നയിച്ചിരുന്നെങ്കില്‍ വാഗ്വാദവും ഉണ്ടായാനെ. ആകെ ദുരിതം. എന്നാല്‍ ഐ.സി.യുവില്‍ കിടന്ന രോഗിക്കു വേണ്ടി ഒരു മണിക്കൂറിലേറെ കാത്തിരിക്കേണ്ടി വന്നിട്ടും സന്തോഷത്തോടെ ശാന്തതയോടെ ദുരിതം ഒട്ടുമില്ലാതെ കാത്തിരുന്നു. ബുദ്ധന്‍ പറഞ്ഞു തരാന്‍ ശ്രമിക്കുന്നതും ഇതു തന്നെ. ടോക്കണില്ലാത്ത ആള്‍ കയറിപ്പോയപ്പോഴും ദുരിതം അനുഭവിക്കാതെ ചിരിച്ചുകൊണ്ട് അഞ്ചു മിനിട്ട് അധികം കാത്തിരിക്കാവുന്നതേ ഉളളു.അങ്ങിനെയെങ്കില്‍ ദുരിതമനുഭവിക്കേണ്ടി വരില്ല.
         

 

Tags: