ഷെയര്‍ ചെയ്യലിന് പിന്നിലെ ഗുട്ടന്‍സ്

Glint Staff
Fri, 01-02-2019 05:40:49 PM ;

 viral-videos

വെള്ളിയാഴ്ച പ്രചരിക്കുന്ന രണ്ട് വീഡിയോകള്‍ ഒന്ന് എറണാകുളം ജില്ലയിലെ വാളകത്തുള്ള ഒരു സ്‌കൂളില്‍ തന്റെ കുട്ടിയുടെ പഠനവിവരം തിരക്കാനെത്തിയ അമ്മയോട് അധ്യാപകര്‍ തട്ടിക്കയറുന്നത്, രണ്ട് കോട്ടയം-കുമിളി റൂട്ടിലോടുന്ന കെ.എസ്.ആര്‍.ടിസി ബസിന്റെ ഡ്രൈവര്‍ അമിത വേഗത ചോദ്യം ചെയ്ത യാത്രക്കാരോട് അസഭ്യം പറയുന്നത്. ഈ രണ്ട് സംഭവങ്ങളെ വേണമെങ്കില്‍ മലയാളിയുടെ അവസ്ഥയെന്നോ മനുഷ്യന്റെ അവസ്ഥയെന്നോ പറയാം. നിങ്ങളില്‍ ആരെങ്കിലും തെറ്റ് ചെയ്യാത്തവരുണ്ടെങ്കില്‍ ഇവള്‍ക്ക് നേരെ കല്ലെറിയാം എന്ന് യേശു ക്രിസ്തു പറഞ്ഞതുപോലെ,  ഈ അവസ്ഥ ഒരിക്കലെങ്കിലും പ്രകടമാകാത്തവരുണ്ടെങ്കില്‍ ഈ വീഡിയോ ഷെയര്‍ ചെയ്യൂ എന്ന് പറയപ്പെട്ടാല്‍ ഇതിന്റെ പങ്കുവക്കല്‍ അവിടെ അവസാനിക്കും. ഇത് ഇപ്പോള്‍ വ്യാപകമായി പങ്കുവക്കുന്നത് സംഘട്ടനങ്ങളെ ആസ്വദിക്കുക എന്ന മനുഷ്യന്റെ അധമവികാരത്തെ തൃപ്തിപ്പെടുത്താന്‍ വേണ്ടിയാണ്.

Video-1

ഇതിനകത്ത് പ്രകടമാക്കപ്പെട്ട ക്ഷോഭം, സംശയം വേണ്ട അത് ഭ്രാന്ത് തന്നെയാണ്. ഈ ഭ്രാന്ത് നാം ഓരോരുത്തരിലും എപ്പോള്‍ വേണമെങ്കിലും പൊട്ടിപ്പുറപ്പെടാമെന്ന അവസ്ഥയിലുള്ളതിനാലാണ് ഇവ ഇത്രയധികം വൈറലായത്. സമാനമായ അവസ്ഥയില്‍  'ഞാന്‍ പെടില്ലേ, ഞാന്‍ പെടാറുണ്ടോ, ഞാന്‍ പെട്ട അവസാന സന്ദര്‍ഭമേത്,ഞാന്‍ ഇത്തരം അവസ്ഥകളില്‍ പെട്ടപ്പോള്‍ എനിക്ക് സുഖമായിരുന്നോ' എന്ന് ചിന്തിക്കുന്ന പക്ഷം ഈ വീഡിയോയെ മറ്റൊരു വിധത്തില്‍ കാണാന്‍ പറ്റും. വീഡിയോയില്‍ കാണുന്ന ഓരോ വ്യക്തിയിലും ഓരോ അക്കൗണ്ട് കാരനും കാരിക്കും അവരുടെ സ്വന്തം പ്രതിഫലനം കാണാം. ആ പ്രതിഫലനത്തെ ഏത് വിധമായിരിക്കുമോ നാം നോക്കിക്കാണുന്നത് അതുപോലെ ഈ രണ്ട് വീഡിയോയിലുമുള്ള നമ്മളുടെ ഉറ്റവരെ നോക്കിക്കണ്ടാല്‍ അത് വളരെ വ്യതിരിക്തമായ കാഴ്ചയാകും. ആ കാഴ്ച ഫേസ്ബുക്കിലെ കാഴ്ചയാണെങ്കിലും അത് കാണുന്ന ഓരോ വ്യക്തിയുടെയും ഉള്‍ക്കാഴ്ചയായത് ഭവിക്കും.

Video-2

അതി തീവ്രമായ വേദനയാണ് ഓരോ ക്ഷോഭത്തിന്റെ പിന്നിലും കാരണമാകുന്നത്. പഴുത്ത് വിങ്ങി പൊട്ടാറായിരിക്കുന്ന പരുവിന്റെ മേല്‍ ചെറുതായൊന്ന് തട്ടിയാലുണ്ടാകുന്ന വേദനപോലെയാണ് നാമെല്ലാവരുടെയും വൈകാരികനില. അതിനെ ഉയര്‍ത്തിക്കാട്ടി ആസ്വാദന ദൃശ്യമെന്ന നിലയില്‍ ഹരം കൊള്ളുമ്പോഴും അതിലെ ആളുകളുടെ പെരുമാറ്റത്തെ വിലയിരുത്തി കുറ്റങ്ങളെണ്ണിപ്പറയുമ്പോഴും നാം അറിയുന്നില്ല, അതുവഴി നമ്മുടെ വേദനയുടെ കാഠിന്യം വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന്. ഓരോ കുടുംബത്തിലെയും അവസ്ഥയുടെ ഒരു കാഴ്ച തന്നെയാണ് ഈ രണ്ട് സന്ദര്‍ഭങ്ങളിലും പ്രകടമായിരിക്കുന്നത്. ചിലപ്പോള്‍ വീട്ടിലെ ശീലം അല്ലെങ്കില്‍ വീട്ടില്‍ അടക്കിപ്പിടിച്ചത്. അത് വ്യക്തികളെ ആശ്രയിച്ച് മാറുന്നുണ്ടെന്ന് മാത്രം. അതിനാല്‍ ഈ വീഡിയോ കണ്ടതിന് ശേഷം അതിലെ ആളുകളോട് അരോടെങ്കിലോടും നമുക്ക് മോശം തോന്നുകയോ ആരെയെങ്കിലും കുറ്റപ്പെടുത്താന്‍ ഉള്ളില്‍ വ്യഗ്രത വരികയോ, അതുമല്ലെങ്കില്‍ ഒരു സംവിധാനത്തെ അപലപിക്കാന്‍ തോന്നുകയോ ചെയ്യുകയാണെങ്കില്‍ തിരിച്ചറിയുക, അതിലേക്ക് നയിച്ചത് ഇവരിലൂടെ പ്രകടമായ രോഗാവസ്ഥയുടെ കാരണങ്ങള്‍ തന്നെ. ഈ രോഗത്തെ യുക്തമായി ചികിത്സിക്കാന്‍ കഴിയുക സ്വന്തം നിലക്കാണ്. അപ്പോള്‍ വ്യക്തി ഉത്തരവാദിത്വത്തിലേക്ക് മാറുന്നു. ഉത്തരവാദിത്വമുള്ള വ്യക്തിയുടെ മുമ്പില്‍ പ്രതിസന്ധികള്‍ അത് വൈകാരികമയിക്കോട്ടെ ഭൗതികമായിക്കോട്ടെ അവസരങ്ങളായി മാറും. അത് മറ്റള്ളവര്‍ക്ക് ഗുണകരമാകും. ചെയ്ത് കൊടുക്കുന്ന വ്യക്തിക്ക് സന്തോഷവും. അതുകൊണ്ടാണ് ഉത്തരവാദിത്വം ഭാരമല്ല മറിച്ച് സന്തോഷത്തിനുള്ള വഴിയാണ് എന്ന് പറയുന്നത്.   

 

 

 

Tags: