കൊതുകുവലക്കതക് ഇന്ന് മിക്ക വീടുകളുടെയും രണ്ടാം കതകാണ്. വിശേഷിച്ചും നഗരങ്ങളില്‍. കൊതുകുവലക്കതകുള്ള മുറിക്കുള്ളില്‍ നിന്നും അതിലൂടെ പുറത്തേക്ക് നോക്കിയാല്‍ ഒരു കാഴ്ച് കാണാം. നിരയോടെയല്ലെങ്കിലും ബിവറേജ്‌സ് കോര്‍പ്പറേഷന്റെ ഔട്ട്‌ലറ്റുകള്‍ തുറക്കുന്നതിനു മുന്‍പ് കേരളത്തില്‍ ആള്‍ക്കാര്‍ കാത്തു നില്‍ക്കുന്നതു പോലെയാണ് കൊതുകുകൂട്ടം അക്ഷമയോടെ വലയില്‍ പറ്റിപ്പിടിച്ചും അല്ലാതെയും പ്രതീക്ഷയോടെ നില്‍ക്കുന്നത്. ഉള്ളില്‍ തങ്ങള്‍ക്ക് പ്രിയമേറിയ ചോരയുണ്ടെന്നുള്ള അറിവിന്റെ ഉറപ്പിലാണ് അവരുടെ കാത്തുനില്‍പ്പ്. അതറിയാനുള്ള ശേഷി ഈ കുഞ്ഞു ജീവികളില്‍ പ്രകൃതി നിക്ഷേപിച്ചിട്ടുണ്ട്. അതേ പ്രകൃതി തന്നെയാണ് അവയില്‍ നിന്നും രക്ഷപെടാനുള്ള പല മാര്‍ഗ്ഗങ്ങള്‍ സൃഷ്ടിക്കാന്‍ മനുഷ്യനും ബുദ്ധി നല്‍കിയിട്ടുള്ളത്.
കൊതുകില്‍ നിന്ന് രക്ഷപ്പെടാനുള്ള ഏറ്റവും സ്വീകാര്യവും ആരോഗ്യകരവുമായ മാര്‍ഗ്ഗം, അവ പെരുകാതിരിക്കാനുള്ള രീതിയില്‍ ജീവിതം ചിട്ടപ്പെടുത്തുക എന്നതു തന്നെ. എന്നുവെച്ചാല്‍ ചുറ്റുപാടുകള്‍ അവ്വിധമാക്കി സൂക്ഷിക്കുക. അതിലൂടെയും ഒരു പരിധി വരെയെ രക്ഷ നേടാന്‍ സാധിക്കുകയുളളൂ. എന്നാല്‍ ഒരു പ്രദേശത്തുള്ള എല്ലാവരും ഒരേ പോലെ ശ്രമിക്കുകയാണെങ്കില്‍ കൊതുക് നിര്‍മാര്‍ജനം സാധ്യവുമാകും. എല്ലാവരും കൊതുകിന്റെ ശല്യം ഒരേ പോലെ നേരിടുന്നുണ്ടെങ്കിലും എന്തുകൊണ്ട് ആ ശ്രമം ഉണ്ടാകുന്നില്ല. അതിന്റെ കാരണം ചിലര്‍ക്ക് അത് ബോധ്യമാകാത്തതാണ്. ബോധ്യം എന്നത് കാര്യങ്ങള്‍ മനസ്സിലാക്കുക എന്നു മാത്രമല്ല. അത് അനുഭവമായി ജീവിതത്തിന്റെ ഭാഗമാകുമ്പോഴാണ് ബോധ്യം എന്ന അവസ്ഥ അതിന്റെ പൂര്‍ണ്ണ അര്‍ത്ഥത്തിലെത്തുക. ധാരണയില്‍ എവിടെയോ ഉള്ള ചെറിയൊരു വിടവ് അതിന് ചിലരെ തടസ്സപ്പെടുത്തുന്നു. അത് അവരുടെ ജീവിത രീതിയെ സ്വാധീനിക്കുന്നു. അതില്‍ നിന്ന് അവര്‍ക്ക് പുറത്തു കടക്കണമെങ്കില്‍ അത്രയ്ക്ക് സംവേദനാനുഭവമുണ്ടാക്കുന്ന അനുഭവം ഉണ്ടാകണം. സൂററ്റ് നഗരം 1994 വരെ അങ്ങേയറ്റം വൃത്തിഹീനമായിരുന്നു. എന്നാല്‍ ഇന്ന് ഇന്ത്യയില്‍ വൃത്തിയുള്ള നഗരങ്ങളിലൊന്നാണ് സൂറത്ത്. 1994 ല്‍ ആ നഗരത്തെ നിശ്ചലമാക്കിയ പ്ലേഗാണ് ആ മാറ്റത്തിന് കാരണം. അത് സൂറത്തുകാരില്‍ ഒരു ബോധ്യമുണ്ടാക്കി. ഇതാണ് അനുഭവവും ബോധ്യവും തമ്മിലുള്ള ബന്ധം. മനസ്സിലാക്കലും ബോധ്യവും തമ്മിലുള്ള അകലവും.
രാത്രിയില്‍ ബാത്ത്‌റൂമിലേക്കു പോകാനോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും ആവശ്യത്തിനോ പുറത്തേക്ക് കടക്കുന്ന അവസരത്തില്‍ കൊതുകുവലക്കതക് തുറക്കുമ്പോള്‍ അതീവ ശ്രദ്ധ ഉണ്ടാകണം. ആ തുറക്കുന്ന വേളയില്‍ ഒരു കൊതുക് ഉള്ളില്‍ കടന്നാല്‍ മതി, ശേഷിച്ച ഉറക്കം പോയതു തന്നെ. അല്ലെങ്കില്‍ എഴുന്നേറ്റ് അതിനെ കണ്ടു പിടിച്ച് കൊല്ലണം.രണ്ടായാലും ഉറക്കം കെടുന്ന ഏര്‍പ്പാടാണ്. കൊതുകവലക്കതക് തുറക്കുമ്പോള്‍ ഒന്ന് ശ്രദ്ധിക്കുകയേ വേണ്ടൂ. ആ അസ്വസ്ഥത ഒഴിവാക്കാം. കൊതുകുവലക്കതക് ഉള്ളതിനാല്‍ കൊതുകിന്റെ ശല്യം ഉണ്ടാകില്ല എന്നൊരു തോന്നല്‍ ഉണ്ടായേക്കാം. ഒരു പരിധിവരെ അതു അവ്വിധം സംഭവിക്കുകയും ചെയ്യും. എന്നാല്‍ ആ തോന്നല്‍ അഥവാ ചിന്തയെ ഭരിക്കാന്‍ വിട്ടുകൊടുത്താല്‍ കതകു തുറക്കുമ്പോഴുള്ള ശ്രദ്ധ ഉണ്ടാകില്ല. ആ അശ്രദ്ധയുടെ വിടവിലൂടെ കൊതുക് ഉള്ളില്‍ കയറുകയും ചെയ്യും.
നമ്മള്‍ക്ക് അസ്വസ്ഥതയുണ്ടാകുന്ന ഓരോ സന്ദര്‍ഭങ്ങളും സംഭവിക്കുന്നത് നമ്മളുടെ അശ്രദ്ധയുടെ വിടവിലൂടെ ഉള്ളില്‍ കടക്കുന്ന തോന്നലുകളിലൂടെ അഥവാ ചിന്തകളിലൂടെയാണ്. ഈ ചിന്തകള്‍ ഉള്ളിലിരുന്ന് കടിക്കുന്നതിന്റെ ഫലമാണ് നാം അനുഭവിക്കുന്ന വേദനകളില്‍ ഭൂരിഭാഗവും. ഈ ചിന്താക്കൊതുകുകള്‍ ഉള്ളില്‍ കയറിക്കഴിഞ്ഞാല്‍ അവ മുട്ടയിട്ട് പെരുകുകയും ചെയ്യും. നമ്മുടെ സ്വന്തം സന്തതികളായതിനാല്‍ അവയൊക്കെ നമുക്ക് പ്രിയപ്പെട്ടതുമാകും. കടിക്കുന്ന കൊതുകാണെന്ന് തിരിച്ചറിയില്ല. ആ സംരക്ഷണയിലാണ് അവ പെറ്റു പെരുകാനുളള അവസരമുണ്ടാകുന്നത്. വിരിയുന്നതനുസരിച്ച് ഇവ ചിറകു വച്ച് പുറത്തേക്കു ചാടിക്കൊണ്ടിരിക്കും. ചാടുന്നവ മറ്റുള്ളവരെ കടിക്കും. അതുകൊണ്ടാണ് പലപ്പോഴും നമ്മുടെ വാക്കു കൊണ്ട് മറ്റുള്ളവര്‍ക്ക് മുറിവേല്‍ക്കുന്നത്.
കൊതുകുകളെ പോലെ എത്ര തന്നെ ശ്രമിച്ചാലും അശ്രദ്ധയുടെ ചെറിയ വിടവു കിട്ടിയാല്‍ മതി, അവ നൊടിയിടകൊണ്ട് ഉള്ളിലേക്ക് കയറിക്കളയും. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ മുതലുള്ള പ്രാര്‍ത്ഥന മുതല്‍ ആരാധനാലയത്തില്‍ പോക്കും, ധ്യാനവുമെല്ലാം ഇത്തരം ചിന്താക്കൊതുകുകളെ ഒഴിവാക്കി നിര്‍ത്തുന്നതിനാണ്. എന്നിട്ടും പലര്‍ക്കും ഈ ചിന്താക്കൊതുക് ശല്യത്തില്‍ നിന്നു പുറത്തു കടക്കാന്‍ പറ്റുന്നില്ല. എത്ര തന്നെ കവചവലകള്‍ സൃഷ്ടിച്ചാലും ശ്രദ്ധയില്ലെങ്കില്‍ ഇവ അകത്തു കയറുകയും പെരുകുകയും ചെയ്യും. ഇത്തരം കൊതുകുകള്‍ തമ്മിലുള്ള പരസ്പര ആക്രമണമാണ് ഇപ്പോള്‍ വ്യക്തികള്‍ തമ്മിലുള്ള തര്‍ക്കത്തിലും ടി വി ചര്‍ച്ചകളിലുമൊക്കെ കാണുന്നത്. അപ്പോള്‍, ചിന്താക്കൊതുകു നിവാരണമാര്‍ഗ്ഗം സ്വീകരിക്കാതിരിക്കുകയും കൊതുകുവലക്കതകില്‍ വിശ്വസിക്കാതിരിക്കുകയും ചെയ്യുന്നവരുടെ അവസ്ഥ എന്തായിരിക്കുമെന്ന് ആലോചിച്ചു നോക്കാവുന്നതേ ഉള്ളൂ. അശ്രദ്ധയുടെ ചെറുവിടവുകള്‍ക്കു പകരം അവയുടെ തുറന്ന വാതിലുകളിലൂടെയായിരിക്കും അവ ഉള്ളിലേക്ക് പ്രവേശിക്കുന്നതും പെരുകുന്നതും.