അദ്ധ്യായം 16: ശുഭപന്തുവരാളി

മീനാക്ഷി
Fri, 09-02-2018 06:25:11 PM ;

reality novel, passbook

ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് ശിവപ്രസാദ് രമേഷിന്റെ വീട്ടില്‍ ക്ലാസ്സിനെത്തുന്നത്. അതും രമേഷ് വളിച്ച് നിര്‍ബന്ധിച്ചതിനെ   തുടര്‍ന്ന് . രമേഷിന്റെ പൊട്ടിയ തോളെല്ല് ഇപ്പോഴും ശരിയായിട്ടില്ല. അവിടേക്ക് പോകുന്നത് ശിവപ്രസാദ് ബോധപൂര്‍വം ഒഴിവാക്കുകയായിരുന്നു. പണ്ട് ആവേശത്തോടെയാണ് അവിടെ ക്ലാസ്സിനെത്തിയിരുന്നത്. ആ കുടുംബത്തോട് ശിവപ്രസാദിന് കൗതുകമായിരുന്നു. അതുപോലുള്ള കുടുംബത്തെ തനിക്ക് കാണുവാന്‍ മാത്രമുള്ള ഭാഗ്യമേ ഉള്ളൂ എന്ന് ഓര്‍മ്മിപ്പിക്കുകയും ചെയ്തിരുന്നു രമേഷിന്റെ കുടുംബം. പ്രത്യേകിച്ചും അയാളുടെ ഭാര്യ വിനീത. അവിടെ നിന്ന് കഴിക്കുന്ന പ്രഭാത ഭക്ഷണത്തിനാണോ അതോ വിനീതയുടെ വിളമ്പലില്‍ നിന്നാണോ രുചിയനുഭവപ്പെടുന്നതെന്ന സംശയം പലപ്പോഴും ശിവപ്രസാദിന് തോന്നാറുണ്ടായിരുന്നു. എല്ലാം ഒരപകടത്തിലൂടെ തകിടം മറിഞ്ഞിരിക്കുന്നു. ആ കോളനി മുഴുവന്‍ ആഘാതത്തില്‍ നിന്നും വിട്ടുമാറാത്ത അവസ്ഥയാണ്. ആ ശോകാന്തരീക്ഷത്തില്‍ രാവിലെ ഹാര്‍മോണിയം വായനയുടെ അകമ്പടിയില്‍ ഉയരുന്ന സ്വരങ്ങള്‍ അപശബ്ദമായേ കോളനിക്കാര്‍ കാണുകയുള്ളൂ എന്നതുകൊണ്ടുമാണ് ശിവപ്രസാദ് അവിടേക്ക് പോകാന്‍ മടി കാണിച്ചത്. വിശേഷിച്ചും മരിച്ച കുട്ടിയുടെ വീട്ടിലേക്ക് രമേഷിന്റെ വീട്ടില്‍ നിന്നുള്ള സംഗീതം എത്തുമ്പോള്‍ ആ വീട്ടുകാരിലുണ്ടാകുന്ന വികാരമെന്തായിരിക്കുമെന്ന ചിന്തയും ശിവപ്രസാദിലുണ്ടായിരുന്നു. എന്നാല്‍ മരിച്ച കുട്ടിയുടെ അച്ഛനും മറ്റ് കോളനിക്കാരും നിര്‍ബിന്ധിച്ചതുകൊണ്ടാണ് രമേഷ് ശിവപ്രസാദിനെ വീണ്ടും വിളിച്ചത്.
       

രമേഷിന്റെ മകള്‍ ദൃപ്ത പതിവിലും കൂടുതല്‍ ഊര്‍ജ്ജസ്വലയായി കാണപ്പെട്ടു. ശിവപ്രസാദ് ചെല്ലുമ്പോള്‍ ദൃപ്ത രമേഷിനെ ഉടുപ്പിടാന്‍ സഹായിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഫിസിയോതെറാപ്പിക്കു യൂബര്‍ ടാക്‌സി പുറത്ത് കാത്തു കിടക്കുന്നു .ക്ലാസ്സ് തുടങ്ങാറായപ്പോള്‍ ശിവപ്രസാദിന് അഭിമുഖമായി കിടന്നിരുന്ന സോഫയില്‍ വിനീത വന്നിരുന്നു. തനിക്ക് പ്രഭാത ഭക്ഷണം വിളമ്പിത്തന്നിരുന്ന വിനീതയുടെ ലക്ഷണമല്ലിപ്പോള്‍. ആ ക്ഷീണാവസ്ഥയിലും അവരുടെ സൗന്ദര്യം പ്രകടിതമായിരുന്നു. സ്വീകരണമുറിയിലെ ഏക പ്രസന്നമായ ഘടകം ദൃപ്ത മാത്രമാണ്. ദൃപ്ത ഒരു പരിധി വരെ, അമ്മയെ ഉഷാറാക്കാന്‍ വേണ്ടി അഭിനയിക്കുകയാണോ എന്ന് പോലും ശിവപ്രസാദിന് തോന്നുകയുണ്ടായി.
       

വിനീതയുടെ മുഖത്ത് നോക്കിയപ്പോള്‍ കണ്ടത് മരണത്തിന്റെ ഛായ ഒഴിഞ്ഞു പോകാതെ നില്‍ക്കുന്നതാണ്. അയല്‍പക്കത്തെ കുട്ടി താന്‍ നിമിത്തം മരിക്കാനിടയായി എന്നുളള ചിന്തയുടെ ഫലമാകണം ആ മുഖത്തെ ശോകത്തിന് കാരണം. ശിവപ്രസാദിന് അവരുടെ മുഖത്ത് ദൃഷ്ടി പതിയാതെ പാടാനും പറ്റുന്നില്ല. അന്തരീക്ഷം ഘനീഭവിച്ചുകൊണ്ടിരിക്കുന്നു. മോഹനത്തില്‍ വരവീണാ മൃദുപാണിയില്‍ തുടങ്ങാമെന്നാണ് കരുതിയത്. ദൃപ്ത നന്നായി അത് പാടും. അപ്പോള്‍ അന്തരീക്ഷം കുറച്ച് ഉന്‍മേഷമുള്ളതാകുമല്ലോ എന്ന് കരുതി. എന്നാല്‍ മോഹനത്തിലേക്ക് പോകാന്‍ അയാള്‍ക്ക്  കഴിഞ്ഞില്ല, ഹാര്‍മോണിയം മെല്ലെ വായിച്ചു. അപ്രതീക്ഷിതമായി ശുഭപന്തുവരാളി ഹാര്‍മോണിയത്തില്‍ മുഴങ്ങി. ആ രാഗത്തില്‍ ശിവപ്രസാദ് ഗീതം തുടങ്ങി.
' മോളൂ, നമുക്ക് ശുഭ പന്തുവരാളിയില്‍ തുടങ്ങാം'
' എന്താ മാസ്റ്ററെ ആ രാഗത്തിന്റെ ഭാവം'
' ഭാവം ശോകമാണ്. മരണത്തിന്റെ ദുഃഖവും അതിലെ നഷ്ടവുമൊക്കെ അനുഭവവേദ്യമാക്കുന്നതാണ് ശുഭപന്തുവരാളി.അതേ സമയം ആ രാഗം ശോകത്തിലൂടെ ശോകത്തില്‍ നിന്ന് പുറത്തുകൊണ്ടുവരികയും ചെയ്യും. ഏതു ഭാവമാണെങ്കിലും രാഗങ്ങളുടെ ലക്ഷ്യം ഒന്നാണ്. പിന്നെ വഴിയുടെ സ്വഭാവം മാറുന്നുവെന്നേ ഉള്ളൂ. അതി വിശിഷ്ടമായ രാഗമാണ് ശുഭപന്തുവരാളി'

 

ആ രാഗത്തില്‍ ജണ്ഡവരിശ പാടിക്കഴിഞ്ഞതിന് ശേഷമാണ് ഗീതത്തിലേക്കു കടന്നത്. ജണ്ഡവരിശ കുറേ മുന്നേറിയപ്പോള്‍ തന്നെ വിനീതയുടെ മുഖത്ത് വന്ന ചില മാറ്റങ്ങള്‍ ശിവപ്രസാദിന്റെ ശ്രദ്ധയില്‍ പെട്ടു. എന്നാല്‍ അതു എന്താണെന്ന് അയാള്‍ക്ക്  മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. പതിവില്‍ നിന്നും വിപരീതമായി അന്ന് അയാള്‍ക്ക് ഹാര്‍മോണിയത്തിന്റെ ശബ്ദം മുഴച്ചുനില്‍ക്കുതന്നതായി അനുഭവപ്പെട്ടു. എത്ര വയ്യെങ്കിലും കുട്ടികളുടെ കൂടെ പാടിക്കൊണ്ടേ ശിവപ്രസാദ് പഠിപ്പിക്കാറുള്ളു. അയാള്‍ ഹാര്‍മോണിയത്തിലേക്ക് നോക്കി. ദൃപ്തയോട് പാടാന്‍ പറഞ്ഞിട്ട് അയാള്‍ ഹാര്‍മോണിയം വായിച്ചു. ഹാര്‍മോണിയത്തിന്റെ സ്വരം കവചം സൃഷ്ടിക്കുന്നതുപോലെ അയാള്‍ക്ക് അനുഭവപ്പെട്ടു. അതിനുള്ളില്‍ കയറി ഒളിക്കണമെന്നപോലെയൊരു അവ്യക്തമായ തോന്നല്‍ അയാള്‍ക്ക് ഉണ്ടായി. അപ്പോഴും വിനീതയുടെ നിശ്ചലമായ നോട്ടം ഹാര്‍മോണിയത്തിലാണോ അതോ തന്റെ കൈകളിലാണോ എന്ന് തിട്ടപ്പെടുത്താന്‍ പറ്റാത്ത വിധം ഘനീഭവിച്ചു നിന്നു.
         

ട്യൂഷന് പോകേണ്ടതിനാല്‍ ദൃപ്ത തന്നെ അന്നത്തെ ക്ലാസ്സ് മതിയാക്കാന്‍ അഭ്യര്‍ത്ഥിച്ചു. ആശ്വാസം പോലെ ശിവപ്രസാദ് സാ പാ സാ പാടി ഹാര്‍മോണിയം തൊഴുതു നിര്‍ത്തി. ദൃപ്ത പെട്ടെന്ന് ബാഗുമെടുത്ത് പുറത്തേക്കു പോയി. പ്രഭാതഭക്ഷണത്തിനായി പതിവ് പോലെ വിനീത ശിവപ്രസാദിനെ ഡൈനിംഗ് ടേബിളിലേക്കു വിളിച്ചു. മേശയുടെ എതിര്‍വശത്തിരുന്നുകൊണ്ട് അവര്‍ ശിവപ്രസാദിന് ഇഡലിയും സാമ്പാറും ചമ്മന്തിയുമൊക്കെ വിളമ്പി. ഭക്ഷണത്തില്‍ നോക്കി രുചിയറിഞ്ഞു കഴിക്കുന്ന വിധം അയാള്‍ പ്ലേറ്റില്‍ കണ്ണും നട്ട് ഭക്ഷണം കഴിച്ചു.വളരെ കുറച്ച് കറി മാത്രം ഉപയോഗിച്ചേ ശിവപ്രസാദ് ഭക്ഷണം കഴിക്കാറുള്ളൂ. ബാല്യത്തിലെ ദാരിദ്ര്യത്തില്‍ നിന്ന് നാവ് രൂപപ്പെടുത്തിയ രുചിയാണ്. ഇന്നും കറി കൂടുതലായാല്‍ ശിവപ്രസാദിന് അരുചിയാണ്. ഒരിക്കല്‍ പുട്ടും കടലയുമായിരുന്നപ്പോള്‍ കറിയില്ലാത്തതുപോലെയാണ് ശിവപ്രസാദ് കഴിച്ചത്. അതു കണ്ട് വിനീത പറയുകയുണ്ടായി മാസ്റ്റര്‍ കഴിക്കുന്നത് കണ്ടാല്‍ കണ്ടു നില്‍ക്കുതന്നവരുടെ തൊണ്ടയില്‍ തടസ്സമുണ്ടാകുമെന്ന്.
           

 

സാമ്പാറും ചമ്മന്തിയും ഏതാണ്ട് കഴിയാറായപ്പോള്‍ വിനീത അല്‍പം സാമ്പാര്‍ പ്ലേറ്റിലേക്കൊഴിച്ചു. ' അയ്യോ , വേണ്ടാ'  എന്നു പറഞ്ഞുകൊണ്ട് ശിവപ്രസാദ് തലയുയര്‍ത്തി . അപ്പോഴാണ് വിനീതയുടെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നത് ശിവപ്രസാദിന്റെ ശ്രദ്ധയില്‍ പെട്ടത്. അറിയാതെ ചോദിച്ചു, ' എന്തു പറ്റി മാഡം' ആ ചോദ്യത്തില്‍ വിനീത വിങ്ങിക്കരഞ്ഞുകൊണ്ട് പറഞ്ഞു' എനിക്ക് പറ്റുന്നില്ല മാസ്റ്ററെ. ആ കുട്ടിയുടെ അച്ഛനുമമ്മയുമൊക്കെ എത്തി എന്നെ ആശ്വസിപ്പിക്കുന്നുണ്ട്. എനിക്കറിയില്ല, എന്താണെനിക്ക് സംഭവിക്കുന്നതെന്ന്. എനിക്ക് മടുത്തു മാസ്റ്ററെ'  എന്ന് പറഞ്ഞുകൊണ്ടവര്‍ മേശപ്പുറത്ത് മടക്കിയ കൈകള്‍ക്കുള്ളില്‍ തല പൂഴ്ത്തി പൊട്ടിക്കരഞ്ഞു' ശിവപ്രസാദിന് എന്തു ചെയ്യണമെന്നായി. അയാളുടെ ഇടതുകൈ അറിയാതെ പോന്തി. അവരെ തോളില്‍ തട്ടി ആശ്വസിപ്പിക്കാനായി. പക്ഷേ അതേ പടി കൈ താഴ്ത്തി.
'മാഡം, കരയാതെ. സംഭവിക്കാനുള്ളത് സംഭവിച്ചു. ഇതൊന്നും ആരും അറിഞ്ഞുകൊണ്ടു ചെയ്യുന്നതല്ലല്ലോ. നമ്മള്‍ ചിലപ്പോള്‍ കളിപ്പാവകളെപ്പോലെ ആയിപ്പോകും മാഡം. മാഡം വിഷമിക്കാതിരിക്കൂ. രമേഷ് സാറിപ്പോ വരില്ലേ' അസുഖകരമായ ചൂടുള്ള ഗന്ധം വിനീതയില്‍ നിന്നും പ്രവഹിക്കുന്നതും ശിവപ്രസാദറിഞ്ഞു.

 

' മാസ്റ്റര്‍ പറ, ശരിക്കും രമേഷ്  കാര്‍ റിവേഴ്‌സ് എടുത്തപ്പോള്‍ ശ്രദ്ധിക്കാതിരുന്നതുകൊണ്ടല്ലേ കാറിന്റെ പിന്‍ഭാഗം പോസ്റ്റിലിടിച്ചതും, പോസ്‌റ്റൊടിഞ്ഞതും ലൈന്‍ കമ്പി പൊട്ടിവീണ് ആ കുഞ്ഞ് മരിക്കാനിടയായതും'
'മാഡം. അതൊന്നും നമ്മുടെ നിയന്ത്രണത്തിലുള്ള കാര്യങ്ങളല്ല. അതോര്‍ത്തിനി വിഷമിച്ചിട്ട് കാര്യമുണ്ടോ'
'രമേഷ് പറയുന്നത് എന്റെ അനാവശ്യമായ രാവിലത്തെ വെപ്രാളം കാരണമാ എല്ലാം സംഭവിച്ചതെന്നാ. മാസ്റ്റര്‍ പറ രാവിലെ മിക്ക ജോലിയും കഴിഞ്ഞാ ഞാന്‍ പോകുന്നെ. ഓഫീസ് ബസ് കിട്ടിയില്ലെങ്കില്‍ പിന്നെ എനിക്കന്ന് ലീവെടുക്കുന്നതാ നല്ലത്. ഞാനാവുന്നതു പറയും രാവിലെ ഞാനിറങ്ങാറാവുമ്പോള്‍ പാല്‍ വാങ്ങിക്കൊണ്ടുവരരുത് എന്ന്. എന്നാല്‍ രമേഷിന് അതൊന്നു കാച്ചി വെയ്ക്കാനറിയുമോ അതുമില്ല. കാച്ചി വച്ചില്ലെങ്കില്‍ വൈകീട്ടു വരുമ്പോ പിരിയും. വീട്ടീന്നു വാങ്ങുന്ന പാലല്ലേ. അന്ന് എന്റെ എല്ലാ പണിയും കഴിഞ്ഞ് റെഡിയാകാന്‍ കയറിയപ്പഴാ രമേഷ് മോളെ വിട്ടിട്ട് പാലും വാങ്ങി വന്നെ. സാരിയുടുത്തുകൊണ്ടു നിന്നപ്പോള്‍ പാല് തിളച്ച് അടുപ്പില്‍ വീഴുന്ന ശബ്ദം കേട്ടു. രമേഷും കേട്ടതാ അത്. ഞാനോടിച്ചെന്നില്ലെങ്കില്‍ സ്റ്റൗ അണഞ്ഞ് ഗ്യാസ് പോവുകയും ചെയ്യുമായിരുന്നു.എനിക്ക് മതിയായി മാസ്റ്ററെ.'
'അങ്ങനൊന്നും പറയല്ലേ മാഡം. രമേഷ് സാറ് നല്ല സ്‌നേഹമുള്ളയാളല്ലേ'
' ഹും. മാസ്റ്ററേ, പുറത്തു കാണുന്നതുപോലെയോ നിങ്ങള്‍ വിചാരിക്കുന്നതു പോലെയോ അല്ല രമേഷ്. മോളുള്ളതിനാല്‍ ഞാന്‍ എല്ലാം സഹിക്കുവാ'

 

വിനീതയുടെ വാക്കുകള്‍ ഞെട്ടലോടെയാണ് ശിവപ്രസാദ് കേട്ടത്. കണ്ണുനീര്‍ തുടച്ചിട്ട് ജ്വലിക്കുന്ന കണ്ണുകളോടെ അവര്‍ തുടര്‍ന്നു
' മാസ്റ്റര്‍ക്ക് അറിയില്ല, എന്റെ ജീവിതം ഹോമിക്കപ്പെട്ടു പോയ ഒന്നാണെന്ന്. എല്ലാമുണ്ടായിട്ടും എന്താണ് സുഖമെന്ന് ഞാനറിഞ്ഞിട്ടില്ല. രമേഷിനേക്കാള്‍ ഇരട്ടി ശമ്പളം എനിക്ക് കിട്ടുന്നുണ്ട്. എന്നിട്ടും എനിക്ക് ഈ വീട്ടിലൊരു വിലയുമില്ല. എല്ലാം ഞാന്‍ സഹിക്കുവാ. മോള്‍ക്ക്  വേണ്ടി'  
ശിവപ്രസാദ് വിനീതയോട് എങ്ങനെ പ്രതികരിക്കണമെന്നറിയാതെ കുഴങ്ങി. വിഷമിക്കാതെ എന്ന് അയാള്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു. രമേഷിന്റെ വീട്ടില്‍ പാട്ട് ക്ലാസ്സിന് പോകുന്നതിനുണ്ടായിരുന്ന ഊര്‍ജ്ജം ആ കുടുംബത്തിലെ സന്തോഷം കണ്ടിട്ടായിരുന്നു. പക്ഷേ ആ കുടുംബത്തിന്റെ യഥാര്‍ത്ഥ അവസ്ഥ ഇതാണെന്നറിഞ്ഞപ്പോള്‍, വിനീതയുടെ വിഷമം മനസ്സിലാക്കുന്നതിനേക്കാള്‍ ശിവപ്രസാദ് അത്ഭുതത്തില്‍ കുടുങ്ങിപ്പോയി.

 

' മാസ്റ്ററെ, എന്നെപ്പോലൊരു സ്ത്രീയും ജീവിതത്തില്‍ അനുഭവിച്ചുകാണില്ല. ഒരു ഭര്‍ത്താവിന്റെ സ്‌നേഹമെന്താണെന്നുള്ളത് വാസ്തവത്തില്‍ എനിക്കറിയില്ല. കല്യാണം കഴിഞ്ഞുവന്ന നാള്‍ മുതല്‍ ആ മനുഷ്യന്‍ എന്നെ ഉപയോഗിച്ച് അങ്ങേരുടെ കുടുംബത്തെ നന്നാക്കാന്‍ തുടങ്ങിയതാ. ആ മനുഷ്യന്റെ പെങ്ങളെക്കെട്ടിച്ചതും അനുജന്റെ ജീവിതം കെട്ടിപ്പെടുക്കിയതും എല്ലാം എന്റെ കാശുകൊണ്ടായിരുന്നു. ഈ അടുത്ത കാലത്താ അനുജന് ബിസിനസ്സു തുടങ്ങാന്‍ ഞാനോഫീസില്‍ നിന്നെടുത്ത ലോണ്‍ അടച്ചു തീര്‍ത്തത്. അനുജന്‍ ഇപ്പോള്‍ വലിയ പണക്കാരനുമായി. '
' മാഡം, ഇങ്ങനെ വിഷമിക്കരുത്. നിങ്ങളുടെ കുടുംബത്തെ കൗതുകത്തോടെ നോക്കിക്കണ്ട ഒരാളാ ഞാന്‍. മാഡത്തിന്റെ സങ്കടം കാണുമ്പോ ഞാനെന്താ പറയുക. ആ ആക്‌സിഡന്റ് മാഡത്തിനെ വല്ലാതെ വിഷമിപ്പിച്ചു. അതുകൊണ്ടാ ഇങ്ങനെയൊക്കെ തോന്നുന്നത്. '
വിനീതയുടെ കരച്ചിലും വിങ്ങലും ഉച്ചത്തിലായി. ചാനലുകളില്‍ വാര്‍ത്താ വേളയില്‍ വിഷമങ്ങളവതരിപ്പിച്ചു കരയുന്ന സ്ത്രീകളെപ്പോലെ അവര്‍  കരഞ്ഞു. അപ്പോഴും അവരെ തോളില്‍ പിടിച്ച് ആശ്വസിപ്പിക്കണമെന്ന് തോന്നി. അവരുടെ തോളുകള്‍ അതു പ്രതീക്ഷിക്കുന്നതായും അയാള്‍ക്കനുഭവപ്പെട്ടു. ശിവപ്രസാദ് എഴുന്നേറ്റ് വിനീതയുടെ തോളില്‍ പിടിച്ചുകൊണ്ട് ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. അയാളുടെ കൈയ്യില്‍ അവര്‍ രണ്ടു കൈകള്‍കൊണ്ടും ബലമായി പിടിച്ചിട്ട് പൊട്ടിക്കരഞ്ഞു. പ്രഭാതഭക്ഷണം കഴിഞ്ഞ് കൈ കഴുകിയിട്ടില്ല.  കൈ ഉണങ്ങി. വലതു കൈയുടെ പുറംകൊണ്ട് അയാള്‍ വിനീതയുടെ തലയിലും തട്ടി ആശ്വസിപ്പിക്കാന്‍ നോക്കി. ശിവപ്രസാദിന്റെ ഇടതുകൈയില്‍ വിനീതയുടെ ശരീരത്തിന്റെ ഭാരം കൂടുതലായി അനുഭവപ്പെട്ടു. നേരത്തെ അനുഭവപ്പെട്ട പ്രത്യേക ഗന്ധം രൂക്ഷതയോടെ അയാളുടെ മൂക്കിലേക്ക് പ്രവഹിച്ചു. അവരെ മെല്ലെ തന്റെ നേര്‍ക്ക് കണ്ട കിടപ്പുമുറിയിലെ കട്ടിലിലേക്ക് നയിക്കണമെന്ന് തോന്നി. പെട്ടെന്ന് അതു വേണ്ടന്നും വച്ചു. ഈ സമയമെങ്ങാനും രമേഷ് വന്നാല്‍ എന്താവും അവസ്ഥയെന്നും അയാള്‍ ചിന്തിച്ചു. മുന്‍വശത്തെ കതക് ഉള്ളില്‍ നിന്ന് പൂട്ടിയിട്ടില്ല. ദൃപ്ത പോയപ്പോള്‍ പുറമേ നിന്നടച്ചതാണ്. അതേ നില്‍പ്പില്‍ അയാള്‍ കുറേ നേരം നിന്നു. പെരുമഴ പെയ്ത് തോര്‍ന്നതുപോലെ ഏറെ നേരം കഴിഞ്ഞ് വിനീത തലയുയര്‍ത്തി.

 
  reality novel, passbook

ശിവപ്രസാദ് വാഷ് ബേസിന് നേരേ നടന്നു. കൈ കഴുകിയപ്പോള്‍ ഇടതുകൈത്തണ്ടയില്‍ വിനീതയുടെ കണ്ണുനീര്‍ വീണ് നനഞ്ഞിരിക്കുന്നത് ശ്രദ്ധയില്‍ പെട്ടു. എന്നാല്‍ അതു കഴുകിക്കളയണമെന്ന് അയാള്‍ക്ക് തോന്നിയില്ല. വിനീതയുടെ ഗന്ധം അയാളുടെ ശരീരത്തിലേക്കും വ്യാപിച്ചതായി ശിവപ്രസാദിന് അനുഭവപ്പെട്ടു. വിനീതയുടെ മുഖത്തിന്റെ മൃദുലത കൈകഴുകുന്നതിനിടയില്‍ അയാള്‍ ഓര്‍ത്തു. വിവാഹശേഷം ആദ്യമായാണ് മറ്റൊരു സ്ത്രീയുമായി ശിവപ്രസാദ് ഇത്രയധികം അടുത്തിടപഴകുന്നത്. കുറേ വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായാണ് ഒരു സ്ത്രീയുടെ ശരീര സ്പര്‍ശം അനുഭവിക്കുന്നതും. അവര്‍ തന്റെ ഇടതുകൈയുടെ മേലെ ശരീരഭാരം ഊന്നിയപ്പോള്‍ അവരെ താന്‍ കെട്ടിപ്പിടിക്കണമെന്നുള്ള സൂചനയായിരുന്നോ അതെന്നും അയാള്‍ സംശയിച്ചു. അപ്പോള്‍ കെട്ടിപ്പിടിച്ചിരുന്നെങ്കില്‍ അവര്‍ തിരിച്ചും തന്നെ ബലമായി ആശ്ലേഷിക്കുമായിരുന്നുവെന്ന് ശിവപ്രസാദ് ഓര്‍ത്തു . മനസ്സിന്റെ അടിത്തട്ടിലെവിടെയോ ഒരു നഷ്ടബോധം ചെറുതായി അനുഭവപ്പെടുന്നുണ്ടോ എന്ന് അയാള്‍ സംശയിച്ചു. കൈ കഴുകിയിട്ട് വരുമ്പോള്‍ വിനീത തലയ്ക്കു കൈ കൊടുത്ത് ഇരിക്കുകയാണ്. ആ കരഞ്ഞുതളര്‍ന്ന മുഖം കണ്ടപ്പോള്‍, തന്നില്‍ എന്താണ് ഇത്തരത്തില്‍ നീചമായ ചിന്തകള്‍ ഉയരുന്നതെന്ന് സ്വയം ശിവപ്രസാദ് ചോദിച്ചു.
      

 

വാഷ്‌ബേസിന്റെ അടുത്ത് നിന്ന് തിരിഞ്ഞു  നടക്കുമ്പോള്‍ വിനീതയുമായി ചിരകാലപരിചയമുള്ളതുപോലെ ശിവപ്രസാദിന് അനുഭവപ്പെട്ടു. സെറ്റിയിലിരിക്കണോ അതോ നേരത്തെ ഇരുന്ന ഡൈനിംഗ് ടേബിളിലിരിക്കണോ എന്ന് ഒരു നിമിഷം അയാള്‍ ശങ്കിച്ചു. എന്നാല്‍ വിനീതയുടെ നിശബ്ദക്ഷണം ലഭിച്ചിട്ടെന്നപോലെ അയാള്‍ ഡൈനിംഗ് ടേബിളിന് നേര്‍ക്ക്  നടന്നു. എന്തൊക്കെയോ ഇനിയും വിനീതയ്ക്ക് പറയാന്‍ വെമ്പുന്നതുപോലെ അവര്‍ ശിവപ്രസാദിനെ നോക്കി.
' മാസ്റ്റര്‍ക്കറിയുമോ ആ മനുഷ്യന്റെ ക്രൂരതകള്‍. ഒരു സ്ത്രീക്കും പൊറുക്കാന്‍ കഴിയില്ല. എനിക്ക് രണ്ടാമതൊരു കുഞ്ഞു വേണമെന്ന് ഭയങ്കര ആഗ്രഹമായിരുന്നു. മൂന്നു മാസം ഗര്‍ഭിണിയായ എന്നോട് ആ മനുഷ്യന്‍ കൊടും ക്രൂരത കാട്ടി. ഡോക്ടര്‍ ആവുന്നതു പറഞ്ഞതാ അത് വേണ്ടെന്നു വയ്ക്കരുതെന്ന്. എന്നിട്ടും അങ്ങേരുടെ നിര്‍ബന്ധത്തില്‍ അത് അബോര്‍ട്ട്  ചെയ്തു. എന്തിനായിരുന്നെന്നോ അത്. രണ്ടാമതൊരു കുട്ടി കൂടി വന്നാല്‍ ചെലവ് വല്ലാതെ കൂടുമെന്ന് പറഞ്ഞ്. അങ്ങനെ വരുമ്പോള്‍ അങ്ങേരുടെ വീട്ടിലേക്ക് ചെലവഴിക്കുന്നതില്‍ കുറവ് വരുമെന്ന് വിചാരിച്ച്. അങ്ങേരുടെ വീട്ടുകാരെപ്പോലെ ഇത്രയും മനുഷ്യത്വമില്ലാത്ത വൃത്തികെട്ട കൂട്ടരെ എന്റെ ജീവിതത്തില്‍ കണ്ടിട്ടില്ല.'
 

 

പെട്ടെന്ന് വീടിനു മുന്നില്‍ കാര്‍ വന്നു നിന്നല്‍ക്കുന്ന ശബ്ദം കേട്ടു. ശിവപ്രസാദും വിനീതയും ഒന്നിച്ചെഴുന്നേറ്റു. ശിവപ്രസാദ് സെറ്റിയുടെയടുത്ത്, അതില്‍ നിന്ന് എഴുന്നേറ്റു നില്‍ക്കുന്നവണ്ണം നിന്നു. രമേഷ് കതക് തുറന്ന് അകത്തു കയറി. വിനീതയുടെ മുഖം വിഷാദഛായ നിലനിര്‍ത്തിയെങ്കിലും അടുത്ത കാലത്തെങ്ങും കരഞ്ഞിട്ടില്ലാത്ത ഭാവം കൈവരിച്ചു. ആ നാള്‍വരെ ശിവപ്രസാദും വിനീതയും കാര്യമായി സംസാരിച്ചിട്ടേ ഇല്ല. ഭക്ഷണം വിളമ്പുമ്പോഴുള്ള ചില ചോദ്യങ്ങളൊഴികെ. ആ വിനീതയുമായി ഇത്രയധികം നേരം സംസാരിച്ചിരുന്നതില്‍ രമേഷിന് അനൗചിത്യം തോന്നുമോ എന്ന് ഒരു നിമിഷം ശിവപ്രസാദ് ചിന്തിക്കാതിരുന്നില്ല.
' മാഡം ഇപ്പോഴും വിഷമത്തില്‍ നിന്ന് ശരിക്കും പുറത്ത് വന്നിട്ടില്ല. സാറ് വന്നിട്ട് പോകാമെന്ന് കരുതി' ശിവപ്രസാദ് രമേഷിനോട് പറഞ്ഞു.
' അതെന്തായാലും നന്നായി. ഇവള്‍ക്ക്  പറഞ്ഞാ മനസ്സിലാകില്ല. ആ കുട്ടീടെ അച്ഛനുമമ്മയും വന്ന് സമാധാനിപ്പിച്ചിട്ടും അവള്‍ പിന്നേം പഴയപടി. ഇനിയിപ്പോ നമ്മള്‍ക്കെന്തു ചെയ്യാന്‍ പറ്റും.അല്ലേ? ഇയാള്‍ക്ക് കാര്യങ്ങള്‍ പറഞ്ഞാ മനസ്സിലാകാന്‍ ബുദ്ധിമുട്ടാ. ആവശ്യമില്ലാത്ത വെപ്രാളമാ എല്ലാത്തിനും.'
' രമേഷ് എന്തിനാ എന്നെയിങ്ങനെ എപ്പോഴും കുറ്റപ്പെടുത്തുന്നെ. ഞാനെന്തു ചെയ്യണമെന്നാ പറയുന്നെ' വിനീത കുണ്ഠിതത്തോടെ രമേഷിനോട് ചോദിച്ചു.
' ഇതാണ് തന്റെ പ്രശ്‌നം. കാര്യങ്ങള്‍ പറയുമ്പോള്‍ കുറ്റപ്പെടുത്തലാണെന്നാ കരുതുന്നെ. പിന്നെങ്ങനാ ശരിയാകുക. തനിക്ക് കാര്യങ്ങള്‍ പറഞ്ഞു തരുന്നതേ ഉള്ളു.അല്ലാതെ തന്നെ കുറ്റപ്പെടുത്തുകയുമൊന്നുമല്ല ഞാന്‍ ചെയ്യുന്നത്. '
' എങ്കീ പിന്നെ ഞാനങ്ങോട്ട് ചെല്ലട്ടെ' എന്നു പറഞ്ഞുകൊണ്ട് ശിവപ്രസാദ് എഴുന്നേറ്റു.

 

തിരിച്ചു ബൈക്കില്‍ വീട്ടിലേക്ക് പോകുമ്പോള്‍ ശിവപ്രസാദിന്റെ മനസ്സില്‍ വിനീതയുടെ സ്പര്‍ശത്തിലെ മൃദുതലതയും, അപ്പോഴും അവശേഷിച്ച അവരുടെ ഗന്ധവുമായിരുന്നു. ഒരു സ്ത്രീയുടെ ഗതികേടിന്റെ നിമിഷമായിരുന്നു അതെന്ന് ശിവപ്രസാദ് സ്വയം ഓര്‍മ്മിപ്പിക്കുന്നുണ്ട്. എന്നിരുന്നാലും അവരുടെ മുഖം തന്റെ കൈയ്യില്‍ പതിഞ്ഞതും അവരുടെ മൃദുലതയും ഗന്ധവും അയാളില്‍ സമ്മിശ്രമായ വികാരങ്ങള്‍ ജനിപ്പിച്ചു. നെഞ്ചോട് ചേര്‍ത്ത്  ആശ്വസിപ്പിക്കാഞ്ഞതില്‍ വീണ്ടും നഷ്ടബോധം തോന്നുന്നതായി അറിഞ്ഞു. എന്തുകൊണ്ട് അവര്‍ ആഗ്രഹിച്ചിട്ടും താന്‍ അവരെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച് ആശ്ലേഷിച്ച് ആശ്വസിപ്പിച്ചില്ല. തന്റെയുള്ളില്‍ അവരോട് ലൈംഗികമായ ആകര്‍ഷണം തോന്നിയതിന്റെ പേരിലായിരുന്നോ അത്. അപ്പോള്‍ അവര്‍ വിഷമിച്ച് തന്റെ കൈയില്‍ വീണ സമയത്ത് അവരെ ലൈംഗികമായി താന്‍ അനുഭവിക്കുകയായിരുന്നോ എന്ന് ശിവപ്രസാദ് സ്വയം ചോദിച്ചു. മനസ്സില്‍ മറ്റ് ചിന്തകളില്ലായിരുന്നുവെങ്കില്‍ അവര്‍ ആഗ്രഹിച്ച പ്രകാരം ചേര്‍ത്ത് പിടിച്ച് ആശ്വസിപ്പിക്കേണ്ടതായിരുന്നില്ലേ.എന്തുകൊണ്ട് അവരുടെ കണ്ണുനീര്‍ വീണ ഭാഗം കൈ കഴുകിയപ്പോള്‍ കഴുകിക്കളഞ്ഞില്ല. അവരുടെ രൂക്ഷഗന്ധം താന്‍ ആസ്വദിക്കുകയായിരുന്നോ? അതോ അത് സമ്മതിച്ചാല്‍ താന്‍ മ്ലേച്ഛനാണെന്ന് തോന്നുമെന്നതിനാല്‍ അതില്‍ സ്വയം ഇഷ്ടക്കേട് കല്‍പ്പിച്ച് മാന്യന്‍ ചമഞ്ഞ് താന്‍ തന്നെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നോ. തുടങ്ങിയ ചിന്തകളുമായി മെയിന്‍ റോഡിലെത്തി. പെട്ടെന്ന് ശിവപ്രസാദ് ഓര്‍ത്തു . ബൈക്കോടിക്കുമ്പോഴുള്ള ചിന്ത-അപകടം.  
        

 

താന്‍ തന്റെ ഭാര്യയെ സ്പര്‍ശിച്ചിട്ട് വര്‍ഷങ്ങളായെങ്കിലും അവരുടെ ശരീരഘടനയും പ്രകൃതവും ശിവപ്രസാദിന് അന്യമല്ല. പ്രമീളയുടേത് അല്‍പ്പം കൂടി ഉറപ്പ് അനുഭവപ്പെടുന്ന ശരീരമാണ്. എന്നാല്‍ വിനീതയുടേത് ദുര്‍ബലമെന്നു തോന്നുന്ന രീതിയില്‍ മൃദുലം. പ്രമീളയേക്കാള്‍ ചെറുപ്പവുമാണ് വിനീത. ആദ്യമായാണ് താന്‍ ജീവിതത്തില്‍ ഒരു സ്ത്രീയുമായി ഇങ്ങനെ ഇടപഴകുന്നതും. ഒരു സ്ത്രീ തന്നോട് മനസ്സ് തുറക്കുന്നതും. വിനീത ഇപ്പോള്‍ ശിവപ്രസാദിന്റെ സുഹൃത്താണ്. രമേഷ് വന്നപ്പോള്‍ ശിവപ്രസാദ് ആലോചിച്ചത് വിനീത തന്നേക്കാളും എത്രയോ അകലത്തിലാണ് രമേഷില്‍ നിന്ന് എന്നാണ് അതാലോചിച്ചപ്പോള്‍ രമേഷിനോട് അയാള്‍ക്ക്  സഹതാപവും തോന്നി. നിവൃത്തികേടുകൊണ്ട് വിനീത രമേഷിനെ ചുമക്കുകയാണ്. അയാളില്‍ നിന്ന് അകന്നുകൊണ്ടിരിക്കുന്ന അവര്‍ തന്റെ നേര്‍ക്ക് ആശ്വാസത്തിനായി തിരിയുന്നു. അവിഹിതമായ ബന്ധമോ ഒന്നുമല്ല വിനീത തന്നോട് കാട്ടിയത്. എന്നാല്‍ താന്‍ ഏതുവിധത്തില്‍ വിനീതയെ കാണണമെന്ന ചോദ്യം അയാളില്‍ വല്ലാത്ത അസ്വസ്ഥത സൃഷ്ടിച്ചു.
         

 

വിനീത താന്നോട് പങ്കുവച്ച കാര്യങ്ങള്‍ രമേഷിനോട് പറയാന്‍ പറ്റുന്നതല്ല. അതു താന്‍ പറയില്ലെന്ന് വിനീതയ്ക്കുമറിയാം. അതിലൂടെ അവര്‍ തന്നെ ഒരു രഹസ്യം ഏല്‍പ്പിക്കുകയാണ് ചെയ്തത്. വിനീത പറഞ്ഞ കാര്യങ്ങള്‍ തന്റെയും രമേഷിന്റെയും പ്രിയസുഹൃത്തായ ഹരികുമാറിനോടും പറയാന്‍ നിവൃത്തിയില്ല. തനിക്കും വനീതയ്ക്കുമിടയില്‍ വളരെ രഹസ്യമായ ഒരു ബന്ധം ഉണ്ടായിരിക്കുന്നു. അത് അസുഖകരമായ തരത്തിലേക്ക് പോകില്ലെന്ന് ശിവപ്രസാദ് സ്വയം പറഞ്ഞു. എന്നിരുന്നാലും രഹസ്യമായി വളരുന്നതല്ലേ ആ ബന്ധമെന്ന് അയാള്‍ ആലോചിച്ചു. വീണ്ടും പെട്ടെന്ന് താന്‍ ബൈക്കോടിക്കുകയാണെന്ന കാര്യം ഓര്‍മ്മിച്ചുകൊണ്ട് നിരത്തിലേക്ക് ശ്രദ്ധയെ കൊണ്ടുവന്നു.
       

 

വീട്ടിലെത്തിയപ്പോള്‍ പ്രമീള മുന്‍വശത്തെ വാതില്‍ക്കല്‍ നില്‍ക്കുന്നു. മുഖത്ത് യാതൊരു ഭാവവുമില്ല. ശിവപ്രസാദ് ബൈക്ക് സ്റ്റാന്റില്‍ വച്ചതിനു ശേഷം വീടിനുള്ളിലേക്ക് പ്രവേശിച്ചു. പെട്ടെന്ന് പ്രമീളയില്‍ നിന്നും ഒരു കാര്‍ക്കിച്ചു തുപ്പല്‍. ' എടോ വൃത്തികെട്ടവനെ തനിക്ക് ഇത്തിരി വൃത്തിയും വെടിപ്പുമുള്ള പെണ്ണുങ്ങളെ കെട്ടിപ്പിടിക്കാന്‍ പാടില്ലായിരുന്നോ. ഹോ, എന്തൊരു നാറ്റവാ. കുളീം ജപോമില്ലാത്ത ജന്തുക്കള്‍. കട്ടുള്ള മരച്ചീനി പുഴുങ്ങിയൂറ്റിയ വെള്ളം വളിച്ച നാറ്റം. ' എന്നു പറഞ്ഞുകൊണ്ട് പ്രമീള ഒരോക്കാനവും. ശിവപ്രസാദ് കിടക്കമുറിയില്‍ കയറി ഉടുപ്പൂരി . ശരിയാണ് കട്ടുള്ള മരച്ചീനി ഊറ്റിയ വെള്ളത്തിന്റെ ഗന്ധം അഥവാ പാമ്പിന്റെ സാന്നിധ്യമുള്ളപ്പോള്‍ ഉയരുന്ന ഒരുതരം ഗന്ധം . ഒപ്പം അയാള്‍ അതിശയപ്പെട്ടു. എങ്ങനെ പ്രമീള തന്റെ കാര്യങ്ങള്‍ അതേ പടി അറിയുന്നു. വിനീതയുടെ ഗന്ധത്തില്‍ കുളിച്ചു നിന്ന ശിവപ്രസാദ് ആ ഗന്ധമൂടലില്‍ നിന്ന് പെട്ടെന്ന് മോചിതനാകാന്‍ ആഗ്രഹിച്ചില്ല. അയാള്‍ തന്റെ കുപ്പായം വീണ്ടുമെടുത്ത് മണത്തുകൊണ്ട് വിനീതയുടെ കണ്ണുനീര്‍ വീണ കൈയിലേക്ക്  നോക്കിയിരുന്നു. (തുടരും)

 

 

 

Tags: