എത്ര കണ്ടാലും മടുക്കാത്ത സുന്ദരി

നാടോടിയന്‍
Wed, 03-08-2016 04:07:17 PM ;

 

ബാഹുബലിയില്‍ കണ്ട വെള്ളച്ചാട്ടമേതാണ്? അങ്ങനെയൊരു വെള്ളച്ചാട്ടമുണ്ടോ? സിനിമ കണ്ടപ്പോള്‍ പലര്‍ക്കും തോന്നിയ സന്ദേഹമാണിത്. ശരിയാണ്. അങ്ങനെയൊരു വെള്ളച്ചാട്ടം എവിടെയും ഇല്ല. എന്നാല്‍ അങ്ങനെയൊരു വെള്ളച്ചാട്ടത്തിന് ബാഹുബലിയുടെ സംവിധായകന്‍ രാജമൗലിയ്ക്ക് പ്രചോദനമായത് നമ്മുടെ സ്വന്തം അതിരപ്പള്ളിയാണ്. അവിടം ചിത്രീകരിച്ച് ചേരുംപടി ഗ്രാഫിക്സ് ചേര്‍ത്തതോടെ അതോരൊന്നന്നര വെള്ളച്ചാട്ടമായി. കാഴ്ചകളുടെ വിസ്മയഭംഗിയായി.

 

‘ബാഹുബലിച്ചാട്ടം’ പോലല്ല അതിരപ്പള്ളി. അതിന്, ഗ്രാഫിക്സിനിപ്പുറമുള്ള, സ്വാഭാവിക പ്രകൃതിയുടെ ചേതോഹാരിതയുണ്ട്. അതാണ്‌ കാണേണ്ടതും. ഇവിടെ ജലവൈദ്യുത പദ്ധതിയുടെ സാധ്യതകള്‍ ആരാഞ്ഞുകൊണ്ടിരിക്കുകയാണ് നമ്മുടെ ഭരണാധികാരികള്‍. അതുകൊണ്ടുതന്നെ ഈ ദൃശ്യഭംഗി എത്ര കാലമെന്ന് പറയാന്‍ പറ്റില്ല. ഇപ്പോള്‍ തന്നെ പോകുന്നതാകും ഉചിതം.

 

നേരെ ചാലക്കുടിയില്‍ വണ്ടിയിറങ്ങുക. അവിടെ നിന്നും 25 കിലോമീറ്റര്‍ പോയാല്‍ മതി. അതിരപ്പള്ളിയിലെത്താം. ചാലക്കുടിയില്‍ നിന്നും ബസ്സൊണ്ട്, കാറൊണ്ട്. (കോട്ടയം പ്രദീപിനോട് കടപ്പാട്.) പോക്കറ്റിന്റെ സൗകര്യം പോലെ തെരഞ്ഞെടുക്കാം. തൃശ്ശൂര്‍ ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലാണെങ്കില്‍ മണ്‍സൂണ്‍ യാത്ര സംഘടിപ്പിക്കുന്നുണ്ട്. ഭക്ഷണമടക്കം 800 രൂപ ചെലവ് വരുന്ന ഈ യാത്ര കൊള്ളാം. തൃശ്ശൂരില്‍ നിന്നാണ് ഇത് തുടങ്ങുന്നത്.അവിടെ നിന്ന്‍ 53 കിലോമീറ്ററാണ് ഈ ജലപാത വിസ്മയത്തിലേക്ക്.   

 

പാറക്കെട്ടുകളില്‍ സല്ലപിച്ചാര്‍ത്ത്, ഒഴുകി, ആഴങ്ങളിലേക്ക് പതിച്ച്, ഒന്ന്‍ തിരിഞ്ഞൊഴുകുന്ന ചാലക്കുടിപ്പുഴ. കരിമ്പാറകളില്‍ ചിന്നിച്ചിതറുമ്പോള്‍ അന്തരീക്ഷത്തിലുയരുന്ന ജലകണ ശലഭങ്ങള്‍. പച്ചപ്പിന്റെ പശ്ചാത്തലം. അല്‍പ്പം ഭീതി ജനിപ്പിക്കുന്നൊരാരവം. എത്ര കണ്ടാലും മടുക്കില്ല, ഈ സുന്ദരിയെ. അസ്തമയ സൂര്യ കിരണങ്ങളില്‍ അവള്‍ സ്വര്‍ണ്ണനിറമാകും. അത് മറ്റൊരു കാഴ്ച.  

 

കുടുംബസമേതമാണ് യാത്രയെങ്കില്‍ വഴിക്ക് ഡ്രീം വേള്‍ഡ്, സില്‍വര്‍ സ്റ്റോം വാട്ടര്‍ തീം പാര്‍ക്കുകള്‍ ഉണ്ട്. ചാര്‍പ്പ് വെള്ളച്ചാട്ടം (3 കിലോമീറ്റര്‍) വാഴച്ചാല്‍ (5 കിലോമീറ്റര്‍) എന്നിവയാണ് തൊട്ടടുത്ത് കാണാനുള്ളത്.

 

രാവിലെ എട്ടുമണി മുതല്‍ വൈകിട്ട് 5.30 വരെയാണ് പ്രവേശന സമയം. ടിക്കറ്റിന് 15 രൂപ. ഫോട്ടോഗ്രഫിയ്ക്ക് 25-ഉം. താമസിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ചാലക്കുടിയാണ് നല്ല ഹോട്ടലുകളുള്ളത്. അതിരപ്പള്ളിയില്‍ ചില റിസോര്‍ട്ടുകളുമുണ്ട്. പാക്കേജ് പ്രകാരം പോകാനാണെങ്കില്‍ തൃശ്ശൂര്‍ ഡി.ടി.പി.സിയുമായി ബന്ധപ്പെട്ടാല്‍ മതി. ഫോണ്‍: 0487-2320800  

Tags: