കോട്ടക്കുന്നിൽ കാറ്റുവാങ്ങാം

കുങ്കര്‍
Wed, 24-09-2014 12:22:00 PM ;

kottakkunnu

 

'ഓ മലപ്പുറത്ത് എന്നാ കാണാനാ'

പൊതുവേ മലപ്പുറമെന്നു കേൾക്കുമ്പോൾ സാധാരണ കാണുന്നൊരു ഭാവമിതാണ്. എന്നാൽ സത്യത്തിൽ അങ്ങനെയല്ല. ഒരുപാട് ചരിത്ര-സാംസ്കാരിക ഇടങ്ങൾ ചേർന്ന കേരളത്തിന്റെ സ്വന്തം മണ്ണാണത്. അത് അറിയണമെങ്കിൽ അതു വഴി യാത്ര ചെയ്യുക തന്നെ വേണം. ഇവിടെ തത്കാലം മലപ്പുറത്തെ കോട്ടക്കുന്നിനെ പരിചയപ്പെടാം.

 

കേരളത്തിന്റെ തെക്കു നിന്നുള്ള യാത്രക്കാരനാണ് നിങ്ങളെങ്കിൽ തിരൂരിൽ തീവണ്ടിയിറങ്ങി കാറിലോ ബസ്സിലോ മലപ്പുറത്തേക്ക് പോരാം. മലപ്പുറം ടൗണിൽ തന്നെയാണ് കോട്ടക്കുന്ന്. ഇനി സ്വന്തം കാറിലേ സഞ്ചരിക്കൂ എന്നുണ്ടെങ്കിൽ രണ്ടു വഴി പറഞ്ഞുതരാം. ഒന്ന് ഇടപ്പള്ളിയിൽ നിന്ന് ഗുരുവായൂർ പൊന്നാനി തിരൂർ കോട്ടക്കൽ വഴി ഏതാണ്ട് 150 കിലോമീറ്റർ വണ്ടിയോടിച്ചാല്‍ മതി. ഇനിയൊന്ന് ഇടപ്പള്ളി ആലുവ ചാലക്കുടി തൃശ്ശൂർ വടക്കാഞ്ചേരി പട്ടാമ്പി പെരിന്തൽമണ്ണ – കോട്ടക്കുന്ന്. ഇത് 165 കിലോമീറ്റർ കാണും. ആദ്യം പറഞ്ഞ വഴിയാണ് ദൂരം കുറവും നല്ല റോഡും. ഞാനാണെങ്കിൽ ഒരു ഭാഗത്തേക്ക് ഒരു വഴിയിലൂടെ പോയി തിരിച്ച് മറ്റേവഴിക്കു വരും. രണ്ട് വഴി പരിചയപ്പെടാം, മാറുന്ന കാഴ്ചകൾ ആസ്വദിക്കാം എന്നതാണതിന്റെ മെച്ചം.

 

ഇനി കോഴിക്കോടു ഭാഗത്തു നിന്നും വരുന്നവർക്ക് വേണ്ടി വഴി പറഞ്ഞുതരാം. നല്ലളം മീഞ്ചന്ത വഴിയോ ബൈപ്പാസ് വഴിയോ രാമനാട്ടുകരയെത്തുക. നേരെ കൊണ്ടോട്ടി പിടിക്കാം. പിന്നെ വള്ളുമ്പ്രത്തു നിന്ന് വലത്തോട്ട് തിരിഞ്ഞ് പൂക്കോട്ടൂർ മേൽമുറി വഴി കോട്ടക്കുന്നിലെത്താം. ഏതാണ്ട് 50 കിലോമീറ്ററേയുള്ളൂ. കോഴിക്കോട്ടുകാർക്ക് ഒരു വാരാന്ത വിനോദത്തിന് എന്തുകൊണ്ടും പറ്റിയയിടം.

 

ഇനി മലപ്പുറത്തെത്തിയാൽ കോട്ടക്കുന്ന് റോഡ് ആരോട് ചോദിച്ചാലും പറഞ്ഞുതരും. ക്യാ എന്നു ചോദിക്കുന്നുണ്ടെങ്കിൽ അതൊരു ബംഗാളിയായിരിക്കുമെന്നു കരുതി സമാധാനിക്കുക. മറ്റാരോടെങ്കിലും ചോദിക്കുക.

 

കോട്ടക്കുന്നിന്റെ കവാടം കടക്കാൻ പ്രവേശനഫീസ് നൽകണം. വണ്ടിയുണ്ടെങ്കിൽ പാർക്കിങ് ഫീയും. അതെത്രയാണെന്ന് പറയുന്നില്ല. കാരണം, അതിടയ്ക്ക് പരിഷ്കരിക്കാറുണ്ട്. എന്തായാലും വല്യസംഖ്യയൊന്നുമില്ല. വണ്ടി പാർക്ക് ചെയ്തു പുറത്തിറങ്ങിയാൽ വിശാലമായ മെതാനം പോലെ കിടക്കുന്ന കുന്നിൻ മുകളിൽ ഇരിക്കാം, നടക്കാം, കളിക്കാം, നല്ല കാറ്റ് വന്ന് നിങ്ങളെ വീശിക്കൊണ്ടേയിരിക്കും.

 

ഒരു ഹെലിപ്പാഡ് കാണാം. അത് പണ്ട് വാജ്‌പേയി പ്രധാനമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന് ഹെലികോപ്റ്റർ ഇറങ്ങാൻ വേണ്ടി നിർമ്മിച്ചതാണ്. പക്ഷെ, അതിനുള്ളിൽ ഒരു ചരിത്രസ്മാരകം കൂടി കുഴിച്ചിട്ടിട്ടുണ്ടെന്നത് തികച്ചും ഖേദകരമായൊരു സംഗതിയാണ്. രണ്ട് കിണറുകളും കിണറുകളെ ബന്ധിപ്പിച്ചൊരു തുരങ്കവും ഇവിടെയുണ്ടായിരുന്നു. ടിപ്പുവിന്റെ ആയുധശേഖരം സൂക്ഷിച്ച സംവിധാനമായിരുന്നു അത്. സാമൂതിരിയുടെ സാമന്തനായിരുന്ന പാറമ്മൽ നമ്പിയും ടിപ്പുവിനെ മുമ്പേ ഇവിടെ കോട്ടയായി ഉപയോഗിച്ചിരുന്നെന്നും പറയുന്നു. ഒരു ഇടിഞ്ഞു പൊളിഞ്ഞ ക്ഷേത്രവും ഇവിടെയുണ്ടായിരുന്നു. അതും ജെ.സി.ബി കൊണ്ട് വൃത്തിയാക്കിയിട്ടിരിക്കുകയാണ്. ചരിത്രത്തോടുള്ള നമ്മുടെ അനാദരവെന്നല്ലാതെ എന്തു പറയാൻ.

 

തരിശു കുന്നായിരുന്ന കോട്ടക്കുന്നിനെ നമ്മുടെ ടൂറിസം മന്ത്രി അനിൽകുമാർ ഒരു പൂങ്കാവനമാക്കി മാറ്റിയിട്ടുണ്ടിപ്പോൾ. അദ്ദേഹം കുഞ്ഞുനാളുമുതൽ ഓടി കളിച്ചിരുന്നിടമായതുകൊണ്ടാവാം. അതിലദ്ദേഹം പ്രത്യേകം താത്പര്യം തന്നെ കാട്ടിയിട്ടുണ്ട്. കുന്നിന്റെ ഒരു വശം ഇപ്പോൾ പൂങ്കാവനമാണ്. അതിനോട് ചേർന്നൊരു അമ്യൂസ്‌മെന്റ് പാർക്കുമുണ്ട്. വീഗാലാന്റ് പോലെ എന്നൊന്നും തെറ്റിദ്ധരിക്കരുത്. പാവങ്ങളുടെ വീഗാലാന്റ് എന്നു പറയാം. കുട്ടികൾക്കും മുതിർന്നവർക്കും ഒരു ദിവസം ചെലവഴിക്കാൻ വകുപ്പുണ്ട്. ഇനി അടുത്ത മലപ്പുറം വിശേഷം വഴിയേ പറയാം. ഓ.കെ ബൈ.

Tags: