Skip to main content

പെട്ടന്നാണ് ഒരു സുഹൃദ്‌സംഘത്തിൽ നിന്ന് ക്ഷണം കിട്ടിയത്. തങ്ങളോടൊപ്പം ഷിർദ്ദിയിലേക്ക് പോകാൻ ഉദ്ദേശിച്ചിരുന്ന ഒരാൾക്ക് അസൗകര്യം. ആ ഒഴിവുണ്ട്, കൂടുന്നോ എന്ന്‍. അധികം ആലോചിച്ചില്ല, അവരോടൊപ്പം നിന്ന നിൽപ്പിൽ തിരിച്ചു. ഷിർദ്ദിയിലെ ബാബ എന്നെ വളരെ നാൾക്കു മുൻപ് തന്നെ വിളിക്കുന്നുണ്ടായിരുന്നു. തൊണ്ണൂറുകളിൽ മഹർഷി മഹേഷ് യോഗിയുടെ അതീന്ദ്രിയ ധ്യാന (ട്രാൻസെൻഡന്റൽ മെഡിറ്റേഷൻ) ടീച്ചേഴ്‌സ് ട്രെയിനിംഗ് കോഴ്‌സ് ഞാൻ ചെയ്തത് മഹാബലിപുരത്തിനടുത്തുള്ള ഇഞ്ചമ്പാക്കത്തായിരുന്നു. ഷിർദ്ദി സായിബാബയുടെ ഒരു ഭക്തന്റെ വിശാലമായ സ്ഥലമായിരുന്നു അത്. അദ്ദേഹം അവിടെ ഒരു ബാബാ ക്ഷേത്രവും പണികഴിച്ചിരുന്നു. അവിടെ പ്രാർഥനയ്ക്കും ഭജനയ്ക്കും വരുന്നവരുടെ രീതികളും ഞാൻ പഠിക്കുന്ന ധ്യാനരീതിയും എവിടെയോ ഒന്നിക്കുന്നത് എനിക്കന്നേ അനുഭവപ്പെട്ടു. ഭക്തിയുടെ പേരിലാണ് അവിടെ ആൾക്കാർ ഭജനയും പ്രാർഥനയും നടത്തുന്നതെങ്കിലും അവയിൽ ഒരു നിശബ്ദത എനിക്കറിയാൻ കഴിഞ്ഞിരുന്നു. ധ്യാനത്തിലൂടെ പ്രവേശിക്കുന്ന അതേ തലത്തിൽ. അവിടുത്തെ പരിശീലനം കഴിഞ്ഞുള്ള ഒഴിവുവേളകളിൽ ആ ക്ഷേത്രപരിസരത്ത് ചെലവഴിക്കുന്നത് ധ്യാനാനുഭവത്തെ കൂടുതൽ ദീപ്തമാക്കിയിരുന്നു. ത്വമേവ മാതാ ച പിതാ ച ത്വമേവ എന്ന ശ്ലോകം ഇന്ന് ഞാൻ മെഡിറ്റേഷൻ ക്ലാസ്സുകളിൽ പരിശീലിപ്പിക്കാറുണ്ട്. ആ ശ്ലോകമുരുവിടുന്നതിന്റെ ശ്രുതി യഥാർഥത്തിൽ എന്നിലേക്ക് പ്രവേശിച്ചത് അവിടെ നിന്നാണെന്ന് ഇപ്പോൾ എനിക്ക് തിരിച്ചറിയാൻ കഴിയുന്നു.

 

2013 ഡിസംബര്‍ 21-ന് ഞങ്ങൾ ഇവിടെനിന്ന് ട്രെയിനിൽ കൊങ്കൺ വഴി തിരിച്ചു. പിറ്റേന്ന് വൈകുന്നേരമായപ്പോൾ മുംബൈയിലെ കല്യാണിലെത്തി. അവിടെ നിന്ന് വീണ്ടും മൂന്നുമണിക്കൂർ ട്രെയിനിൽ യാത്ര തുടർന്നപ്പോൾ മാൻമാഡിലെത്തി. മാൻമാഡ് എന്ന ഇംഗ്ലീഷിലെ എഴുത്തു കണ്ടപ്പോൾ ചിരിവന്നു. ബാബയുടെ അടുത്തേക്ക് പോകാനിറങ്ങേണ്ട സ്‌റ്റേഷന്റെ പേര് എത്ര അർഥവത്താണ്. നമ്മുടെ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ പോലെ തോന്നിക്കുന്ന, അത്രയും വലിയ സ്‌റ്റേഷൻ. മാൻമാഡിൽ നിന്ന് അറുപത് കിലോമീറ്ററാണ് ഷിർദ്ദിയിലേക്ക്. എന്റെ കൂടെയുള്ളവർ എല്ലാവരും തന്നെ ഭക്തിയിൽ അവിടം സന്ദർശിക്കുന്നവർ. അതിനാൽ അവരുടെ ഭജനയും പ്രാർഥനയും പ്രത്യേക അന്തരീക്ഷം സൃഷ്ടിക്കുകയുണ്ടായി. എന്നിരുന്നാലും ചില തമാശകൾ കേൾക്കുമ്പോഴും കാണുമ്പോഴും എനിക്ക് പൊട്ടിപ്പൊട്ടിച്ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല. കൂടുതൽ പേരും എനിക്ക് പരിചയമില്ലാത്തവർ. അക്കൂട്ടത്തിൽ ചിലർ എനിക്ക് എന്തോ കുഴപ്പമുണ്ടോ എന്ന് സംശയിക്കുന്നതിന്റെ വക്കിൽ വരെ എത്തിയെന്ന് മടക്കയാത്രയിലുള്ള സംഭാഷണത്തിൽ മനസ്സിലായി. എന്തായാലും മടക്കയാത്രയിൽ അവരും എന്നോടൊപ്പം ചിരിയിൽ കൂടിയെന്നുള്ളത് എന്റെ യാത്രയെ മനോഹരമായ അനുഭവമാക്കി. അതിനവരോട് എന്റെ സ്നേഹവും നന്ദിയും. ആലുവാ മണപ്പുറത്ത് ശിവരാത്രിക്കെത്തുന്ന പ്രതീതിയാണ് രാത്രിയിൽ ഷിർദ്ദിയിലെത്തുമ്പോഴുണ്ടാവുക. ജനസഞ്ചയം ഇങ്ങനെ വറ്റാത്ത നദിപോലെ ഒഴുകി കൊണ്ടിരിക്കുന്നു. എന്നാല്‍, അതിന്റെ ബഹളങ്ങളൊന്നുമില്ല.

 

ഷിർദ്ദിയിലെ സായിബാബ എവിടെനിന്നു വന്നു, അദ്ദേഹത്തിന്റെ മാതാപിതാക്കൾ ആര്, അദ്ദേഹം ഏത് മതക്കാരനായിരുന്നു - ആർക്കും ഒന്നും അറിയില്ല. അദ്ദേഹത്തിന്റെ പേരു പോലും. ആദ്യം അവിടെയെത്തിയപ്പോൾ ക്ഷേത്രത്തിലെ പൂജാരി ആവോ സായി എന്ന് അഭിസംബോധന ചെയ്തതിൽ നിന്നാണ് സായി ബാബ എന്ന പേര് വീണത്. ബാബയുടെ സമാധിക്കടുത്ത് അദ്ദേഹം വർഷങ്ങളോളം ധ്യാനത്തിലിരുന്ന ആര്യവേപ്പ് സംരക്ഷിച്ചിട്ടിട്ടുണ്ട്. ആൾക്കാർ ഭക്തികൂടി തൊട്ടും ഇല പിച്ചിയും നശിപ്പിക്കുമെന്നുള്ളതു കൊണ്ടാകാം അതിൽ തൊടാൻ പാടില്ല. ആ രീതിയിലാണ് സംരക്ഷിച്ചിട്ടുള്ളത്. വർഷങ്ങളോളം ആ വേപ്പിന്റെ ഇല മാത്രം ഭക്ഷിച്ചാണ് ബാബ ജിവിച്ചിരുന്നതെന്നും പറയപ്പെടുന്നു. അക്കാലത്ത് അദ്ദേഹത്തെ ആൾക്കാർ കല്ലെറിയാറുണ്ടായിരുന്നത്രെ. അതുകൊണ്ടാവാം ഇന്ന് വെറുമൊരു മാല ചാർത്തലും റോസാപ്പൂവിടലും മാത്രമേ അവിടെ ബാബാ സമാധിയിൽ ചടങ്ങുകളായുള്ളു. കല്യാണിലേയും മാൻമാഡിലേയും ബഹളത്തിന്റെ ആരവം കേട്ട് ഷിർദ്ദിയിലെത്തുമ്പോൾ നമുക്കനുഭവപ്പെടുക നിശബ്ദതയുടെ ആഴം തന്നെ. മനുഷ്യരോടൊപ്പം ഏതാണ്ട് അത്രയ്ക്കുതന്നെ എണ്ണാവുന്ന വിധം നായ്ക്കളും അവിടുത്തെ അനുഭവമാണ്. ആൾക്കാരെ ഉപദ്രവിക്കാതെ തങ്ങളുടേതുമാണിവിടമെന്ന നിലയിലാണ് നായ്ക്കളുടെ അവിടുത്തെ നില. അവര്‍ക്കും ഭക്ഷണത്തിന് ക്ഷാമമില്ല. മുറുമുറുപ്പോ കുരയോ ഒന്നുമില്ല. നായപ്പേടിയുള്ള ആരെങ്കിലുമവിടെയെത്തിയാൽ അത് മാറുമെന്നുള്ളത് ഉറപ്പാണ്. ബാബയുടെ പ്രിയ തോഴരായിരുന്നു ഈ നായ്ക്കളും. ഒന്നിനേയും ഉപദ്രവിക്കരുതെന്നുള്ള ബാബയുടെ ഉത്‌ബോധന സ്വാധീനം അത് നമ്മെ ഓര്‍മ്മിപ്പിക്കുന്നു. തേളിനെ കണ്ടാൽ പോലും അതിനെ കൊല്ലാൻ പാടില്ല. വേണമെങ്കിൽ ഓടിച്ചുവിടുക. ബാബ അവിടെ ധ്യാനാവസ്ഥയിൽ തുടർന്നിരുന്ന സമയത്ത് ഇടിഞ്ഞു പൊളിഞ്ഞ ഒരു മുസ്ലീം പള്ളിയിലായിരുന്നു താമസം. ആ പള്ളിയുടെ സ്മരണ പോകാത്ത വിധം അവിടവും സംരക്ഷിച്ചിട്ടുണ്ട്. ബാബയുടെ സന്തത സഹചാരിയും ശിഷ്യനുമായിരുന്ന അബ്ദുഹാജിയുടെ സമാധിയും ബാബാ സമാധിക്ക് അധികം ദൂരെയല്ലാതെയുണ്ട്.

 

നാമരൂപങ്ങളുള്ള മുപ്പത്തിമുക്കോടി ദൈവങ്ങളും വസ്തുലോകത്തെ വൈവിദ്ധ്യങ്ങൾ. ആത്യന്തികമായി അവയെല്ലാം ഒന്നിന്റെ ബാഹ്യരൂപം. അതുതന്നെയാണ് ബാബ സമാധിയിലെ ആരതിയിലൂടെ വെളിവാക്കുന്നത്. അപ്പോൾ ബാബയുടെ ഊരും പേരും എന്തിനറിയണം. എവിടെനിന്നു വന്നുവെന്നറിയാൻ ആരതി ശ്രദ്ധിക്കുന്നവർക്ക് അറിയാൻ കഴിയും. അവിടെ നിന്നുതന്നെയാണ് നാമും വരുന്നത് എന്ന് ആരതി ഓർമ്മിപ്പിക്കുന്നു. അതു മനസ്സിലാകാതെ വരുമ്പോൾ മനുഷ്യൻ ഷിർദ്ദിയിലേക്കുള്ള അവസാനത്തെ റെയിൽവേ സ്‌റ്റേഷന്റെ അവസ്ഥയിലെത്തുന്നു. ആരതി ശ്രദ്ധിച്ചപ്പോൾ എനിക്ക് അനുഭവപ്പെട്ടത് ധ്യാനാനുഭവം തന്നെയായിരുന്നു. സ്വയം ഉള്ളിലേക്ക് ദീപം തെളിച്ച് ഇരുട്ടറകൾ കാണുക എന്നതുതന്നെയാണ് ആരതിയിലൂടെ പറയുന്നത്. അതുപോലെ അവിടെ നമ്മുടെ ഹോമത്തെ അനുസ്മരിപ്പിക്കുന്ന അഗ്നിസാന്നിദ്ധ്യമുണ്ട്. അവയിൽ നമ്മുടെ ആവശ്യമില്ലാത്തവ സമർപ്പിച്ചിട്ട് അതിന്റെ ഭസ്മം ചാർത്താം. എന്തൊരു ഉദാത്തമായ ചടങ്ങ്. ആത്മാർഥമായി അതു നിർവഹിക്കുകയാണെങ്കിൽ ഒന്നുമറിയാത്ത ഭക്തനു പോലും അറിവിൽനിന്നു ലഭ്യമാകുന്ന സുഖം അനുഭവിക്കാൻ കഴിയും. അവിടെ ഭക്തിയുടെ ശാസ്ത്രീയതയും അതിനെ അനാചാരത്തിന്റേയോ അത്യാചാരത്തിന്റേയോ പാതയിലേക്ക് അധികം വഴുതിവീഴാതെ ബാബ ശ്രദ്ധിച്ചതിന്റെ മുദ്ര കാണാം. വഴി ഏതുമാകട്ടെ എത്തിച്ചേരേണ്ടയിടം ഒന്നുതന്നെ. അതായിരുന്നു ബാബയുടെ സന്ദേശം. ഷിർദ്ദിയിൽ അവശേഷിക്കുന്നതും അതു തന്നെ. രാമായണവും ഖുറാനും ഒരുപോലെ ബാബ കേൾക്കുമായിരുന്നു. രണ്ടും ബാബയ്ക്ക് ഒരേ അനുഭവമായിരുന്നു.

 

shirdi temple

 

ജീവജാലങ്ങളോടും പ്രകൃതിയോടും എങ്ങിനെ മനുഷ്യൻ ഇടപഴകണമെന്നും ഇടപെടണമെന്നും ഷിർദ്ദിയിലെ ബാബ ഓർമ്മിപ്പിക്കുന്നു. അമ്പതിനായിരം പേർക്കിരിക്കാവുന്ന പ്രസാദാലയമാണ് അവിടുത്തെ ഊട്ടുപുര. ആരും വിശന്നിരിക്കരുതെന്ന് ബാബയ്ക്കുണ്ടായിരുന്നു. അന്നദാനമാണെങ്കിലും ചെറിയ ഒരു തുക ഈടാക്കിക്കൊണ്ടാണ് അവിടെ 24 മണിക്കൂറുമുള്ള ഭക്ഷണവിതരണം. ചായയ്ക്ക് ഒരു രൂപ. പ്രാതലിന് നാലു രൂപ. ഉച്ചഭക്ഷണത്തിന് പത്തുരൂപ. വിശപ്പിനനുസരിച്ച് കഴിക്കാം. നിയന്ത്രണമൊന്നുമില്ല. ബയോഗ്യാസും സോളാർ ഊർജ്ജവുമൊക്കെ ഉപയോഗിച്ചാണ് അവിടുത്തെ വേസ്റ്റുപരിവർത്തനവും ഊർജ്ജാവശ്യ നിറവേറ്റലുമൊക്കെ. പ്ലാസ്റ്റിക് കൊണ്ടുവരരുതെന്നുള്ള ഉപദേശം വരുന്നവർക്ക് പാലിക്കാൻ കഴിയുന്നില്ല. എന്നാൽ അത് നിരോധിക്കാൻ കാർക്കശ്യത്തോടെയുള്ള നടപടികൾ കാണുന്നില്ല. ബാബയുടെ സ്നേഹസന്നിധിയിൽ കാർക്കശ്യത്തിന് സ്ഥാനമില്ലാത്തതുകൊണ്ടാകാം അതിന് അധികൃതർ മുതിരാത്തത്. നൂറ്റിമുപ്പതു രൂപ കൊടുത്താൽ മൂന്നുപേർക്ക് അവശ്യസൗകര്യങ്ങളോടെ താമസിക്കാൻ സൗകര്യമുള്ള വൃത്തിയുള്ള മുറികൾ. രണ്ടു ദിവസത്തെ ഷിർദ്ദി അനുഭവം കഴിഞ്ഞു തിരിച്ചെത്തിയപ്പോൾ എന്റെ മനസ്സിൽ അതുവരെയുണ്ടായിരുന്ന ഷിർദ്ദിയിലെ ബാബയുടെ ചിത്രത്തിനു പകരം ഒരു സാന്നിദ്ധ്യാനുഭവം. ചിത്രമേ ഇല്ല. ആ അനുഭവമാകട്ടെ ധ്യാനാവസ്ഥയുടെ അതീന്ദ്രിയ തലത്തിലേക്കു പ്രവേശിക്കുമ്പോഴുള്ള അനുഭൂതി തന്നെ. മടക്കയാത്രയ്ക്കായി വീണ്ടും മാൻമാഡിലെത്തിയപ്പോൾ പോയപ്പോഴുണ്ടായതിനേക്കാൾ തുറന്നു ചിരിക്കാൻ കഴിഞ്ഞു. എന്നിട്ട് ആരുടേയും മുഖത്തു നോക്കി ആ സ്‌റ്റേഷന്റെ നാമാർഥം തേടാൻ നോക്കാതിരുന്നത് ബാബയുടെ അനുഗ്രഹം.

 

മഹർഷി മഹേഷ് യോഗിയുടെ അതീന്ദ്രിയ ധ്യാനം അഥവാ ട്രാൻസെൻഡന്റൽ മെഡിറ്റേഷന്‍ യോഗാധ്യാപകനും വ്യക്തിത്വവികസന പരിശീലകനുമാണ് ഷിബു വിശ്വനാഥൻ. ഷിബു രൂപപ്പെടുത്തിയ  മടികളയൽ പരിപാടി  സംസ്ഥാനത്തുടനീളം വളരെ പ്രചാരം നേടിയ ഒരു പദ്ധതിയാണ്. എറണാകുളം കേന്ദ്രമാക്കിയാണ് പ്രവർത്തനം. മൊബൈൽ നമ്പർ - 9846231776